റിയാദ് : 2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ വേദിയായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ പ്രഖ്യാപിച്ചു. ഡിസംബർ 11-നാണ് ഫിഫ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഓൺലൈനായി നടന്ന ഫിഫ കോൺഗ്രസ് 2024-ലാണ് അസോസിയേഷൻ പ്രസിഡണ്ട് ജിയോവാനി ഇൻഫന്റിനോ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2030-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ വെച്ചായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
2034-ലെ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതോടെ സൗദി അറേബ്യയിലുടനീളം കഴിഞ്ഞ ദിവസം അതിഗംഭീരമായ കരിമരുന്ന് പ്രയോഗം, ദീപാലങ്കാരങ്ങൾ തുടങ്ങിയവ ഏർപ്പെടുത്തിയിരുന്നു. 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏക ഫുട്ബോൾ അസോസിയേഷൻ സൗദി അറേബ്യയാണെന്ന് ഫിഫ കഴിഞ്ഞ വർഷം നവംബറിൽ അറിയിച്ചിരുന്നു.
തുടർന്ന് 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തുടക്കമിട്ടിരുന്നു.
2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡ് സൗദി അറേബ്യ 2024 ജൂലൈ മാസത്തിലാണ് ഔദ്യോഗികമായി ഫിഫയ്ക്ക് സമർപ്പിച്ചത്.
Post Your Comments