Latest NewsIndia

അത് ഞാനല്ല : മഹാകുംഭമേളയിൽ കുളിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം പങ്കുവച്ചതിൽ പരാതി നൽകി നടൻ പ്രകാശ് രാജ്

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിനും എഐ-നിർമ്മിത ഉള്ളടക്കം ദുരുപയോഗം ചെയ്യുന്നതിനെ പ്രകാശ് രാജ് അപലപിച്ചു

ഹൈദരാബാദ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിൽ കുളിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം സോഷ്യൽ മീഡിയയിൽ
പങ്കുവെച്ചെന്നാരോപിച്ച് മുതിർന്ന നടൻ പ്രകാശ് രാജ് പോലീസിൽ പരാതി നൽകി. പ്രശാന്ത് സംബർഗി എന്നയാൾ എഐ-നിർമ്മിത ചിത്രം പ്രചരിപ്പിച്ചതിനൊപ്പം തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്താൻ വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന ഒരു അടിക്കുറിപ്പും പ്രചരിപ്പിച്ചതായും നടൻ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ, പ്രശസ്തിക്ക് കോട്ടം വരുത്താൻ ഉദ്ദേശിച്ചുള്ള വ്യാജരേഖ ചമയ്ക്കലിനെ പരാമർശിക്കുന്ന ബിഎൻഎസ് 2023 ലെ സെക്ഷൻ 336(4) പ്രകാരം ലക്ഷ്മിപുരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിനും എഐ-നിർമ്മിത ഉള്ളടക്കം ദുരുപയോഗം ചെയ്യുന്നതിനെ പ്രകാശ് രാജ് അപലപിച്ചു.

ജനങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും മഹാകുംഭമേള പോലുള്ള മതപരമായ ഇടങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. “ഇത് എന്റെ പോരാട്ടം മാത്രമല്ല. വ്യാജ വാർത്തകളുടെ ഭീഷണിയാൽ അസ്വസ്ഥരായ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇതിനെ ചെറുക്കാനും ഉത്തരവാദിത്തമുണ്ടെന്ന് ആളുകൾക്ക് ഉറപ്പ് നൽകാനും ശക്തമായ നിയമങ്ങൾ ആവശ്യമാണ്,” – നടൻ ഉറപ്പിച്ചു പറഞ്ഞു.

ഇതിനു പുറമെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും നടൻ അധികാരികളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button