ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍ എന്നാണ് വിശ്വാസം. എന്നാല്‍ വേണ്ട രീതിയില്‍ ശിവനെ ആരാധിച്ചാല്‍ സര്‍വ്വൈശ്വര്യവും എന്നാണ് ഫലം.ശിവക്ഷേത്ര ദര്‍ശനത്തില്‍ ശ്രദ്ധിയ്‌ക്കേണ്ട പല ചിട്ടകളുമുണ്ട്. ഏതു ക്ഷേത്രങ്ങളേക്കാളും ചിട്ട വേണ്ടത് ശിവ ക്ഷേത്ര ദര്‍ശനത്തിനാണെന്നു പറയും. വ്യത്യസ്ത സമയങ്ങളിലുള്ള, വ്യത്യസ്ത രീതിയിലുള്ള ദര്‍ശനങ്ങള്‍, വ്യത്യസ്ത വഴിപാടുകള്‍ എന്നിയെല്ലാം വ്യത്യസ്ത ഫലങ്ങളാണ് നല്‍കുക.
ശിവ ക്ഷേത്രങ്ങളില്‍ മൂന്നു പ്രദക്ഷിണമാണ് പറയുന്നത്. ചുറ്റമ്പലത്തിലെ ക്ഷേത്ര പാലകന്മാരെ ഇടത്തും വലതുമായി നോക്കി തൊഴുത് ഇവരുടെ അനുവാദം വാങ്ങിയാണ് അകത്തു പ്രവേശിയ്‌ക്കേണ്ടത്.മിക്കവാറും ശിവ ക്ഷേത്രങ്ങളില്‍ ഭഗവാന്റെ പ്രിയങ്കരനായ, വാഹനമായ നന്തികേശന്റെ രൂപമുണ്ടാകും. ആദ്യം നന്തികേശന്റെ വലതു വശത്തു നിന്ന് നന്തി കേശനെ തൊഴണം. പിന്നീടാണ് ശിവനെ തൊഴേണ്ടത്. നന്തി പ്രതിഷ്ഠയുള്ള ശിവ ക്ഷേത്ര ദര്‍ശനമാണ് ഉചിതമെന്നു വേണം, പറയാന്‍.ശിവ ഭഗവാന്റെ ഇടതു വശത്തു നിന്നും തൊഴുത് വീണ്ടും നന്ദിയെ തൊഴുത് നന്തിയുടെ പിന്നീലൂടെ നടന്ന് ഓവുചാല്‍ വരെയെത്തി നില്‍ക്കണം.
ഇവിടെ ക്ഷേത്ര താഴികക്കുടം നോക്കി മൂന്നു വട്ടം കൈ കൂപ്പിപ്പിടിച്ചു കൊട്ടി തിരിഞ്ഞു നടന്ന് നന്ദിയുടെ പുറകിലൂടെ വലതു ഭാഗത്തു നിന്നും തൊഴുത് പീന്നീട് ഓവുചാലിന്റെ അടുത്തെത്തി നില്‍ക്കുക. ഇവിടെ വീണ്ടും കൈ കൊട്ടി തൊഴുത് ഭഗവാനെ തൊഴണം. നന്ദിയുടെ പുറകിലൂടെ വലതു വശത്തു വശത്തു വന്നു നന്ദിയെ വീണ്ടും തൊഴുക. ഇങ്ങനെയാണ് മൂന്നു വട്ടവും പ്രദക്ഷിണം ചെയ്യേണ്ടത്.ഒരു പ്രദക്ഷിണത്തില്‍ നന്തിയെ നാലു വട്ടവും ശിവനെ മൂന്നു വട്ടവും തൊഴുകയെന്നതാണു കണക്ക്. യാതൊരു കാരണവശാലും ഓവുചാല്‍ മുറിച്ചുള്ള പ്രദക്ഷിണം ശിവ ക്ഷേത്രത്തില്‍ പാടില്ല.
ഇത് നന്തിയും ഭഗവാനും തമ്മിലുള്ള ബന്ധം മുറിയ്ക്കുന്നുവെന്നതാണ് സങ്കല്‍പം. കൈലാസവും ശിവനുമായുള്ള ബന്ധം മുറിയ്ക്കുകയാണെന്നും സങ്കല്‍പമുണ്ട്. ഇത് ഭഗവത് കോപവും നന്തിയുടെ കോപവും ഒരേ സമയം വരുത്തി വയ്ക്കും.ശിവ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പഞ്ചാക്ഷരീ മന്ത്രം, അതായത് ഓം നമ ശിവായ ഉച്ചരിച്ചുള്ള മന്ത്ര ജപമാണ് നല്ലതെന്നു വേണം, പറയാന്‍. ക്ഷേത്ര നടയ്ക്കു നേരെ നിന്നു തൊഴരുത്. നന്തിയെ തൊഴാതിരുന്നാല്‍ ക്ഷേത്ര ദര്‍ശനവും ക്ഷേത്ര പ്രദക്ഷിണവും പൂര്‍ണമാകില്ലെന്നതാണ് വിശ്വാസം. ഭഗവാന് നൈവേദ്യം നല്‍കുന്ന സമയത്തും തൊഴാന്‍ പാടില്ല.
