ഉദേഷ് ഉണ്ണികൃഷ്ണൻ
ഈ ലോകത്തെക്കുറിച്ച് തനിക്കറിയാത്തതായി യാതൊന്നുമില്ല എന്ന മൂഢ ധാരണയാണ് മനുഷ്യകുലത്തിന്റെ എറ്റവും വലിയ ബലഹീനതകളിൽ ഒന്നെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. എന്നാൽ, മനുഷ്യന് മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമുഖത്തില്ലേ? !! ദൈവം , പ്രേതം, പിശാചുക്കൾ, മരണം, എന്നിവ അതിൽ ചിലത് മാത്രം. ആ കൂട്ടത്തിൽ ചേർക്കുവാൻ സാധിക്കുന്ന ഒന്നാണ് ഹിമാലയവും. നിഗൂഢമായ ഹിമാലയൻ മലനിരകളിലെ കുറിച്ച് പൂർണമായും അന്വേഷിച്ച് കണ്ടെത്തുവാൻ ഇന്നേവരെ മനുഷ്യന് സാധിച്ചിട്ടില്ല എന്നത് തർക്കമില്ലാത്ത വിഷയമാണ്. വർഷങ്ങളോളം ഇന്ത്യ ഭരിച്ച വെള്ളക്കാർക്കോ, ഭാരതത്തെ കാൽക്കീഴിലാക്കുവാൻ അഹോരാത്രം പരിശ്രമിക്കുന്ന ചൈനക്കാർക്കൊ അതിന് സാധിച്ചിട്ടില്ല.
എന്തിന്, ഒരുപരിധിവരെ ഭാരത സമാജത്തിന് പോലും ഹിമാലയത്തെ പൂർണമായി അറിയുവാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. ആ പുണ്യ പുരാതന ഭൂമിയെ മനസ്സിലാക്കിയവർ ആകട്ടെ വളരെ വിരളവുമാണ്. അനുഭവസ്ഥരുടെ അത്തരം വെളുപ്പെടുത്തലുകൾ പലപ്പോഴും നമ്മൾ വിശ്വാസത്തിലെടുക്കാറുമില്ല. മഞ്ഞിൻ സാമ്രാജ്യത്തിന്റെ 50 ശതമാനത്തിൽ അധികം ഭൂഭാഗവും ഇന്നേവരെ ആർക്കും എത്തിപ്പെടാൻ സാധിക്കാതെ നിഗൂഢമായി നില കൊള്ളുന്നു എന്ന് എത്ര പേർക്കറിയാം? ആർക്കും എത്തിപ്പെടാൻ സാധിച്ചിട്ടില്ല എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല! എത്തിപ്പെട്ടവരും, അവിടെ സ്ഥിര താമസമാക്കിയവരും ഉണ്ട്. പക്ഷെ, അത്തരത്തിലുള്ളവരുമായൊരു സമാഗമത്തിന് സാധാരണ മനുഷ്യർക്ക് പലപ്പോഴും അവസരം കൈ വരാറില്ല എന്ന് മാത്രം.
അപ്പറഞ്ഞ മേഖലകളിലെല്ലാം എന്തെല്ലാം രഹസ്യങ്ങളും, പോരുളുകളും ഒളിഞ്ഞ് കിടപ്പുണ്ടാവും! നമ്മുടെ യുക്തിക്കതീതമായി നിലകൊള്ളുന്ന എന്തെല്ലാം ഉണ്മകൾ ഉണ്ടാവും! ഗുപ്തമായ എത്രയെത്ര അസ്തിത്വങ്ങൾ. എത്രയെത്ര കഥകൾ !!
ഈ കുറിപ്പ് അത്തരത്തിലുള്ള ഒന്നാണ്.
ഞാൻ നടത്തിയ ഹിമാലയൻ യാത്രയിലെ ചില നിഗൂഢ സംഭവങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. എൻറെ ഓരോ ഹിമാലയൻ പര്യടനങ്ങളും പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. അത്തരം യാത്രകളില്ലെല്ലാം അഭിമുഖീകരിച്ച സംഭവ പരമ്പരകളെ കോർത്തിണക്കി മുൻപും ഞാൻ കുറിപ്പുകൾ എഴുതിയിട്ടുണ്ടല്ലൊ. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ചില സാഹചര്യങ്ങളിൽ കൂടിയാണ് എനിക്ക് ഇത്തവണ കടന്നു പോവേണ്ടി വന്നത്. ഒരുപക്ഷേ മുൻപത്തേ ഹിമാലയൻ അനുഭവങ്ങളിൽ നിന്നും വിഭിന്നമായി കൂടുതൽ ഭയാശങ്കയിലാഴ്ത്തുന്ന ഒന്നിലേറെ അനുഭവങ്ങൾ. ഇത്തവണ എന്റേതൊരു ആസൂത്രിത യാത്ര പദ്ധതി ആയിരുന്നില്ല. അത് കൊണ്ട്, പ്രത്യേകിച്ച് മാർഗരേഖകളൊന്നും മനസ്സിൽ സൂക്ഷിക്കാതെയാണ് പ്രയാണമാരംഭിച്ചത്.
ഞാൻ സന്ദർശിക്കുവാൻ ആഗ്രഹിച്ച ഒന്ന് രണ്ട് സ്ഥലങ്ങൾ, ദേവപ്രയാഗിലെ ത്രിവേണി സംഗമവും, പഞ്ചകേദാര ക്ഷേത്രങ്ങളിലൊന്നായ കൽപ്പേശ്വർ മഹാദേവ ഗുഹാ ക്ഷേത്രവും, പിന്നെ സപ്ത ബദ്രികളിൽ ഒന്നായ ധ്യാൻബദ്രി ക്ഷേത്രവുമായിരുന്നു. അഗമ്യമായ ഹിമാലയൻ മലമടക്കുകളിലെവിടെയോ സ്ഥിതിചെയ്യുന്ന രണ്ട് ക്ഷേത്രങ്ങളാണ് കൽപ്പശ്വറും, ധ്യാൻ ബദ്രിയും. മലകളും, കാടുകളും, പുഴകളും, മഞ്ഞുറഞ്ഞ് കിടക്കുന്ന താഴ്വരകളും താണ്ടി വേണം അവിടെയെത്താൻ എന്ന് മാത്രമറിയാം. ബാക്കിയെല്ലാം ഈശ്വരന്മാർക്ക് വിട്ട് കൊടുക്കുകയായിരുന്നു. ഡിസംബർ 25 നാണ് ഡൽഹിയിലേക്കുള്ള വണ്ടി ഞാൻ കയറുന്നത്. 26 ന് ദില്ലിയിലെ ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങുമ്പോൾ സമയം രാത്രി പതിനൊന്നായിരുന്നു. അവിടെ വെച്ചാണ് എന്നെ അത്ഭുതപെടുത്തിയ യാത്രയിലെ എന്റെ ആദ്യ അനുഭവം ഉണ്ടാവുന്നത്.
ഹസ്രത് നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നും രാത്രി 12 ന് പുറപ്പെടുന്ന ഹരിദ്വാറിലേക്കുള്ള ട്രെയിനിൽ അവസാന നിമിഷം വരെ എന്റെ റിസർവെഷൻ സ്റ്റാറ്റസ് വെയ്റ്റിംഗ് ലിസ്റ് 120 എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വണ്ടി പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുൻപാണ് യാത്രക്കാരുടെ അവസാന ചാർട്ട് റെയിൽവേ പുറത്ത് വിടുന്നതെങ്കിലും, അതിലും എന്റെ സ്റ്റാറ്റസ് ᴡʟ120 എന്ന് തന്നെ കാണിച്ചു. 11 മണിക്ക് ദില്ലിയിൽ വന്നിറങ്ങുമ്പോഴും എന്റെ സ്റ്റാറ്റസിന് ഒരു മാറ്റവും ഇല്ല. ആ ട്രെയിനിൽ ഇനി എനിക്ക് സ്ഥാനമില്ലായെന്ന് എനിക്ക് എറെ കുറേ ബോധ്യമായിരുന്നു. അതോടെ എന്റെ എല്ലാ പദ്ധതികളും തകിടം മറിയുമെന്ന് എനിക്ക് തോന്നി.
