IFFK

പാലായനത്തിന്റെ നൊമ്പരവുമായി ഉദ്ഘാടനചിത്രം “പാര്‍ട്ടിങ്”

രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായ പാര്‍ട്ടിങ് ഡിസംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് തുറന്ന വേദിയായ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. പലായനത്തിന്റേയും കുടിയേറ്റത്തിന്റേയും സമകാലീന കഥാപശ്ചാത്തലമാണ് പാര്‍ട്ടിങിനുള്ളത്. കുടിയേറ്റത്തിന്റെ പേരില്‍ തന്റെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്ക് കുടിയേറേണ്ടി വരുന്ന ഫെറഷ്‌തെ എന്ന പെണ്‍കുട്ടിയുടേയും അവളെത്തേടിയിറങ്ങുന്ന കാമുകനായ നാബി എന്ന ചെറുപ്പക്കാരന്റേയും അനുഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 78 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നവീദ് മഹ്മൗദിയാണ്.
മേളയുടെ ആറാം ദിവസമായ 14 ന് 3 മണിക്ക് കൈരളി തീയേറ്ററില്‍ പാര്‍ട്ടിങ് വീണ്ടും പ്രദര്‍ശിപ്പിക്കും. ബൂസന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ച ചിത്രമാണ് പാര്‍ട്ടിങ്. തെസലോനിക്കി ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ (ഗ്രീസ്), താലിന്‍ ബ്ലാക് നൈറ്റ്‌സ് ഫിലിം ഫെസ്റ്റിവല്‍ (എസ്റ്റോണിയ), ബ്രിസ്‌ബേന്‍ ഏഷ്യ പെസഫിക് ഫിലിം ഫെസ്റ്റിവല്‍ (ആസ്‌ട്രേലിയ) എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഐ.എഫ്.എഫ്.കെ.യുടെ കേന്ദ്രപ്രമേയം കൂടിയായ കുടിയേറ്റം വിഷയമാക്കുന്ന ‘മൈഗ്രേഷന്‍ ഫിലിംസ്’ എന്ന വിഭാഗത്തില്‍ എട്ട് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button