Movie Reviews

സഖാവും സഖാവും തമ്മില്‍ ‘സഖാവ്’- മലയാളം സിനിമ നിരൂപണം

പ്രവീണ്‍.പി നായര്‍ 

ബി.രാകേഷ് നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ചിത്രമാണ്‌ ‘സഖാവ്’. പഴയകാല ഇടതുപക്ഷ രാഷ്ട്രീയ പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. സ്വന്തം കീശ വീര്‍പ്പിക്കാന്‍ എന്ത് കൊള്ളരുതായ്മയും ചെയ്തു കൂട്ടുന്ന വര്‍ത്തമാന കാലത്തിലെ സഖാവ് കൃഷ്ണ കുമാറിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.
‘കമ്മ്യൂണിസം’ എന്നാല്‍ എന്തെന്ന് വ്യക്തമായ ധാരണയില്ലാത്ത ന്യൂജനറേഷന്‍ സഖാക്കന്‍മാരുടെ നേര്‍രൂപമാണ്‌ നിവിന്‍ പോളി അവതരിപ്പിച്ച വര്‍ത്തമാന കാലത്തിലെ സഖാവ് കൃഷ്ണകുമാര്‍.
ആക്ഷേപ ഹാസ്യമെന്ന രീതിയിലായിരുന്നു സഖാവിന്‍റെ ആദ്യ പ്രയാണം. കുറുക്കു വഴികളിലൂടെ എല്ലാം കീഴ്പ്പെടുത്തണമെന്ന് സുഹൃത്തിനെ ഉപദേശിക്കുന്ന അധികാര മോഹിയായ കൃഷ്ണകുമാറിനെ ചിത്രത്തിന്‍റെ തുടക്കത്തില്‍ പരിഹാസം കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു. ഇന്നത്തെ എല്ലാ രാഷ്രീയ പ്രസ്ഥാനങ്ങളിലും ഇങ്ങനെയുള്ള കുതികാല്‍വെട്ടുകാരുടെ തള്ളി കയറ്റമാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എല്ലാം വെട്ടിപിടിക്കണമെന്ന മോഹവുമായി സ്വന്തം കൂട്ടുകാരനെ പോലും വക വരുത്താന്‍ തീരുമാനിക്കുന്ന ന്യൂജനറേഷന്‍ രാഷ്ട്രീയ നേതാവ് സഖാവ് കൃഷ്ണകുമാര്‍ പഴയ ധീരനായ കമ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് അറിയാന്‍ ഇടവരുന്നു.

തോട്ടം തൊഴിലാളികളുടെ അനുകൂല്യങ്ങള്‍ നിഷേധിക്കുന്ന മുതലാളി വര്‍ഗ്ഗത്തിനെതിരെ ചെങ്കൊടി പിടിച്ച് പ്രതിഷേധിക്കുന്ന ചരിത്ര നായകന്‍ സഖാവ് കൃഷ്ണന്‍റെ കഥയിലൂടെയാണ് സഖാവ് എന്ന ചിത്രം പ്രേക്ഷകന് അനുഭവമാകുന്നത്. പഴയ കാലഘട്ടത്തിന്‍റെ വിവരണത്തിലേക്ക് ക്യാമറ തിരിയുമ്പോള്‍ സിദ്ധാര്‍ത്ഥ ശിവ എന്ന ഫിലിം മേക്കര്‍ ഓരോ സീനുകളും മിടുക്കാര്‍ന്ന രീതിയില്‍ചിത്രീകരിച്ചെടുത്തിട്ടുണ്ട്. ചൂടേറിയ വിപ്ലവ സംഭാഷണങ്ങള്‍ ചിത്രത്തിന് കൂടുതല്‍നിറം പകര്‍ന്നപ്പോള്‍ സഖാവ് തെറ്റില്ലാത്ത സിനിമ അനുഭവമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ മുന്നേറി. വാണിജ്യ വിജയം അനിവാര്യമാണ് എന്ന ചിന്തയെയും സിദ്ധാര്‍ത്ഥ ശിവയിലെ സംവിധായകന്‍ കൂടെ ചേര്‍ക്കുന്നുണ്ട്. നിവിന്‍ പോളിയുടെ ഹീറോയിസം പല സന്ദര്‍ഭങ്ങളിലും സംവിധായകന്‍ സ്ക്രീനില്‍ പ്രയോജനപ്പെടുത്തി!. തോട്ടം തൊഴിലാളികളുടെയും കര്‍ഷകരുടെയുമൊക്കെ നീതിക്ക് വേണ്ടിയുള്ള ചരിത്ര കഥകളിലേക്ക് സിനിമ കടന്നു ചെല്ലുമ്പോള്‍ കഥയല്‍പ്പം ഇഴച്ചില്‍ അനുഭവമുണ്ടാക്കാറുണ്ട്, സിനിമയിലെ അത്തരം ഇഴച്ചില്‍ സീനുകള്‍ പ്രേക്ഷകന്‍റെ അസ്വാദനത്തില്‍ വിള്ളല്‍വീഴ്ത്തിയേക്കാം? പക്ഷേ സിദ്ധാര്‍ത്ഥ ശിവയിലെ എഴുത്തുകാരന്‍ അതൊക്കെ തന്ത്രപൂര്‍വ്വം പരിഹരിക്കുന്നുണ്ട്. കുറച്ചുകൂടി വിശാലമായി പരത്തി പറയുന്ന പൊളിറ്റിക്കല്‍ കഥയ്ക്കൊപ്പം കോമേഴ്സിയല്‍ അവതരണത്തിലേക്കും സഖാവ് പലപ്പോഴും വഴി മാറുന്നുണ്ട്.

