ഭുവനേശ്വര്‍: മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന 22 കാരിയെ ഒരു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത നാല് പേര് പിടിയില്‍. ഒഡിഷയിലെ ദേന്‍കനാലിലെ ഭാപൂര് ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ 40കാരനായ ബബുലി നായിക്, 32കാരനായ ബിരാഞ്ചി മൊഹറാണ, 24കാരനായ അഭിനാഷ് പരീദ, 27കാരനായ ജിപന്‍ പരീദ എന്നിവരാണ് അറസ്റ്റിലായത്. സാദര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മഹുലാപുഞ്ചി ഗ്രാമത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
ദേന്‍കനാലിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ കോണിപ്പടിക്ക് സമീപത്തായിരുന്നു യുവതിയും പ്രായമായ പിതാവും കഴിഞ്ഞിരുന്നത്. ഇവരുടെ ദുരവസ്ഥ മുതലെടുത്തായിരുന്നു അക്രമികളുടെ ഇടപെടല്‍. അതിക്രൂരമായ സംഭവത്തില്‍ ആറോളം പേര് പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഗര്‍ഭിണിയായ യുവതി ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ കഴിയുന്നതായി സമീപവാസികള്‍ സഖി സെന്ററില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാല് പേര് പിടിയിലായത്.
ആറ് മാസം ഗര്‍ഭിണിയായ യുവതി നല്കിയ ചില വിവരങ്ങളാണ് പൊലീസുകാരെ പ്രതികളിലേക്ക് എത്തിച്ചത്. കുറ്റകൃത്യത്തില്‍ പങ്കുള്ളവരെ മുഴുവന്‍ പിടികൂടുമെന്നും ശക്തമായ നിയമനടപടി ഉറപ്പാക്കുമെന്നാണ് സംഭവത്തേക്കുറിച്ച് ഉപ മുഖ്യമന്ത്രി പാര്‍വതി പരീദ വിശദമാക്കിയത്. ജില്ലാ ആസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് യുവതിയെ. എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതിക്ക് ഒരു സഹോദരന് കൂടിയുണ്ടെന്നാണ് പൊലീസ് നല്കുന്ന വിവരം.
Post Your Comments