ഇനി പുലരുന്നത് വരെ റെയിൽവേ സ്റ്റേഷനിൽ കഴിച്ച് കൂട്ടി അടുത്ത ദിവസം ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ തനി നാടൻ ശകടത്തിൽ മണിക്കൂറുകൾ യാത്ര ചെയ്യേത് വേണം ഹരിദ്വാറിലെത്താൻ. അതിൽ തന്നെ എന്റെ ഒരു ദിവസം മൊത്തം പോയി കിട്ടും.
അങ്ങനെ ഓരോന്നാലോചിച്ച് തല പുകഞ്ഞിരിക്കുമ്പോഴാണ് എന്റെ മൊബൈൽ നമ്പറിലേക്കൊരു മെസ്സേജ് വരുന്നത്.
‘ᴩɴʀ ɴᴜᴍʙᴇʀ xxxxxxxx. yᴏᴜʀ ʙɪʀᴛʜ ʙ2 79 ꜰᴏʀ ᴛʀᴀɪɴ ɴᴜᴍʙᴇʀ xxxxx ɪꜱ ɴᴏᴡ ᴄᴏɴꜰɪʀᴍᴇᴅ ᴀɴᴅ yᴏᴜʀ ᴊᴏᴜʀɴᴇy ɪꜱ ᴜᴩɢʀᴀᴅᴇᴅ ᴛᴏ ꜰɪʀꜱᴛ ᴀᴄ. ɪɴᴅɪᴀɴ ʀᴀɪʟᴡᴀy ᴡɪꜱʜᴇꜱ yᴏᴜ ᴀ ʜᴀᴩᴩy ᴊᴏᴜʀɴᴇy’
എന്റെ ടിക്കറ്റ് കൺഫേം ആയെന്നും 3ʀᴅ ᴀᴄ യുടെ ടിക്കറ്റ് വെച്ച് എനിക്ക് ഹരിദ്വാർ വരെ ꜰɪʀꜱᴛ ᴀᴄ യിൽ യാത്ര ചെയ്യാമെന്നുമായിരുന്നു ആ സന്ദേശം. ഞാനത് ഊട്ടി ഉറപ്പിക്കുവാൻ റെയിൽവേ ഇൻഫർമേഷൻ സെന്ററിൽ അന്വേഷിച്ചപ്പൊൾ സംഗതി ശെരിയാണ്. ചാർട്ട് പ്രിപ്പയർ ചെയ്തതിന് ശേഷം അങ്ങനെ സംഭവിക്കാൻ ഒരു സാധ്യതയുമില്ലായെന്ന് ആന്ന് റെയിൽവേ ഉദ്യോഗസ്ഥാനും സാക്ഷ്യപ്പെടുത്തിയത് ഞാനോർക്കുന്നു. അത് മാത്രമല്ല, ꜰɪʀꜱᴛ ᴀᴄ യിലെ കൂപ്പേയിൽ ഞാനല്ലാതെ മാറ്റാരും ഉണ്ടായില്ലായെന്നതും എന്നെ ഞെട്ടിച്ച് കളഞ്ഞു. അങ്ങനെ ഹരിദ്വാർ വരെ രാജകീയമായൊരു യാത്രക്ക് ഈശ്വരൻ എനിക്ക് അവസരമൊരുക്കി തന്നു.
27 ന് പുലർച്ചെ ഞാൻ ഹിമാലയത്തിൻറെ കവാടമായ ഹരിദ്വാറിൽ വന്നിറങ്ങി.
അച്ഛൻറെ പിതൃകർമ്മങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു എൻറെ ആദ്യ ലക്ഷ്യം. ആയതിനാൽ, ഹരിദ്വാറിൽ നിന്നും 75 കിലോമീറ്റർ അകലെയുള്ള ദേവപ്രയാഗിലേക്കാണ് ഞാൻ നേരെ പോയത്. വെളുപ്പിന് ആറ് മണിക്ക് ഹരിദ്വാറിൽ നിന്നും പുറപ്പെട്ട് ഹിമാവാനെ ഒരു നൂറ് തവണയെങ്കിലും വലം വെച്ച് റോഡ് മാർഗ്ഗം രണ്ടരമണിക്കൂർ കൊണ്ട് ഞാൻ ദേവപ്രയാഗിലെത്തി.
ശ്രീരാമൻ തന്റെ പിതാവ് ദശരഥന്റെ പിതൃ കർമ്മങ്ങൾ പൂർത്തിയാക്കിയ പുണ്യ ഭൂമി. രാവണ നിഗ്രഹ നിമിത്തം തനിക്കേൽക്കേണ്ടി വന്ന ബ്രംഹഹത്യാ പാപം കഴുകി കളഞ്ഞ ഇടം. എല്ലാം കൊണ്ടും പരിപൂതമായ പ്രദേശം.
ചെറിയൊരു പട്ടണമാണ് ദേവപ്രയാഗ്. താമസത്തിന് അധികം വ്യവസ്ഥകളൊന്നും ഇല്ലാത്ത ഒരിടം. നല്ലൊരു ഹോട്ടൽ മുറി കണ്ടെത്താൻ എനിക്കേറെ പ്രയാസപ്പെടേണ്ടി വന്നെങ്കിലും കുറഞ്ഞ വിലയിൽ മുറി ഒത്ത് കിട്ടി. ഉച്ചയോടെ അച്ഛന് വേണ്ട പിതൃ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി ഞാൻ എന്റെ ഹോട്ടൽ മുറിയിലേക്ക് മടങ്ങിയിരുന്നു.
വഴിയിൽ കണ്ട ചെറിയൊരു ഡാബയിൽ നിന്നും നല്ല ആവി പറക്കുന്ന പച്ചരി ചോറും പരിപ്പ് കറിയും കഴിച്ചു. തുടർന്ന് മുറിയിൽ തിരിച്ചേത്തി നന്നായൊന്ന് മയങ്ങി. കണ്ണുതുറന്നപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു. എഴുന്നേറ്റ് ഒന്ന് കുളിച്ച് ത്രിവേണി സംഗമത്തിന് സമീപത്തുള്ള രഘുനാഥ് ക്ഷേത്രത്തിൽ പോകുവാനൊരുങ്ങി. മുറിയിൽ നിന്നും പുറത്ത് കടന്നപ്പോൾ കണ്ടത് ചുറ്റിലും ഇരുട്ട് പരന്നിരിക്കുന്ന കാഴ്ചയാണ്. വാച്ചിൽ നോക്കിയപ്പോൾ സമയം
5 : 45 ᴩᴍ. വാച്ച് പണി മുടക്കിയില്ലായെന്ന് ഉറപ്പ് വരുത്താൻ മൊബൈലിലും സമയം നോക്കി. അതേ 5:45 തന്നെ. ഇരുട്ട് വീണ് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ. ഹോട്ടലിന് തൊട്ട് താഴെയായ് ഗംഗ കുത്തിയോഴുന്ന ആരവം കേൾക്കാം. ഇനിയിപ്പോ ക്ഷേത്രത്തിലേക്ക് എങ്ങനെ പോകും എന്ന ചിന്ത എന്നെ അലട്ടി. ഹോട്ടലിൽ നിന്നും 25 മിനിറ്റിൽ കൂടുതൽ നടക്കണം ക്ഷേത്രത്തിലേക്ക്. പുറത്ത് അസാമാന്യ തണുപ്പാണ് അനുഭവപ്പെട്ടത്. റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ ക്ഷേത്രം രാത്രി 8:00 വരെ തുറന്നിരിക്കും എന്നറിയുവാൻ കഴിഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ഏറെ സമാധാനമായി. ഇത്രേടം വരെ വന്നിട്ട് ഭഗവാനെ തൊഴാതെ പോയാൽ അതെന്നെ വല്ലാതെ വിഷമിപ്പിക്കും
അതു കൊണ്ട് പെട്ടെന്നൊരു കപ്പ് കാപ്പി വലിച്ച് കുടിച്ച് ഞാൻ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ഞാൻ നടത്തം ആരംഭിച്ചതെ ഉണ്ടായിരുന്നുള്ളൂ, അപ്പോഴാണ് പുറകിൽ നിന്നൊരു വിളി വന്നത്,
‘അരെ.. ഭായ് സാബ് !’
