ഹൈദരാബാദ്: ടാറ്റാ നെക്സോൺ ഇലക്ട്രിക് കാറുകൾ കത്തി നശിച്ചു. കണ്ടെയ്നറിൽ കൊണ്ടുപോവുകയായിരുന്ന 8 കാറുകളാണ് കത്തി നശിച്ചത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കാറുകൾ കൊണ്ടുവരികയായിരുന്ന ട്രക്ക് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളിൽ വെച്ച് കത്തുകയായിരുന്നു. നിർത്തിയിട്ടിരുന്ന ട്രക്കിന്റെ ക്യാബിനിൽ നിന്നാണ് തീപടർന്നത്. കണ്ടെയ്‍നറിനകത്ത് ഉണ്ടായിരുന്ന കാറുകൾക്ക് തീപിടിച്ചതോടെ കറുത്ത പുക വാഹനത്തിൽ നിന്ന് ഉയർന്നതായി ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. ഈ അപകടം മുംബൈ ഹൈവേയിൽ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കി.
ട്രക്കിനുള്ളിൽ ഉണ്ടായിരുന്ന എട്ട് ടാറ്റാ നെക്സോൺ ഇവി കാറുകൾ കത്തിനശിച്ചു. വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സഹീറാബാദ് സ്റ്റേഷനിൽ നിന്ന് അഗ്നി ശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ട്രക്കിന്റെ ക്യാബിനുള്ളിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വാഹനം നിർത്തിയിട്ട ശേഷം ഡ്രൈവർ ക്യാബിനുള്ളിൽ മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്തു. ഇതാണ് തീപടരാൻ കാരണമായതെന്നാണ് അനുമാനം.
ചെറിയതോതിൽ പൊള്ളലേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്നറിലും അതിനുള്ളിലുണ്ടായിരുന്ന കാറുകളുടെയും കാര്യത്തിൽ പരിധോധന നടത്തുമെന്നും അഗ്നിശമന സേനയുടെ പെട്ടെന്നുള്ള ഇടപെടൽ കാരണം തീ മറ്റിടങ്ങളിലേക്കോ മറ്റ് വാഹനങ്ങളിലേക്കോ പടരാതെ തടയാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.
Post Your Comments