ആദ്യ പകുതിയിലെ രംഗ ചിത്രീകരണങ്ങളെല്ലാം പ്രേക്ഷക മനസ്സില്‍ കടന്നുകൂടുമ്പോള്‍ ഈ ചിത്രം ബോക്സ്ഓഫീസില്‍ തരംഗമുണര്‍ത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. രണ്ടു കാലഘട്ടങ്ങളുടെ രാഷ്ട്രീയ കാഴ്ചപാടുകള്‍ ചിത്രീകരിക്കാന്‍ ഒരേ പേരുള്ള രണ്ടു സഖാക്കളെയാണ് സംവിധായകന്‍ തെരഞ്ഞെടുത്തത്. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് എങ്ങനെയാകണം എന്നതിനപ്പുറം നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനായി എങ്ങനെ മാറണം എന്ന ആശയം പങ്കുവെയ്ക്കുന്ന സഖാവ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് തീര്‍ച്ചയായും പകര്‍ത്തപ്പെടേണ്ട ചിത്രമാണ്‌.

പഴയകാല സമര ചരിത്രത്തില്‍ വീറോടെ നിന്ന ഇടതുപക്ഷ നേതാക്കന്‍മാര്‍ക്ക് സിദ്ധാര്‍ത്ഥ ശിവ നല്‍കിയ സല്യൂട്ടാണ്‌ സഖാവ് എന്ന ചിത്രം. ചെങ്കൊടി വീശിയും മുദ്രവാക്യം വിളിച്ചും മാത്രം കണ്ടിറങ്ങേണ്ട സിനിമയല്ല സഖാവ്. ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രമോട്ട് ചെയ്യാനല്ല സിദ്ധാര്‍ത്ഥ ശിവ സഖാവ് ഒരുക്കിയതെന്ന് സിനിമ തീരുമ്പോള്‍ വ്യക്തമാണ്. തിന്മയുടെ സഖാവിന് നന്മയുടെ സഖാവ് ഗുണപാഠമാകുന്നിടത്താണ് സഖാവ് അവസാനിക്കുന്നത്. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയോ അവരുടെ രാഷ്ട്രീയ നിലപാടുകളെയോ സഖാവില്‍ വിമര്‍ശിക്കപ്പെടുന്നില്ല. കമ്മ്യൂണസത്തിലെ നല്ല ആശയങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്ന ആര്‍ക്കും സ്വീകരിക്കാമെന്ന കറകളഞ്ഞ സന്ദേശമാണ് സിദ്ധാര്‍ത്ഥ ശിവ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

പവര്‍ഫുളായ സംഭാഷണങ്ങളാലും, ചിത്രത്തിന്‍റെ സന്ദര്‍ഭത്തിന് യോജ്യമായ വിധം സംഘട്ടന രംഗങ്ങള്‍ ഒരുക്കിയും സിദ്ധാര്‍ത്ഥ ശിവ പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. വിപ്ലവും, പ്രണയവും, സൗഹൃദവുമൊക്കെ ഇടകലര്‍ത്തിയ സഖാവ് പ്രേക്ഷക മനസ്സില്‍ എന്നും മായാതെ നില്‍ക്കുമെന്നത് തീര്‍ച്ചയാണ്.