തിരിഞ്ഞു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനാണ്.
‘സാർ, എങ്ങോട്ട് പോകുന്നു?’
‘രഘുനാഥ ക്ഷേത്രത്തിലേക്ക്. നിങ്ങൾ ആരാണ്?’ ഞാൻ ചോദിച്ചു
‘നിങ്ങൾ താമസിക്കുന്ന ഹോട്ടലിലെ കിച്ചൺ തൊഴിലാളിയാണ്. കാലത്ത് സാറിനെ ഹോട്ടലിൽ വെച്ച് കണ്ടിരുന്നു ഞാൻ. ഈ അസമയത്ത് അപരിചിതമായ സ്ഥലത്ത് ഒറ്റക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. ഞാൻ വേണമെങ്കിൽ ഒരു വണ്ടി ഏർപ്പാടാക്കി തരാം.’ അയാൾ പറഞ്ഞു.
അവന് വേണ്ടപെട്ട ഏതോ ഒരു വണ്ടികാരന് കച്ചവടം ഉണ്ടാക്കി കൊടുക്കുവാനുള്ള തത്രപാടാണ്.
താനിപ്പോ അങ്ങനെ എന്റെ പൈസ കൊണ്ട് പോയി തിന്നണ്ടാ ! ഞാൻ മനസ്സിൽ പിറുപിറുത്തു.
‘വണ്ടിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 25 മിനിറ്റ് ദൂരമല്ലെയുള്ളൂ. ഞാൻ നടന്നു പോയി കൊള്ളാം. നന്ദി !’
ഞാൻ പറഞ്ഞൂ.
ചെറുപ്പക്കാരൻ വിടുന്ന ലക്ഷണമില്ല.
‘സാർ, തിരിച്ചുവരുമ്പോൾ നേരം ഒരുപാട് വൈകില്ലേ?’
അത് സാരമില്ലായെന്നും. ഞാൻ ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണെന്നുമൊക്കെ പറഞ്ഞ് ഞാൻ പതുക്കെ തടിയൂരി.
‘ടീക് ഹെ ജി. ജൈസി ആപ്കി മർസി”
എന്നും പറഞ്ഞ്, അവൻ എൻറെ കൂടെ എന്നോടൊപ്പം നടത്തമാരംഭിച്ചു.
ഞാനവനെ തറപ്പിച്ചൊന്ന് നോക്കി.
‘സാർ പരിഭ്രമിക്കേണ്ട. കുറച്ചു ദൂരം ഞാനും അങ്ങയോടൊപ്പം വരാം. എൻറെ വീട് ഇവിടെ അടുത്താണ്. ഇന്നത്തെ എന്റെ ഡ്യൂട്ടി കഴിഞ്ഞു. ഞാനിനി വീട്ടിലേക്ക് മടങ്ങുകയാണ്.’
വിജനമായ വഴികൾ. എല്ലാവരും കൂടണഞ്ഞിരിക്കുന്നു. വല്ലപ്പോഴുമൊരിക്കൽ മാത്രം കടന്ന് പോവുന്ന ചെറു വണ്ടികൾ.
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നടക്കുന്നതിനിടയിൽ വിജനതയിൽ നിന്ന് പെട്ടെന്നൊരു ശബ്ദം ചെവി തുളച്ച് ഞങ്ങളുടെ ചുറ്റിലും മുഴങ്ങി ( ആരോ ഉച്ചത്തിൽ ഓരിയിടുന്നത് പോലെ ഒന്ന്). അത് കേട്ടതും ഞാൻ ശെരിക്കുമൊന്ന് ഞെട്ടി. എങ്കിലും, ഭയം ഞാൻ പുറത്ത് കാണിച്ചില്ല.
പെട്ടെന്ന്, യുവാവ് എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു.
‘സാർ, അത് കേട്ടോ? അതെന്താണെന്ന് സാറിനറിയാമോ?’
‘ഇല്ല. എന്താണത് ?’ ഞാൻ ചോദിച്ചു.
‘സർ. അത് മലയുടെ കേഴലാണ്. എന്തോ ഒരു ആപത്ത് സംജാതമാകുവാൻ പോകുന്നതിന്റെ സൂചന പ്രകൃതി തന്നെ തരുന്നതാണത്. മലയിൽ ഇങ്ങനെയാണ്. ഞങ്ങൾ പഹാടി നിവാസികൾക്ക് അത് പെട്ടെന്ന് തിരിച്ചറിയുവാൻ പറ്റും.’
‘അപകടമോ? എന്തപകടം?’ ഇത്തവണ തെല്ലോരു പരിഭ്രമാതത്തോടെ ഞാൻ ചോദിച്ചു.
‘അതെനിക്ക് വ്യക്തമായി പറയുവാൻ കഴിയില്ലായെങ്കിലും, നിശ്ചയമായും ആ കേട്ടതൊരു ദു: സൂചനയാണെന്ന് എനിക്ക് പറയുവാനാകും. എന്റെ അഭിപ്രായത്തിൽ സർ ഹോട്ടലിലേക്ക് തിരിച്ച് പോവുന്നതാണ് ഉചിതമെന്ന് തോന്നുന്നു.’
‘താങ്കളെന്താണ് ഉദേശിക്കുന്നത്? വ്യക്തമായി പറയു.’
‘സാർ, അത് പിന്നെ…’
‘പറയു, ആശങ്ക പെടാതെ പറഞ്ഞു കൊള്ളു.’
‘സാർ, ആത്മാർത്ഥമായും ഞാനീ പറയുവാൻ പോകുന്ന കാര്യം സാറിനെ ഭയപ്പെടുത്തുവാൻ ഉദേശിച്ച് കൊണ്ടല്ല. പക്ഷെ, പറയാതിരിക്കുവാൻ എന്റെ മനസ്സ് അനുവദിക്കുന്നുമില്ല.’
‘എന്ത് തന്നെയായാലും താങ്കൾ പറഞ്ഞോളൂ.’ ഞാൻ ചെറുപ്പക്കാരന് പ്രചോദനമേകി.
അയാൾ പറഞ്ഞു തുടങ്ങി.
