തിരുവല്ലയില്‍ ബിവറേജസ് ഗോഡൗണില്‍ വന്‍ തീപിടുത്തം ; കോടികളുടെ നഷ്ടമെന്ന് നിഗമനം

തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലെ തീപിടുത്തത്തില്‍ കോടികളുടെ നാശനഷ്ടം എന്ന് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കി. സിഎംഡിക്കാണ് നിര്‍ദേശം നല്‍കിയത്. അപകടം സംബന്ധിച്ച് പോലീസ് ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. ബീവറേജസ് കോര്‍പ്പറേഷനും മദ്യത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഗോഡൗണില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി വെല്‍ഡിങ് നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നതായാണ് വിവരം. കെട്ടിടം ഏറെക്കുറെ പൂര്‍ണമായും അഗ്നിക്കിരയായിട്ടുണ്ട്. അലൂമിനിയം ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയാണ് കെട്ടിടത്തിനുണ്ടായിരുന്നത്.

തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് യൂണിറ്റ് അഗ്‌നി രക്ഷാസേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം.

Share
Leave a Comment