രണ്ടര മണിക്കൂറില്‍ കൂടുതല്‍പറഞ്ഞ ചിത്രത്തിലെ ആശയത്തോട് പ്രേക്ഷകന് പൂര്‍ണ്ണമായും ഇണങ്ങാന്‍ പറ്റുന്നുണ്ട്. രണ്ടു സഖാക്കന്‍മാരുടെയും കഥാപാത്രം സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകന്റെയുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടുന്നു. ഗൗരവപരമായി ചിത്രത്തെ സമീപിക്കുന്നവര്‍ക്ക് മാത്രമല്ല, ഒരു എന്റര്‍ടെയിന്‍മെന്റ് എന്ന രീതിയിലും സഖാവ് പ്രേക്ഷകരെ നിരാശനാക്കുന്നില്ല . ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇങ്ങനെയൊരു ചിത്രം അനിവാര്യമാണ് എന്ന പ്രേക്ഷകന്‍റെ തോന്നലാണ് സഖാവ് എന്ന സിനിമയുടെ വിജയം.

നല്ല സംഭാഷണങ്ങള്‍ എഴുതി ചേര്‍ത്തും, രണ്ടേമുക്കാല്‍ മണിക്കൂറായതിനാല്‍ ഇടയ്ക്ക് കടന്നുവരുന്ന മുഷിച്ചിലുകള്‍ കോമേഴ്സിയല്‍ ചേരുവയിട്ട് പരിഹരിച്ചും സിദ്ധാര്‍ത്ഥ ശിവ എഴുതിയെടുത്ത തിരക്കഥ വലിയ മികവ് കൈവരിക്കുന്നുണ്ട്‌!

സിദ്ധാര്‍ത്ഥ ശിവയുടെ മേക്കിംഗ് രീതിയും നിലവാരം പുലര്‍ത്തി. എഡിറ്റിംഗ് വന്ന പോരായ്മകള്‍ കൂടി ശ്രദ്ധിച്ചിരുന്നേല്‍ സിദ്ധാര്‍ത്ഥ ശിവയിലെ സംവിധായകന്‍ ഒരുപാട് മുന്നേറുമായിരുന്നു.

ബിനുപപ്പനും നിവിന്‍ പോളിയും തമ്മിലുള്ള വനത്തിനുള്ളിലെ സംഘട്ടന രംഗം വാണിജ്യ സിനിമയ്ക്ക് ഉതകുന്ന രീതിയില്‍ കുറച്ചുകൂടി മനോഹരമായി ചെയ്തെടുക്കാമായിരുന്നു. വാര്‍ധക്യമേറിയിട്ടും സഖാവ്‌ കൃഷ്ണന്‍ ഫിസിക്കലായി കരുത്തനാണെന്ന് തെളിയിക്കാന്‍ ഗുണ്ടകളെ നേരിട്ട സംഘട്ടന രംഗം അരോചകമായി തോന്നി.മുഖ്യധാര സിനിമകളുടെ മുഖ്യ സൂത്രധാരനായി മുന്നില്‍ നില്‍ക്കണമെന്ന ആഗ്രഹമുള്ളത്‌ കൊണ്ടാകണം സിദ്ധാര്‍ത്ഥ ശിവയിലെ സംവിധായകന്‍ ഒട്ടേറെ കോമേഴ്സിയല്‍ ടച്ച് ചിത്രത്തിലേക്ക് കൂട്ടിയിണക്കിയത്.

അഭിനയ പ്രകടനം

മലയാള സിനിമയില്‍ യുക്തി കൊണ്ട് മുന്നേറുന്ന ഇത്രയും മിടുക്കനായ ഒരു നടന്‍ അടുത്തെങ്ങും ഉണ്ടായിട്ടില്ല. ഇതിനു മുന്‍പ് അങ്ങനെയൊരു നടനുണ്ടായിരുന്നത് പ്രേം നസീറാണ്. അദ്ദേഹം ഒരു മഹാനടനായിരുന്നില്ല എന്നാല്‍ എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന കോമേഴ്സിയല്‍ ചേരുവയുള്ള സിനിമകള്‍ തെരഞ്ഞെടുത്തതാണ് അദ്ദേഹത്തെ മലയാളത്തിലെ നിത്യഹരിത നായകനെന്ന വിശേഷണത്തിന് അര്‍ഹനാക്കിയത്. പ്രേക്ഷകരുടെ പള്‍സ് മനസ്സിലാക്കി സിനിമകള്‍ ചെയ്ത മലയാളികളുടെ ഈ സുന്ദരനായ നടന്‍ 700-ഓളം സിനിമകളില്‍ നായകനായി അഭിനയിച്ചതും അതുകൊണ്ടാണ്. നിവിന്‍ പോളി ഒരു സാധാരണ നടനാണ്‌,പക്ഷേ അയാള്‍ നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ ജനപ്രിയനാവുന്നുണ്ട്. ഇങ്ങനെ യുക്തിപരമായി നിവിന്‍ മുന്നേറിയാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മോഹന്‍ലാലിനേക്കാളും, മമ്മൂട്ടിയേക്കാളുമൊക്കെ വിജയ ചിത്രങ്ങള്‍ നിവിന്‍ പോളിയുടെ പേരിലുണ്ടാവും!. ആക്ടിംഗിനപ്പുറം പ്ലാനിംഗ് കൊണ്ട് മലയാളി പ്രേക്ഷകരിലേക്ക് ചേക്കേറുന്ന ബുദ്ധിശാലിയാണ് നിവിന്‍പോളി.