താഴ്വരയുടെ മധ്യത്തിൽ, വലത് കോണിൽ കൂടിച്ചേരുന്ന രണ്ട് നദികളിൽ നിന്നാണ് ഈ ചെറിയ പട്ടണത്തിന് ‘ദേവപ്രയാഗ് ‘എന്ന പേര് ലഭിച്ചത്. പ്രയാഗ് എന്നാൽ സംഗമം. ഗംഗോത്രിയിൽ നിന്നും ഒഴുകിയെത്തുന്ന ഭാഗീരഥി, കേദാർനാഥിൽ നിന്നും വരുന്ന അളകനന്ദയിൽ ലയിച്ച് ഗംഗയായ് പരിണമിക്കുന്നയിടം. രണ്ട് ദൈവീകമായ നദികളുടെ സംഗമ സ്ഥാനം. ശൈത്യ കാലങ്ങളിൽ പ്രഭാതത്തിലെ മൂടൽമഞിന്റെ ആലസ്യം ഉച്ചവരെ നീണ്ടുനിൽക്കും. വേനൽ കാലങ്ങളിലെ എത്ര സുഖകരമായ ദിവസങ്ങളിൽ പോലും നഗരത്തിന് എന്തെന്നില്ലാത്തൊരു ശാന്തതയാണ്.
എന്നാൽ രാത്രിയിലാണ് ഈ പ്രദേശത്തിന്റെ അമാനുഷിക വശം സ്വയം വെളിപ്പെടുന്നത്.
പട്ടണത്തിന്റെ അരികിൽ പ്രധാന പാതക്ക് സമീപം സ്ഥിതിചെയ്യുന്ന അതി പുരാതനമായൊരു കൽ ക്ഷേത്രമുണ്ട്. ഏതാണ്ട് ഇടിഞ് പൊളിഞ്ഞ അവസ്ഥയിലാണതിപ്പോൾ. അതിന് ചുറ്റിലും ചാഞ്ഞ് കിടക്കുന്ന ദേവദാരു വൃക്ഷങ്ങൾക്കിടയിൽ നിന്നും ഈ ലോകത്തിന് അന്യമായ ഒരു അമാനുഷികമ സത്വം രാത്രിയുടെ യാമങ്ങളിൽ ഇരുട്ടിന്റെ മറ നീക്കി പുറത്ത് കടക്കുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് നടന്നൊരു സംഭവമാണ്.
ഒരു ദിവസം രാതിയിൽ രണ്ട് യുവാക്കൾ ആ വഴിയിലൂടെ വാഹനമോടിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രശാന്ത സുന്ദരമായൊരു നിലാവുള്ള രാത്രിയായിരുന്നു അത്. ചാരു ചന്ദ്രൻ, താഴ്വരയെയാകെ മഞ്ഞാട ചാർത്തിയിരുന്നു.
അവരുടെ കാർ ആ പുരാതന ക്ഷേത്രം കടന്ന് ഒരു കോണിലേക്ക് തിരിഞ്ഞതും, ദേവദാരു വനത്തിനുള്ളിൽ നിന്നും ഒരു നിഴൽ അവരുടെ പുറകിലൂടെ വന്ന് അവരുടെ മുന്നിലുള്ള റോഡിലേക്ക് എടുത്ത് ചാടി. പാതക്ക് കുറുകെ നിൽക്കുന്ന അതിൽ നിന്നും വണ്ടി വെട്ടിച്ച് മാറ്റുവാൻ
ശ്രമിക്കുന്നതിനിടെ, വണ്ടി നിയന്ത്രണം വിട്ട് ഇടുങ്ങിയ റോഡിന്റെ വശത്തേക്ക് പാളി പോയി.
തങ്ങൾ എന്ത് വസ്തുവിലാണ് ഇടിച്ചതെന്നറിയാൻ പുറകോട്ട് തിരിഞ്ഞു നോക്കിയ അവർ കണ്ടത് ഒരു പശുവിനോളം വലുപ്പത്തിൽ നിൽക്കുന്ന ഒരു മൃഗത്തെയാണ്. കാറിന്റെ റിയർ ബമ്പർ ലൈറ്റിന്റെ മങ്ങിയ പ്രകാശത്തിൽ അവർ ആ ജന്തുവിന്റെ രൂപം ഏറെ കുറേ മനസ്സിലാക്കിയിരുന്നു. അതൊരു നായയായിരുന്നു. പൂർണ വളർച്ചയെത്തിയ ഒരു പശുവിനോളം വലുപ്പമുള്ളൊരു നായ !!!
അതിന്റെ ശരീരമാകെ കറുത്ത രോമങ്ങൾ കൊണ്ട് പൊതിഞ്ഞിരുന്നു. തന്റെ കൂർത്ത മഞ്ഞ പല്ലുകൾ കാണിച്ച് അത് അവരേ നോക്കി മുരണ്ടു. മൃഗത്തിന്റെ കണ്ണുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു. നരകത്തിലെ അഗ്നിജ്വാലകളെ അനുസ്മരിപ്പിക്കും വിധം ഒരു ചുവന്ന തീ ഗോളം പോലെ അത് കത്തി ജ്വലിച്ചു.
മൃഗം അവരുടെ കാറിനടുത്തേക്ക് നീങ്ങി തുടങ്ങി. ഡ്രൈവർ ബ്രേക്കിൽ നിന്ന് കാൽ ഉയർത്തി ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടി. വീതി കുറഞ്ഞ മലമ്പാതയിലെ ഹെയർപിൻ വളവുകൾ മണിക്കൂറിൽ 70…80 മൈൽ വേഗത്തിൽ അവർ താണ്ടി.
ഡ്രൈവർ റിയർ വ്യൂ മിററിൽ നോക്കിയപ്പോഴാണ് നായ ഇപ്പോഴും തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലായത്. മാത്രവുമല്ല ആ ജന്തു ഏകദേശം അവർക്കൊപ്പം എത്തി നിൽക്കുകയും വണ്ടിയെ തോട്ടു തൊട്ടില്ല എന്ന നിലയിലുമായിരുന്നു.
നായയുടെ ദ്രംഷ്ടകൾ കാറിന്റെ ബമ്പറിൽ ആഴ്ന്നിറങ്ങി, തങ്ങളെ അത് നരകത്തിലേക്ക് വലിച്ച് കൊണ്ടു പോകുമെന്ന് സംഭ്രമപ്പെട്ട് ഡ്രൈവർ ആക്സിലറേറ്ററിൽ അവസാനമായി ഒരിക്കൽ കൂടി ആഞ്ഞ് ചവിട്ടി. കാർ കുതിച്ചു പാഞ്ഞു. മരണ പാച്ചിലിൽ, ത്രിവേണി സംഗമത്തിന്റെ അടുത്തെത്താറായപ്പോൾ കാർ നിയത്രണം വിട്ട് താഴെ ഗംഗയിലേക്ക് പതിച്ചു. അതോടെ നായ അവരെ പിന്തുടരുന്നത് അവസാനിപ്പിച്ചു.
അത് വിദൂരതയിലേക്കെവിടെയോ മറഞ്ഞ് പോകുന്നത് അന്നേരം അവർ കണ്ടു.
പാവനമായ ത്രിവേണി സംഗമത്തിന്റെ അതിരുകളാൽ പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശത്ത് ആ കിരാത ജന്തു നിസ്സഹായനാണെന്ന് തെളിയിക്കുന്നതായിരുന്നു ആ സംഭവം. ദൈവീകമായതിനെ അനുസരിക്കാൻ പൈശാചികമായ ഏതൊന്നും ബാധ്യസ്ഥനാണെന്നത് ഇവിടെ ബോധ്യപ്പെടുകയായിരുന്നു.
‘മാ ഗംഗ’യുടെ ആശിർവാദത്താൽ ചെറുപ്പക്കാർ രണ്ട് പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അയാൾ പറഞ്ഞു നിർത്തി.
യുവാവ് പറഞ്ഞ കഥ കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് ആർഥർ കോണൻ ഡോയൽ രചിച്ച ഷേർലക്ക് ഹോംസ് സീരീസിലെ ” ᴛʜᴇ ʜᴏᴜɴᴅ ᴏꜰ ᴛʜᴇ ʙᴀꜱᴋᴇʀᴠɪʟʟᴇꜱ” എന്ന കഥയാണ്.
