
തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് വെച്ച് നല്‍കുക എന്നത് മാത്രം അല്ല പുനരധിവാസത്തില്‍ ഉള്‍പ്പെടുക. എല്ലാ സഹായവും ഏകോപിപ്പിക്കുമെന്നും പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഡ്രോണ്‍ സര്‍വേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീല്‍ഡ് സര്‍വേ തുടങ്ങി കഴിഞ്ഞു. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിന് 5 സെന്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റില്‍10 സെന്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍വേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്.
ഭൂമിയില്‍ പൂര്‍ണ അവകാശം അതാത് കുടുംബങ്ങള്‍ക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ആയിരിക്കും നിര്‍മാണം നടത്തുകയെന്നും കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു
പദ്ധതിക്കായി ഉപദേശക സമിതി രൂപീകരിക്കും. എസ്റ്റിമേറ്റ് ഉള്‍പ്പടെ വിശദമായി പരിശോധിക്കും. ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സമിതിയെയും രൂപീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാവുന്നതുമാണ്. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കും.
വിലങ്ങാട്ടും ഇതേ മാതൃക ആണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ആദിവാസി കുടുംബങ്ങളുടെ അഭിപ്രായം ആരായും. പുനരധിവാസം ഒരുമിച്ച് നടപ്പാക്കും. രണ്ട് ഘട്ടമായായിരിക്കും കണക്കെടുപ്പ്. 38 സ്പോണ്‍സര്‍മാരുമായും യോഗം ചേര്‍ന്നു. പുനരധിവാസത്തിന് ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Post Your Comments