GeneralNEWS

ദേശീയ ചലച്ചിത്ര പുരസ്‌കാര നിറവില്‍ എം.ജയചന്ദ്രന്‍

എന്ന് നിന്റെ മൊയ്തീനിലൂടെ കാഞ്ചന-മൊയ്തീന്‍ പ്രണയത്തിന്റെ തീവ്രത മലയാളികളുടെ മനസ്സില്‍ നൊമ്പരമായി മാറ്റിയ ഗാനമായിരുന്നു കാത്തിരുന്നു…കാത്തിരുന്നു എന്ന ഗാനം. എം.ജയചന്ദ്രനെ തേടി മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം എത്തുമ്പോള്‍ വീണ്ടും മലയാളികളുടെ ചുണ്ടില്‍ ഈ ഗാനം വിടരുകയാണ്.

ഏറെ നാള്‍ കാത്തിരുന്നു ഞാനെന്റെ മനസില്‍ സൂക്ഷിച്ച ഗാനമാണ് എന്നു നിന്റെ മൊയ്തീനിലെ ‘കാത്തിരുന്നു കാത്തിരുന്നു’ എന്ന ഗാനം, പുരസ്‌കാരം തന്റെ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും സമര്‍പ്പിക്കുന്നതായി മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ശേഷം എം.ജയചന്ദ്രന്‍ പ്രതികരിച്ചു.

മധുസൂദനന്‍ നായരുടേയും സുകുമാരിയുടേയും മകനായി 1971 ഏപ്രില്‍ 5 നാണ് എം ജയചന്ദ്രന്റെ ജനനം. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ മധുസൂദനന്‍ നായര്‍ നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്നു. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനമെന്നുള്ളതു കൊണ്ട് തന്നെ നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു.

അഞ്ചാം വയസ്സു മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. മുല്ലമൂട് ഭാഗവതര്‍ ഹരിഹര അയ്യര്‍ ആയിരുന്നു ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനു ശേഷം നെയ്യാറ്റിന്‍കര എം.കെ മോഹനചന്ദ്രനെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ 19 വര്‍ഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. അവിചാരിതമായി സണ്ണി വല്‍സലത്തെ പരിചയപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ കീഴില്‍ പാശ്ചാത്യ സംഗീതം അഭ്യസിക്കാനും വഴിയൊരുക്കി. ആ കാലത്ത് തന്നെ വില്‍സണ്‍ സിംഗിന്റെ കീഴില്‍ നിന്നും ഓര്‍ഗന്‍ അഭ്യസിച്ചു. കോളേജിലും കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം കേരളാ സര്‍വ്വകലാശാലയിലെ മികച്ച ശാസ്ത്രീയ സംഗീത ഗായകനായി 1987 മുതല്‍ 1990 വരെ തുടര്‍ച്ചയായി നാല് തവണ തിരഞ്ഞെടുക്കപ്പെട്ടു.

ഗുരുനാഥനായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് വഴി ആകാശവാണിയില്‍ നിരവധി ഗാനങ്ങള്‍ പാടുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. ദൂരദര്‍ശനില്‍ നിരവധി ലളിതഗാനങ്ങള്‍ സംഗീതം ചെയ്യുവാനും അദ്ദേഹത്തിനു കഴിഞ്ഞു. 1992 ല്‍ ഇറങ്ങിയ വസുധ എന്ന ചിത്രത്തില്‍ പാടുവാനുള്ള അവസരം ജയചന്ദ്രനെ തേടി എത്തി. അദ്ദേഹത്തിന്റെ അമ്മാവന്റെ സുഹൃത്തായിരുന്നു ആ ചിത്രം നിര്‍മ്മിച്ചത്. പെരുമ്പാവൂര്‍ സാറിന്റെ സംഗീതത്തില്‍ താഴമ്പൂ കുടിലിന്റെ എന്ന് തുടങ്ങുന്ന ഗാനം ചിത്രയ്‌ക്കൊപ്പമാണ് അന്ന് ആലപിച്ചത്. പിന്നീട് അഥര്‍വ്വം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ പൂവായ് വിരിഞ്ഞൂ എന്ന ഗാനത്തിന്റെ തെലുങ്ക് വെര്‍ഷന്‍ ആലപിച്ചു. ആ സമയത്ത് ചിത്രയുടെ ഉടമസ്ഥതയിലുള്ള ഓഡിയോട്രാക്‌സ് എന്ന സ്റ്റുഡിയോയില്‍ ധാരാളം ലളിതഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ജയചന്ദ്രന്‍ സംഗീതം നല്‍കുകയും ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ചെറുപ്പകാലത്തു തന്നെ ദേവരാജന്‍ മാഷിനെ ഇഷ്ടപ്പെട്ടിരുന്ന ജയചന്ദ്രന്‍, എന്റെ പൊന്നു തമ്പുരാന്‍ എന്ന ചിത്രത്തിലായിരുന്നു മാഷിന്റൊപ്പം ആദ്യം സഹായിയായി മാറിയത്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സംഗീതം പകര്‍ന്ന അക്ഷരം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് എം ജയചന്ദ്രനായിരുന്നു. അതിന്റെ റെക്കോര്‍ഡിംഗ് വേളയില്‍ പ്രസാദ് 70 എം എം സ്റ്റുഡിയോയില്‍ വച്ചാണ് അദ്ദേഹം ഗിരീഷ് പുത്തഞ്ചേരിയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് ജയചന്ദ്രനെ ഒരു സ്വതന്ത്ര സംഗീത സംവിധായകനാക്കി. തുടര്‍ന്ന് സുനില്‍ സംവിധാനം ചെയ്്ത് ബാബു ആന്റണി നായകനായ ചന്ത എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായി അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

ചന്തയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ അടുത്തു തന്നെ ഷാജൂണ്‍ കാര്യാലിന്റെ രജപുത്രന്‍ എന്ന ചിത്രത്തിനു വേണ്ടി സംഗീതം നല്‍കുവാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 2001 ല്‍ പുണ്യം എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 2002 ല്‍ പുറത്തിറങ്ങിയ അനില്‍ ബാബു സംവിധാനം ചെയ്ത വാല്‍ക്കണ്ണാടിയിലെ ഗാനങ്ങള്‍ എം ജയചന്ദ്രന്റെ കരിയറിലെ വഴിത്തിരിവായി. യേശുദാസും സുജാതയും ചേര്‍ന്നാലപിച്ച മണിക്കുയിലെ എന്ന ഗാനം ഹിറ്റാകുകയും, അമ്മേ അമ്മേ എന്ന ഗാനം ആലപിച്ച മധു ബാലകൃഷ്ണന് ആ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയും ചെയ്തു.

2003 ല്‍ ഇറങ്ങിയ ബാലേട്ടന്‍ സൂപ്പര്‍ ഹിറ്റാകുകയും അതിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തതോടെ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി എം ജയചന്ദ്രന്‍ മാറി. ആ വര്‍ഷമിറങ്ങിയ ഗൗരീശങ്കരമെന്ന ചിത്രത്തിലെ കണ്ണില്‍ മിന്നും എന്ന ഗാനത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി. 2004 ല്‍ പെരുമഴക്കാലത്തിലേയും കഥവശേഷനിലേയും ഗാനങ്ങളിലൂടെ അടുത്ത വര്‍ഷവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. നിവേദ്യത്തിലൂടെ 2007 ല്‍, മാടമ്പിയിലൂടെ 2008 ല്‍, കരയിലെക്കൊരു കടല്‍ ദൂരത്തിലൂടെ 2010 ല്‍, സെല്ലുലോയിഡിലൂടെ 2012 ല്‍ വീണ്ടും അദ്ദേഹത്തിനു മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2012 ല്‍ സ്വരലയ യേശുദാസ് അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button