തൽഫലം ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
‘സുഹൃത്തെ, ഇത്തരം കെട്ട് കഥകൾ എല്ലാ നാട്ടിലും പ്രചാരത്തിലുണ്ട്. ഇതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന താങ്കളെ പോലെയുള്ള ഒരു വലിയ സമൂഹവും എല്ലായിടത്തുമുണ്ട്. അത് കൊണ്ട്, ഭാവനാ ശൂന്യമായ ഇത്തരം കഥകൾക്കൊന്നും ഞാൻ ചെവി കൊടുക്കുവാൻ ഉദ്ദേശിക്കുന്നില്ല. ഇത് വരെ വന്നിട്ട്, ക്ഷേത്രത്തിൽ തൊഴാതെ പോയാൽ അതെന്നെ വല്ലാതെ അസ്വസ്ഥനാക്കും. അത് കൊണ്ട് മുന്നോട്ട് വെച്ച കാൽ ഞാൻ പുറകോട്ടെടുക്കില്ല.’
‘സാർ, താങ്കളെ പോലെ അതൊരു നായയാണെന്ന് ഞങ്ങളാരും വിശ്വസിക്കുന്നില്ല.’ മറുപടിയെന്നോണം അയാൾ പറഞ്ഞു.
‘പിന്നെ എന്താണത്??’ ഞാൻ ചോദിച്ചു.
‘ഞങ്ങളുടെ പഹാടി ഭാഷയിൽ പറഞ്ഞാൽ, അതൊരു ച്ചലാവയാണ്.
ച്ചലാവകൾ മനുഷ്യർ തന്നെയാണ്. പക്ഷെ അവർക്ക് തങ്ങളുടെ മാന്ത്രിക ശക്തിയാൽ ഏതൊരു വേഷവും ധരിക്കാൻ സാധിക്കും. അത്തരം മനുഷ്യർ അഗാധമായ ഈ ഹിമാലയൻ ഗിരി നിരകളിൽ എവിടെയൊക്കെയോ ഇപ്പോഴും ജീവിക്കുന്നുണ്ട്. കോടമഞ്ഞിറങ്ങുന്ന തണുത്ത നീല രാത്രികളിൽ അവർ പ്രത്യക്ഷപെടും. അത്തരം, അനേകം സംഭവങ്ങൾ ഈ മലയിൽ ഇന്നും അരങ്ങേറുന്നുണ്ട് .
ദാ..ആ വഴി ഇറങ്ങി ചെന്നാൽ എന്റെ വീടായി.’ മലയുടെ ഓരത്ത് കൂടി വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതി കുറഞ്ഞൊരു പരുക്കൻ പാത ചൂണ്ടി കാണിച്ചിട്ടവൻ പറഞ്ഞു.
‘സാർ, എനിക്ക് പറയുവാനുള്ളത് ഞാൻ പറഞ്ഞുവെന്ന് മാത്രം. താങ്കളോടൊരു പ്രത്യേക മമത തോന്നി. അത് കൊണ്ടാണ് ഇത്രയും പറഞ്ഞത് ‘. ബാക്കി താങ്കളുടെ യുക്തി പോലെ ചെയ്യുകയെന്നും പറഞ്ഞ് അവൻ ആ കൂരിരുട്ടിലൂടെ താഴേക്കിറങ്ങി പോയി.
ചിലയവസരങ്ങളിൽ ഞാനൊരു മൂശേട്ടയാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുന്ന കാര്യത്തിൽ !! ഒരു തരത്തിൽ നോക്കിയാൽ അതൊരു നല്ല ശീലമാണെങ്കിലും, ചിലയവസരങ്ങളിൽ അത്തരം മനോഭാവം നമ്മളിൽ അഹന്തക്ക് ഹേതുവാകാറുണ്ട്. എനിക്ക് ആന്ന് സംഭവിച്ചതും അത് തന്നെയായിരുന്നു.
തദ്ദേശിയനായ ആ ചെറുപ്പക്കാരന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഞാനെന്റെ നടത്തം തുടർന്നു. ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ഞാൻ അയാൾ പറഞ്ഞ കാര്യങ്ങളെ ഒരിക്കൽ കൂടി വിശകലനം ചെയ്യുകയായിരുന്നു. അയാൾ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഈ ച്ചലാവകൾ നമ്മുടെ നാട്ടിലെ ഓടിയന്മാർക്ക് സമാനമായ ഒരു വർഗ്ഗം തന്നെയാവണം. അയാൾ അവസാനം പറഞ്ഞ കാര്യങ്ങൾ ഞാൻ പൂർണമായും തള്ളി കളഞ്ഞിരുന്നില്ല എങ്കിലും അത് മുഖവിലക്കെടുക്കുവാൻ എന്റെ ഈഗോ സമ്മതിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം.
എന്റെ വലത് ഭാഗത്തായ് 300 അടി താഴ്ചയിൽ ഭാഗീരഥി കുലംകുത്തി ഒഴുകുന്നുണ്ട്. ഇടത് ഭാഗത്ത് കിഴുക്കാം തൂക്കായ പാറക്കെട്ടുകളാണ്.
അങ്ങ് ദൂരെ ത്രിവേണി സംഗമം എനിക്ക് വ്യക്തമായി തന്നെ കാണാം. സംഗമത്തിനടുത്തായി തലയുയർത്തിനിൽക്കുന്ന രഘുനാഥ് ക്ഷേത്ര ഗോപുരവും കാണുന്നുണ്ട്. കുത്തനെയുള്ള ഇറക്കമിറങ്ങിയതിന് ശേഷം കുറുമ്പ് കാട്ടി പൊട്ടി ചിരിച്ചൊഴുകുന്ന ഭാഗീരഥിയുടെ ഓരത്ത് കൂടിയാണ് പിന്നീടുള്ള നടത്തം. വഴിയിൽ ഞാനല്ലാതെ ഒരു പൂച്ച കുഞ്ഞ് പോലുമില്ല. നദിക്ക് കുറുകെയുള്ള ഒരു തൂക്ക് പാലം കടന്ന് വേണം ക്ഷേത്രത്തിലെത്താൻ.
ആറെ മുക്കാലോടെ ഞാൻ ക്ഷേത്രത്തിനടുത്തെത്തി. അപ്പോഴേക്കും മറു കരയുള്ള അങ്ങാടി ഏറെക്കുറെ വിജനമായി കഴിഞ്ഞിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രം അവിടെയുണ്ട്. പ്രധാന പാതയിൽ നിന്നും 300 അടിയോളം താഴ്ചയിൽ ഇറങ്ങി വീണ്ടും അത്രതന്നെ മുകളിലോട്ട് പടികൾ കയറി വേണം ക്ഷേത്രത്തിലെത്താൻ. അത്യാവശ്യം വലിയൊരു ക്ഷേത്രം. അവിടെ പൂജാരിയെ കൂടാതെ മറ്റാരേയും കണ്ടില്ല. പ്രധാന പ്രതിഷ്ഠയെയും ഉപ ദേവതകളെയും തൊഴുത് വണങ്ങിയതിന് ശേഷം കുറെ നേരം ഞാനവിടെ ധ്യാനനിമഗ്നനായി ഇരുന്നു.
അനന്തരം, 7 :30 ഓടെ ഞാൻ ക്ഷേത്രത്തിൽ നിന്നും മടങ്ങി.
