Hollywood

പാപ്പരായ ശതകോടീശ്വരിയാകാന്‍ ജെന്നിഫര്‍ ലോറന്‍സ്

2003-ല്‍ തെറാനോസ് എന്ന ലബോറട്ടറി ശൃംഖല സ്ഥാപിച്ച്, രക്തപരിശോധന അടക്കമുള്ള മെഡിക്കല്‍ ടെസ്റ്റ് രീതികളില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തി, ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയില്‍ സ്വപ്രയത്നത്തിലൂടെ സമ്പന്നരായവരില്‍ ഏറ്റവും മുന്‍നിരയിലുള്ള വനിത എന്ന വിശേഷണം സ്വന്തമാക്കിയ എലിസബത്ത്‌ ഹോംസ് ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് തികച്ചും നിരാശാജനകമായ കാരണങ്ങളുടെ പേരിലായിരുന്നു. തെറാനോസിലെ രക്തപരിശോധന സംവിധാനങ്ങള്‍ തെറ്റായ പരിശോധനാഫലങ്ങള്‍ ആണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് 4.6-മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഉണ്ടായിരുന്ന ഹോംസിന്‍റെ മൂല്യം ഒറ്റയടിക്ക് “പൂജ്യം” ആയിമാറി എന്ന വാര്‍ത്തയായിരുന്നു അത്.

ഇപ്പോള്‍, ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവായ ആദം മക്കെ എലിസബത്ത്‌ ഹോംസിന്‍റെ ജീവിതം സിനിമയാക്കാനൊരുങ്ങുകയാണ്. ഹോളിവുഡിലെ വനിതാ താരങ്ങളില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന, ഓസ്കാര്‍ ജേതാവ് കൂടിയായ ജെന്നിഫര്‍ ലോറന്‍സാകും അഭ്രപാളികളില്‍ ഹോസിന്‍റെ വേഷം അവതരിപ്പിക്കുന്നത്. ആദം മക്കെയോടൊപ്പം ചേര്‍ന്ന് ജെന്നിഫര്‍ തന്നെയാകും ചിത്രം നിര്‍മ്മിക്കുന്നതും.

ഈ വര്‍ഷമാണ്‌ “ദി ബിഗ്‌ ഷോര്‍ട്ട്” എന്ന ആഗോള സാമ്പത്തികമാന്ദ്യത്തിന്‍റെ കാരണങ്ങളെപ്പറ്റി വിവരിക്കുന്ന ചിത്രത്തിന്‍റെ അവലംബിത തിരക്കഥയ്ക്ക് ആദം മക്കെയ്ക്ക് ഓസ്ക്കാര്‍ പുരസ്ക്കാരം ലഭിച്ചത്. 2011-ലെ “സില്‍വര്‍ ലൈനിംഗ് പ്ലേബുക്ക്” എന്ന ചിത്രത്തില്‍ അല്‍പ്പം വട്ടുള്ള ഒരു കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് ജെന്നിഫറിന് മികച്ച നടിക്കുള്ള ഓസ്കാര്‍ ലഭിച്ചത്.

അടുത്ത അവാര്‍ഡ് സീസണില്‍ ഈ രണ്ടുപേരും സജീവമായിത്തന്നെ കാണും എന്ന സൂചനകളാണ് തെറാനോസിനെക്കുറിച്ചുള്ള ഈ ചിത്രം ആരംഭഘട്ടത്തില്‍ത്തന്നെ നല്‍കുന്നത്.

shortlink

Post Your Comments


Back to top button