ക്ഷേത്രത്തിനകത്തു സംസാരവും പാടില്ല.ശിവ ക്ഷേത്ര ദര്‍ശന സമയവും വ്യത്യസ്ത ഫലങ്ങളാണു നല്‍കുന്നത്. രാവിലെയുളള ദര്‍ശനവും പ്രാര്‍ത്ഥനയും ആരോഗ്യവും മനസിനു ബലവും നല്‍കാന്‍ വിശിഷ്ടമാണ്. ഉച്ചയ്ക്കു ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചാല്‍ സമ്പത്തും സമൃദ്ധിയുമാണ് ഫലം. വൈകീട്ട് പ്രാര്‍ത്ഥിച്ചാല്‍ കഷ്ട നഷ്ടങ്ങള്‍ മാറും. അര്‍ധയാമത്തിലെ ദര്‍ശനം സന്തുഷ്ട ദാമ്പത്യ ജീവിതം ഫലം പറയുന്നു.ശിവ ക്ഷേത്ര ദര്‍ശനത്തിന്റെയും വഴിപാടിന്റെയും പൂര്‍ണ ഫലം ലഭിയ്ക്കണമെങ്കില്‍ പിന്‍വിളക്ക് വഴിപാടു കൂടി നടത്തണമെന്നാണ് പറയുക. കാരണം പാര്‍വ്വതീ ദേവി ഭഗവാന്റെ പിന്‍ഭാഗത്തായി കുടി കൊള്ളുന്നുവെന്നതാണു സങ്കല്‍പം.
മൂന്ന് ഇതളുള്ള കൂവളത്തില ഭഗവാന് സമര്‍പ്പിച്ചാല്‍, കൂവളത്തില വഴിപാടു നടത്തിയാല്‍ മുജ്ജന്മ പാപവും പരിഹരിയ്ക്കപ്പെടുമെന്നാണ് വിശ്വാസം. എരിക്കിന്‍ പൂവ്, താമരപ്പൂ, നന്ത്യാര്‍ വട്ടം, മഞ്ഞ അരളി എന്നിവയാണ് പ്രിയതരമായ മറ്റു പൂക്കള്‍. ആയിരം വെള്ള എരിക്കിന്‍ പൂ നല്‍കുന്നതിനു പകരമാണ് ഒരു മഞ്ഞ അരളിപ്പൂ വയ്ക്കുന്നതെന്നും ആയിരും മഞ്ഞ അരളിപ്പൂ വയ്ക്കുന്നതിനു പകരമാണ് ഒരു മൂന്നിതള്‍ കൂവളപ്പൂ എന്നുമാണ് വിശ്വാസം. തുളസിപ്പൂ സാധാരണ ഉപയോഗിയ്ക്കാറില്ല. ശിവനു മാത്രമല്ല, ഗണപതി, സുബ്രഹ്മണ്യന്‍, പാര്‍വ്വതി എന്നിവര്‍ക്കും തുളസി ഉപയോഗിയ്ക്കാറില്ല.
ഇത് ചൈതന്യം കെടുത്തുമെന്നാണു വിശ്വാസം.ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ അല്‍പനേരം അവിടിരുന്നു വിശ്രമിച്ചു വേണം, പോകാന്‍. ഇവിടെ വരെ ശിവന്റെ ഭൂതഗണങ്ങള്‍ നമ്മെ അനുഗമിയ്ക്കുമെന്നാണു വിശ്വാസം. കുളിയ്ക്കുന്ന സമയം മുതല്‍ തൊഴുതിറങ്ങി വിശ്രമിയ്ക്കുന്ന സമയം വരെയെന്നാണ് വിശ്വാസം. ഭക്തര്‍ വിശ്രമിക്കുമ്പോള്‍ ഭൂത ഗണങ്ങള്‍ ഭഗവാന്റെ അടുത്തേയ്ക്കു മടങ്ങിപ്പോകും.
Post Your Comments