തിരിച്ച് നടക്കുമ്പോൾ തൂക്ക് പാലത്തിന് മുകളിൽ നിന്ന് ഭാഗീരഥിയുടെ കളകളാരവം കുറേ നേരം നോക്കി നിന്നു. ഉരുളൻ പാറ കല്ലുകൾക്കിടയിലൂടെ അവൾ മദിച്ചുല്ലസിച്ചൊഴുകുന്നത് എത്ര നോക്കി നിന്നാലും മതി വരാത്ത കാഴ്ചയാണ്. ഞാൻ നിന്നിരുന്ന തൂക്ക് പാലത്തിന് സമാന്തരമായ് ഉപയോഗ ശൂന്യമായ മറ്റൊരു തൂക്ക് പാലമുണ്ട്. ആ കാഴ്ച എന്നെ ഓർമിപ്പിച്ചത് പ്രശസ്ത എഴുത്ത്ക്കാരൻ റസ്കിൻ ബോണ്ട് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ കുറിച്ചിട്ട വിൽസൺ സായിപ്പിനെ പ്രണയിച്ച ഗുലാബിയെന്ന പഹാടി പെൺകൊടിയുടെ കഥയാണ്. സമാനമായൊരു സാഹചര്യത്തിലായിരുന്നല്ലൊ ആന്ന് റസ്കിൻ ബോണ്ട് ഗുലാബിയുടെ പ്രേതത്തെ തൂക്ക് പാലത്തിന് മുകളിൽ വെച്ച് കാണാനിടയായത്.
ആ രാത്രിയിൽ, അവിടെ വെച്ച് ഗുലാബിയുടെ പ്രേതത്തെ കണ്ട് മുട്ടിയേക്കാമെന്ന് ഞാനും വെറുതെ വ്യാമോഹിച്ച് പോവുന്നതിൽ എന്നെ കുറ്റം പറയുവാനൊക്കുമായിരുന്നില്ല.
കയറ്റം കയറി പ്രധാനപാതയിൽ എത്തുമ്പോഴേക്കും നേരത്തെ കണ്ടതിൽ നിന്നും ഏറെ വ്യത്യസ്തമായി പരിസരം കൂടുതൽ വിചിത്രമായിരിക്കുന്നതായ് എനിക്ക് തോന്നി. വല്ലപ്പോഴുമൊരിക്കൽ കടന്ന് പോകുന്ന വാഹനങ്ങളെ പോലും ഇപ്പോൾ കാണാനില്ല. റോഡിൽ അങ്ങിങ്ങായ് മാത്രം അരണ്ട വിളക്കുകാലുകൾ കത്തുന്നുണ്ട്. അകലെ നിന്നും ചെന്നായ്ക്കളുടെ നിർത്താതെയുള്ള ഓരിയിടൽ കേൾക്കാം. എല്ലാം ചേർന്ന് അന്നേരം അവിടമാകെ വന്യമായൊരു സൗന്ദര്യം സൃഷ്ടിച്ചിരുന്നു എന്ന് സമ്മതിക്കാതിരിക്കാൻ വയ്യ.
പൊടുന്നനെയാണ് എന്നെ ഞെട്ടിച്ച് കൊണ്ട് അന്തരീക്ഷത്തിൻ പ്രകടമായ മാറ്റം കണ്ട് തുടങ്ങിയത്. ശക്തിയായ് തണുത്ത കാറ്റ് വീശിയടിക്കുന്നതിനൊപ്പം കാർമേഘങ്ങൾ ഗർജ്ജിച്ച് തുടങ്ങി. മഴപ്പെയ്യുവാനുള്ള എല്ലാ സാധ്യതയും കാണാനുണ്ട്. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. എന്റെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. ഏതാനും നിമിഷങ്ങൾക്കുളിൽ തന്നെ തുള്ളിക്കൊരു കുടം പേമാരി കണക്കെ മഴ പെയ്യുവാൻ തുടങ്ങി. ഒപ്പം ശക്തമായ കാറ്റും ഇടി വെട്ടും.
റോഡിൽ ഒറ്റ വാഹനങ്ങൾ കടന്ന് പോകുന്നില്ല. കയറി നിൽക്കുവാൻ ഒരിടവുമില്ല. അന്നേരമാണ് ഞാനത് ശ്രദ്ധിച്ചത്.
എന്റെ കുറച്ച് മുന്നിൽ കിഴുക്കാം തൂക്കായ മലയുടെ ഒരു ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ട്. അതിനടിയിലേക്ക് കയറി നിന്നാൽ അത്യാവശ്യം മഴയിൽ നിന്നും രക്ഷ നേടാം. ഞാൻ രണ്ടാമതൊന്നാലോച്ചിക്കാതെ ഓടി ചെന്ന് അതിനടിയിലോട്ട് കയറി നിന്നു. മഴയുടെ ശക്തി കുറയുന്ന ലക്ഷണമില്ല. ഞാൻ ഏറെ കുറെ നനഞ്ഞ് കുതിർന്നിരുന്നു.
കുറേ നേരം അങ്ങനെ നിന്ന് കാണണം. അപ്പോഴാണ് ദൂരെ നിന്നും ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ് എന്റെ ശ്രദ്ധയിൽ പെട്ടത്.
അടുത്തെത്തിയപ്പോൾ അതൊരു ʙᴏʟᴇʀᴏ ട്രക്ക് എന്ന് മനസ്സിലായി. അതെന്നെ കടന്ന് പോയെങ്കിലും ഞാനതിന് കൈ കാണിച്ചില്ല. അസമയത്ത് അപരിചിതമായൊരു ദേശത്ത് അപരിചിതർക്ക് കൈ കാണിക്കുന്നത് എന്തായാലും യുക്തിയല്ലായെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.മഴ ശമിച്ചിട്ടെ പോവുള്ളുവെന്ന് ഞാൻ തീരുമാനിച്ചിരുന്നു.
വെറുതെ വാച്ചിലോട്ടൊന്ന് നോക്കിയപ്പോൾ.സമയം എട്ടര കഴിഞിരിക്കുന്നു. ഞാൻ ചെറുതായ് പരിഭ്രമിച്ച് തുടങ്ങിയൊ എന്ന് എനിക്ക് അപ്പോൾ സംശയമുണ്ടായി. അങ്ങിനെ നിൽക്കുമ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അത് സംഭവിച്ചത്. ഏതാനും നിമിഷങ്ങൾക്ക് മുൻപ് എന്നെ കടന്ന് പോയ അതെ ʙᴏʟᴇʀᴏ ട്രക്ക് ഇതാ അതെ ദിശയിൽ നിന്നും വീണ്ടും വരുന്നു.
അങ്ങനെ സംഭവിക്കുവാൻ ഒരു സാധ്യതയുമില്ലായിരുന്നു.
അതെ വണ്ടി!! അതെ ഡ്രൈവർ!! മുൻ സീറ്റിൽ ഡ്രൈവറോടപ്പമിരിക്കുന്ന അതെ ആൾ!! ആ വണ്ടിയുടെ മുന്നിലേയും പുറകിലേയും ചില്ലിൽ മഹാകാൽ ( महाकाल ) എന്ന് വലിയ ഹിന്ദി അക്ഷരങ്ങളിൽ എഴുതി വെച്ചിരുന്നു. എന്റെ തല പെരുക്കുവാൻ തുടങ്ങി. വണ്ടിയൊരു വളവ് തിരിഞ്ഞ് എന്റെ കണ്ണിൽ നിന്നും മറഞ്ഞതും അടുത്ത നിമിഷം അതേ വണ്ടി വളരെ വേഗതയിൽ തിരിച്ച് വന്ന് എന്റെ മുന്നിൽ ചവിട്ടി നിർത്തി.
ഞാൻ ഒരടി പുറകോട്ട് മാറി ഏതൊരാക്രമണവും പ്രതിരോധിക്കാൻ തയ്യാറായി നിന്നു. അന്നെരം, വണ്ടിയുടെ ഡ്രൈവർ ചില്ല് പതുക്കെ തുറന്നിട്ട് എന്നോട് പറഞ്ഞു . ‘ഭായ് ജി…ആപ്ക്കോ ജാനാ കഹാം ഹെ ?’ ( താങ്കൾക്ക് എങ്ങോട്ടാണ് പോവേണ്ടത്?).
