CinemaMovie Reviews

കഥകളി തമിഴ് സിനിമയുടെ ആദ്യത്തെ മലയാളം റിവ്യൂ ; അമല്‍ ദേവ

വിശാല്‍ – പാണ്ഡിരാജ് കൂട്ടുകെട്ടിന്‍റെ കഥകളി നിങ്ങളെ ത്രില്ലടിപ്പിക്കും

അമല്‍ ദേവ

പസംഗ , പസംഗ ടു ഹൈക്കു എന്നീ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളുടെ സംവിധായകന്‍ പാണ്ഡിരാജ് തന്റെ പതിവ് വഴി മാറ്റി പുതിയ വഴിയിൽ ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് കഥകളി . പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ , തിരക്കഥ , സംഭാഷണം എന്നിവയും നിർവഹിച്ചിരിക്കുന്നത് . വിശാൽ ആണ് ചിത്രത്തിലെ നായകൻ , കാതറിന്‍ തെരേസ ആണ് നായിക , വിശാലിന്റെ വിശാൽ ഫിലിം ഫാക്ടറിയുടെയും സംവിധായകൻ പാണ്ഡിരാജിന്റെ പസംഗ പ്രോഡക്ഷൻസും ചേർന്നാണ് കഥകളി നിർമിക്കുന്നത് . സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ഹിപ് ഹോപ്‌ തമിഴ ആദി ആണ് . പൊങ്കൽ റിലീസായാണ് കഥകളി റിലീസ് ചെയ്തത് .
പാണ്ഡിരാജ് ആദ്യമായാണ്‌ ഒരു ആക്ഷൻ നിറച്ച ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത് . പസംഗ , പസംഗ ടു ഹൈക്കു പോലെയുള്ള ചിത്രങ്ങളുടെ സംവിധായകനിൽ നിന്ന് ഇങ്ങനെയൊരു ചിത്രം ഒരു വലിയ സർപ്രൈസ് തന്നെയാണ് .
കഥകളി എന്ന ചിത്രം പറയുന്നത് ലോക്കൽ ഗുണ്ടയായ തമ്പയുടെ അവിചാരിതമായ കൊലപാതകവും അതിനെ ചുറ്റിപറ്റി ഉണ്ടാവുന്ന കോലാഹലങ്ങളും അന്വേഷണവും , ഒടുവിൽ സസ്പെൻസ് മറ നീക്കി കൊലപാതകിയെ കണ്ടെത്തുന്നതുമാണ് .
വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം അമേരിക്കയില്‍ നിന്നും തന്‍റെ ജന്മസ്ഥലത്തേക്ക് മടങ്ങി വരുന്നു , തമ്പ എന്ന ഗുണ്ടാത്തലവന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടുപോകുന്നു . കൂടലൂരിലെ പേരെടുത്ത ഗുണ്ടയായ തമ്പയെ കൊന്നത് വിശാലിന്റെ കഥാപാത്രമാണോ ?! എങ്ങനെയാണ് അവൻ ഈ കൊലപാതകത്തിൽ ഉൾപ്പെട്ടു പോകുന്നത് ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമെങ്കിൽ ചിത്രം കാണുക തന്നെ വേണം കാരണം ഇതാണ് ചിത്രത്തിന്റെ കഥാതന്തുവും വഴിത്തിരിവും സസ്പെൻസും എല്ലാം .
മുൻചിത്രങ്ങളിലേത് പോലെ തന്നെ വിശാൽ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് , വിശാലിന്റെ പല ആക്ഷൻ രംഗങ്ങളും അദ്ദേഹത്തിന്റെ മുൻചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു എന്നത് മാത്രമാണ് ഒരു പോരായ്മ .
കാതറിൻ തെരേസയാണ് നായിക , പക്ഷെ വളരെ അഭിനയസാധ്യത കുറഞ്ഞ ചെറിയ വേഷമാണ് കാതറീന്റെത് , കരുണയുടെ കോമഡി രംഗങ്ങളും അഭിനന്ദനാർഹമാണ് , മറ്റു സഹനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ വളരെ ഭംഗിയായ്‌ ചെയ്തിട്ടുണ്ട് .
ബാലസുബ്രഹ്മണ്യം തന്റെ സിനിമാട്രോഗ്രഫിയിലൂടെ വീണ്ടും തിളങ്ങുകയാണ് , കഥകളിയുടെ ഏറ്റവും വലിയ പോസിറ്റീവും ഇത് തന്നെയാണ് , ചിത്രത്തിന്റെ എഡിറ്റർ പ്രദീപും വളരെ നല്ല വർക്ക് ആണ് ചെയ്തിരിക്കുന്നത് . ഹിപ് ഹോപ്‌ തമിഴ ആദിയുടെ പശ്ചാത്തല സംഗീതം കഥകളിയുടെ ജീവൻ തന്നെയാണ് , പ്രത്യേകിച്ചും ഇടക്കുള്ള ചെണ്ടമേളം ഒരു ത്രില്ലിംഗ് അനുഭൂതി നൽകുന്നു . സംവിധായകൻ പാണ്ഡിരാജിന് എങ്ങനെ ഒരു ത്രില്ലർ ഒരുക്കണമെന്ന് അറിയാം . കുട്ടികൾക്ക് വേണ്ടിയുള്ള രണ്ടു സിനിമകൾ ഒരുക്കിയ അദ്ദേഹം ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ ഒരുക്കുന്നതിലും ഒട്ടും മോശമല്ല എന്ന് കഥകളിയിലൂടെ തെളിയിച്ചു .
ആദ്യപകുതി ഒന്ന് സെറ്റിലാകാൻ അതിന്റേതായ സമയം എടുക്കുമ്പോൾ , ഇടവേളയ്ക്ക് തൊട്ടു മുൻപുള്ള രംഗങ്ങൾ പ്രേക്ഷകരിൽ ചിത്രം തുടർന്ന് കാണാനുള്ള അതിയായ ആകാംഷ ഉണർത്തുന്നു , രണ്ടാം പകുതിയിൽ വളരെ പ്രധാനമായ എന്തോ ഒന്നുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു , കുറച് അരോചകമാണ് രണ്ടാംപകുതിയെങ്കിലും പ്രേക്ഷകരെ ചിത്രത്തിന്റെ അവസാനം വരെ സീറ്റിൽ പിടിച്ചിരുത്താൻ പോന്ന ഘടകങ്ങൾ അതിലുണ്ട് .
ആമ്പളൈ , പൂജൈ പോലെയുളള ചിത്രങ്ങളുടെ നിലവാരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ ഈ ചിത്രത്തിൽ അതൊക്കെയുമായ് യാതൊരു സാമ്യവും പ്രതീക്ഷിക്കണ്ട , കാരണം ഇത് വളരെ നിലവാരം ഉള്ള സിനിമയാണ് , ഓരോ സീനിലും ഒരു പാണ്ഡിരാജ് സ്പർശം നിങ്ങൾക്ക് കാണാം , പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ത്രില്ലർ ചിത്രം തന്നെയാണ് കഥകളി , ഒരുവട്ടം കണ്ടിരിക്കാവുന്ന ചിത്രമാണ് കഥകളി , എന്നിരുന്നാലും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന നൂറുശതമാനം സംതൃപ്തി കഥകളിക്ക് നൽകാൻ സാധിക്കില്ല . ഒരു ക്ളീന്‍ ആക്ഷന്‍ ത്രില്ലര്‍ തന്നെയാണ് കഥകളി.

shortlink

Related Articles

Post Your Comments


Back to top button