സംഭ്രമം പുറത്ത് കാണിക്കാതെ, ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു.
‘ ആ പെട്രോൾ പമ്പിന് എതിർവശത്തുള്ള പയസ് ഗംഗാ ഹോട്ടലിലാണ് ഞാൻ താമസിക്കുന്നത്’.
‘എങ്കിൽ കയറിക്കൊള്ളു. ഞങ്ങളും ആ വഴിക്കാണ് പോവുന്നത്. താങ്കളെ ഹോട്ടലിന് മുന്നിലിറക്കാം.’ ഡ്രൈവർ പറഞ്ഞു.
‘വേണ്ട. മഴ മാറിയാൽ ഞാൻ തനിയെ നടന്ന പോയ്ക്കൊള്ളാം.’
‘ഭായ് ജി..ഇവിടെ അധികം നിൽക്കുന്നത് പന്തിയല്ല. ഞാനീ നാട്ടുകാരനാണ്. മലയെ നന്നായി അറിയുന്നയാൾ. അത് കൊണ്ടാണ് പറയുന്നത്. ആശങ്കപ്പെടാതെ കയറിക്കൊള്ളു. താങ്കൾക്കെന്നെ വിശ്വസിക്കാം.’
ഡ്രൈവർ അത്രയും പറഞ്ഞതിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി. നേരത്തെ ക്ഷേത്രത്തിലേക്ക് പോവുന്ന വഴി ഹോട്ടലിലെ ആ ചെറുപ്പക്കാരനും എനിക്ക് അപായ സൂചന നൽകിയയത് ഞാനോർക്കുന്നു. അത് കൊണ്ട്, ഇവർ പറയുന്നതിൽ എന്തെങ്കിലും കാര്യമില്ലാതിരിക്കില്ല എന്ന് ഞാനൂഹിച്ചു.
കൂടുതൽ ആലോചിക്കാതെ ഞാൻ വണ്ടിയിലോട്ട് കയറി. ഡ്രൈവർ വണ്ടി കുറച്ച് മുന്നോട്ടെടുത്ത് വണ്ടി വളക്കുവാൻ പറ്റുന്ന ഒരിടത്ത് നിന്നും തിരിച്ച് എന്റെ ഹോട്ടലിന്റെ ദിശയിലേക്ക് ഓടിച്ച് പോയി. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് ഡ്രൈവറോടൊപ്പം മുൻ സീറ്റിലിരിക്കുന്ന ആ ആളെയാണ്. ഇത്രയും നേരമായിട്ടും ഒരു പ്രതിമയെ പോലെ ഇരിക്കുകയല്ലാതെ അയാളൊരു അക്ഷരം മിണ്ടുകയോ ഒന്ന് അനങ്ങുകയോ ചെയ്തിട്ടില്ല. അതെന്നെ ചെറുതായൊന്ന് ഭയപ്പെടുത്തി. ഞാൻ നിന്നിടത്ത് നിന്നും ഞങ്ങൾ ഏകദേശം ഒരു 50 മീറ്റർ മുന്നോട്ട് പോയതേ ഉണ്ടായിരുന്നുള്ളു, ബോംബ് പൊട്ടുന്നത് കണക്കെ ഞങ്ങളുടെ പുറകിൽ നിന്നും വലിയൊരു സ്ഫോടന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയത്. ഞാൻ മഴ നയാതിരിക്കാൻ കയറി നിന്ന സ്ഥലത്ത് ഒരു ആനയോളം വലിപ്പമുള്ള വലിയ കല്ല് വന്ന് പതിച്ചിരിക്കുന്നു.
ആ പ്രദേശമാകെ മണ്ണ് വന്ന് മൂടിയിരിക്കുന്നു. ആ കാാഴ്ച എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഡ്രൈവർ വണ്ടി നിർത്താതെ വേഗത്തിൽ പായിച്ചു കൊണ്ടിരുന്നു. പത്ത് മിനുട്ടിനുള്ളിൽ വണ്ടി എന്റെ ഹോട്ടലിന് മുന്നിലെത്തി. നാവിറങ്ങി പോയ അവസ്ഥയിലായിരുന്നു ഞാൻ. ആ വണ്ടി കൃത്യ സമയത്ത് വന്നില്ലായിരുന്നു എങ്കിൽ…ആ ഡ്രൈവർ വണ്ടിയിൽ കയറാൻ എന്നെ നിർബന്ധിച്ചില്ലായിരുന്നു എങ്കിൽ…. ആ മണ്ണിനടിയിൽ പെട്ട് ഞാനും…!!!
ഓഹ്..എനിക്കത് ഓർക്കാൻ കൂടി കഴിയുന്നില്ല !
എന്റെ പരിഭ്രമം കണ്ടിട്ട് ഡ്രൈവർ പറഞ്ഞു.
‘ഭായ് ജി..ആപ് പരേശാൻ മത് ഹോയിയെ. ആപ് ജാകെ മസ്ത സോ ജായിയെ. സബ് കുച്ച് ട്ടീക്ക് ഹോ ജായേഗാ. ജയ് ഭോലേനാഥ്!! ‘( നിങ്ങൾ വിഷമിക്കാതെ പോയി നന്നായ് ഒന്ന് ഉറങ്ങു. എല്ലാം ശെരിയായ് കൊള്ളും) എന്നും പറഞ്ഞ് കൂടുതൽ നന്ദി പ്രകടനങ്ങൾക്ക് അവസരം നൽക്കാതെ അയാൾ അവിടെ നിന്നും വണ്ടിയെടുത്തോണ്ട് പോയി. അത് വളരെ വേഗം നിശയുടെ കാളിമയിൽ ആർദ്ധസുതാര്യമായ മൂടൽ മഞ്ഞിന്റെ ആവാരണങ്ങൾക്കിടയിൽ എവിടെയോ മറഞ്ഞു. എന്റെ കാഴ്ചയിൽ നിന്നും മായുന്നത് വരെ ഞാനതിനെ തന്നെ നോക്കി നിന്നു.
എന്നെ കണ്ടയുടനെ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പയ്യൻ ഓടി വന്നിട്ട് ചോദിച്ചു.
‘സാർ, താങ്കളിതെവിടെയായിരുന്നു ? താങ്കളെ കാണാഞ്ഞതിൽ ഞാനാകെ ഭയന്നിരിക്കുകയായിരുന്നു. താങ്കൾ റിസപ്ഷനിൽ കൊടുത്ത ഫോൺ നമ്പറിൽ ഞാനെത്ര വിളിച്ചെന്നൊ. അങ്ങേക്ക് കുഴപ്പമൊന്നുമില്ലല്ലൊ അല്ലെ ?!!’
‘ഏയ്, ഇല്ല. മഴ പെയ്തപ്പോൾ ഞാൻ ഒരിടത്ത് കയറി നിന്നു. അതാ വൈകിയത്. ആ വണ്ടിക്കാർ വന്നിരുന്നില്ലായിരുന്നെങ്കിൽ…’.
‘വണ്ടിക്കാരൊ?’ ആശ്ചര്യത്തോടെ അയാളെന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
‘അതേ, ഞാൻ മഴ നനയാതിരിക്കാൻ ഒരു കൂറ്റൻ പാറക്ക് ചുവട്ടിൽ കയറി നിന്നപ്പോഴാണ് ഇവർ വണ്ടിയും കൊണ്ട് വന്നത്.’
റിസപ്ഷനിസ്റ്റ് പയ്യൻ തെല്ലൊരു അങ്കലാപ്പോടെ പറഞ്ഞു. ‘അതിന് വണ്ടിയിൽ ഡ്രൈവർ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. അതാ ഞാനും ആലോചിക്കുന്നത്. മുന്നിലെ സീറ്റ് കാലിയായിട്ടും താങ്കളെന്തിനാ പുറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്തതെന്ന് !!’
‘മുന്നിലെ സീറ്റ് കാലിയെന്നോ ?’ ഞെട്ടലോടെ ഞാൻ ചോദിച്ചു.
‘അതേ ! ഇവിടെയുള്ള ഏറെ കുറേ എല്ലാ വണ്ടിക്കാരെയും എനിക്കറിയാം. ആ ഡ്രൈവർ ഇവിടെങ്ങുമുള്ള ആളല്ലായെന്ന് തോന്നുന്നു. എവിടെയും കണ്ടതായ് ഓർക്കുന്നില്ല.’
ഞാനെന്തെങ്കിലും പറയുന്നത് മുൻപ് അയാൾക്കൊരൂ അർജന്റ് കോൾ വന്നു. ഞങ്ങൾ തമ്മിലുള്ള സംഭാഷണം നിർത്തി അയാൾ ഫോണിൽ വ്യാപ്തനായി.
ഞാൻ മുറിയിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ അയാൾ എന്നെ പുറകിൽ നിന്ന് വിളിച്ചിട്ട് പറഞു. സാററിഞ്ഞോ, ഇവിടെ അടുത്തൊരു ഉരുൾ പൊട്ടൽ ഉണ്ടായിരിക്കുന്നു. ഗംഗാ ജിയുടെ അനുഗ്രഹം കൊണ്ട് ആളപായമൊന്നുമില്ലായെന്നാ കേട്ടത്.
ഒരു ഞെട്ടലിൽ നിന്നും മുക്തമാവുന്നതിന് മുൻപാണ് അടുത്ത ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
വണ്ടിയിൽ ഡ്രൈവറെ കൂടാതെ മറ്റാരുമുണ്ടായിരുന്നില്ലായെന്ന് ആ റിസപ്ഷനിസ്റ്റ് പയ്യൻ പറഞത് സത്യമായിരുന്നൊ? അങ്ങനെയെങ്കിൽ മുൻ സീറ്റിലിരുന്ന ആ ആൾ ആരായിരുന്നു ?! എന്ത് കൊണ്ടാണയാളെ റിസപ്ഷനിലെ പയ്യന് കാണാൻ സാധിക്കാതിരുന്നത്? അതോ ഇനിയവൻ എന്നെ വെറുതെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ ? പക്ഷെ,അവന്റെ ശരീര ഭാഷയിൽ നിന്നും എനിക്ക് അങ്ങനെ തോന്നിയതേ ഇല്ലാ.
എന്തൊക്കെയാണീ നടക്കുന്നത്? ആ വണ്ടി ഏതാണ് ? അതിലെ ഡ്രൈവർ ആരാണ് ? മുൻ സീറ്റിലിരുന്നയാൾ യഥാർത്ഥത്തിൽ എന്താണ് ?
ഹോട്ടിലിന് താഴെ കുതിച്ചു പായുന്ന ഗംഗാ ദേവിയെ നോക്കി കൊണ്ട് ആന്ന് നടന്ന ഓരോ സംഭവവും മനസ്സിലോർത്തും വിശകലനം ചെയ്തും എത്ര നേരം നിന്നെന്നറിയില്ല.
ഒരു കാര്യം മാത്രം എനിക്കറിയാം.
‘മഹാകാൽ’ എന്ന് പറഞ്ഞാൽ കാലഭൈരവൻ എന്നാണാർത്ഥം. അതായത് സാക്ഷാൽ മഹാദേവൻ. മഹാദേവന്റെ വാഹനം കാളയാണ്. അങ്ങിനെയെങ്കിൽ ആ ʙᴏʟᴇʀᴏ ട്രക്ക് മഹാദേവന്റെ വാഹനമായ കാളയായിരുന്നൊ?!! അതോടിച്ച ഡ്രൈവർ ശ്രീ നന്തി ഭഗവാനാണോ? അപ്പോൾ ഡ്രൈവറോപ്പം മുൻ സീറ്റിലിരുന്നയാൾ ???!!
സാക്ഷാൽ മഹാദേവനോ !!
ഓഹ്…ഭഗവാനെ. ഇത് സത്യമാണോ ? ആ ചിന്ത എന്റെ സിരകളെ കോരിതരിപിച്ചു. എന്റെ മേലാകെ കോൾമയിർ അനുഭവപ്പെട്ടു. എന്റെ കണ്ണുകളിൽ നിന്നും നിർത്താതെ അനന്ദ കണ്ണീർ പൊഴിഞ്ഞു . അന്നേരം, എന്റെ മസ്തിഷ്കത്തിന് താങ്ങാവുന്നതിലും
അപ്പുറത്തായിരുന്നു ശരീരതിലൂടെയുള്ള രക്തപ്രവാഹം. ഒരു വേള മോഹാലസ്യത്തിന്റെ വക്കിൽ പോലും ഞാനെത്തി.
വേണമെങ്കിൽ, ആന്ന് നടന്ന സംഭവങ്ങളെല്ലാം വെറും യാദൃച്ഛികമാണെന്ന് പറഞ്ഞ് തള്ളികളയാം.
പക്ഷെ, അന്നത്തെ ഓരോ അനുഭവങ്ങളുമെടുത്ത് സൂക്ഷ്മ പരിശോധന നടത്തിയാൽ എല്ലാം അതി വിശിഷ്ടമായതാണ് അരങ്ങേറിയതെന്ന് മനസ്സിലാവും.
മഴ നനഞ്ഞതിനാൽ മേലാകെ കുതിർന്നിരുന്നു. ചൂട് വെള്ളത്തിൽ നല്ലൊരു കുളി പാസ്സാക്കിയതിന് ശേഷം, എന്റെ ജീവൻ എനിക്ക് തിരിച്ച് നൽക്കാൻ ഹെതുവായ എന്റെ പിതൃക്കളെയും, മൃത്യംജയനായ മഹാദേവനെയും, നന്തി ഭഗവാനെയും സ്തുതിച്ചു.
ദേവപ്രയാഗിൽ നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. സഹിക്കാവുന്ന തണുപ്പേ അനുഭവപ്പെട്ടിരുന്നുള്ളു എങ്കിലും കമ്പിളി വസ്ത്രങ്ങൾ ആവശ്യമായിരുന്നു. കിടപ്പുമുറിയുടെ മുന്നിലുള്ള വരാന്തയുടെ അര ഭിത്തിയിൽ കാലുകൾ താഴേക്ക് നീട്ടിയിരുന്ന് ഞാൻ കുറച്ച് നേരം ഗംഗയെ നോക്കിയിരുന്നു. അടുത്ത ദിവസം രാവിലെ എന്റെ യാത്ര ജോഷിമഠിലേക്കാണ്. ദേവപ്രയാഗിൽ നിന്നും എട്ട് മണിക്കൂർ യാത്ര ചെയ്ത് വേണം അവിടെയെത്താൻ. സമുദ്ര നിരപ്പിൽ നിന്നും ഏക ദേശം 2000 മീറ്റർ ഉയരത്തിലാണത് സ്ഥിതി ചെയ്യുന്നത്.
11 മണി കഴിഞ്ഞപ്പോൾ ഞാൻ ഗാഢനിദ്രയെ ലക്ഷ്യമാക്കി കിടക്കയിലേക്ക് ചാഞ്ഞു. ആന്ന് നടന്ന ഓരോ സംഭവങ്ങളും അയവിറക്കി ഞാൻ പതിയെ നിദ്രയിലാണ്ടു.
തുടരും…
Post Your Comments