മുന്‍ചിത്രങ്ങളിലെ പോലെ നര്‍മം ചെയ്തപ്പോഴുള്ള അഭിനയ വഴക്കത്തിലെ പോരായ്മ സഖാവ് കൃഷ്ണ കുമാറിലൂടെ നിവിന്‍ പോളി മെച്ചപ്പെടുത്തുന്നുണ്ട്. മൂന്ന് ഗെറ്റപ്പുകളില്‍ എത്തുന്ന നിവിന്‍ ഏറ്റവും നന്നായി ചെയ്തത് ഇന്നത്തെ കാലഘട്ടത്തിലെ സഖാവിന്റെ വേഷമാണ്. പഴയ കാലഘട്ടത്തിലെ സഖാവ് കൃഷ്ണനെ മോശമല്ലാത്ത രീതിയിലും നിവിന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം നിവിന്‍ പോളിക്ക് ആദ്യമായാണ് ലഭിക്കുന്നത്.
‘സേഫ് സോണ്‍’ ആക്ടറെന്ന വിളിപ്പേരുള്ള നിവിന്‍ പോളി സഖാവിലൂടെ അത് മറികടക്കുന്നുണ്ട്. പഴയ കാലഘട്ടത്തിലെ സഖാവ് കൃഷ്ണന്‍റെ വാര്‍ധക്യ വേഷം പ്രയാസകരമായി അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒരു യുവനടനെന്ന നിലയില്‍ അത് ഏറ്റെടുത്ത ധൈര്യത്തെ കയ്യടികളോടെ സ്വീകരിക്കുന്നു.

നായികയായി അഭിനയിച്ച ഐശ്വര്യ രാജേഷും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സഖാവ് ജാനകിയുടെ വേഷം കൂടുതല്‍ മികച്ചതാക്കിയ ഐശ്വര്യ തന്നിലെ വാര്‍ദ്ധക്യ വേഷം തെറ്റില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്. അഭിനയ ചക്രവര്‍ത്തി കുതിരവട്ടം പപ്പുവിന്‍റെ മകന്‍ ബിനു പപ്പനും വേറിട്ട അഭിനയ മുഖം സമ്മാനിക്കുന്നു. ‘ഈരാളി’ എന്ന പോലീസ് ഓഫീസറുടെ വേഷത്തില്‍ ബിനുപപ്പന്‍ മലയാള സിനിമയുടെ പുതു വാഗ്ദാനമായി മുന്നേറുന്നുണ്ട്. ശ്രീനിവാസന്‍, ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, അല്‍ത്താഫ്, ബൈജു രണ്‍ജി പണിക്കര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

സമീപകാലത്തായി മലയാള സിനിമയുടെ സംഗീത സംവിധാന രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന കലാകാരനാണ് പ്രശാന്ത്‌പിള്ള. സഖാവിലെ ഗാനങ്ങളും പശ്ചാത്തല ഈണവും ഏറെ മികവു പുലര്‍ത്തി. ഗാനങ്ങളില്‍ വളരെ വ്യത്യസ്തതയൊന്നും അവകാശപ്പെടാനില്ലെങ്കിലും ചിത്രത്തിന്‍റെ സാഹചര്യത്തോട് നന്നായി ഇണങ്ങുന്ന ഈണങ്ങളാണ് പ്രശാന്ത് പിള്ള ഒരുക്കിയത്. പശ്ചാത്തല ഈണവും ഗംഭീരമായിരുന്നു. ഓടക്കുഴലും വയലിനുമടക്കമുള്ള മിക്ക വാദ്യോപകരണങ്ങളും മികച്ച രീതിയില്‍ പശ്ചാത്തലമായി ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കലാസംവിധാനവും പ്രശംസ അര്‍ഹിക്കുന്നു. ചില നല്ല ദൃശ്യങ്ങള്‍ വേഗത്തില്‍ കട്ട് ചെയ്തു മാറ്റിയതടക്കം സമ്പൂര്‍ണ്ണ പരാജയമായിരുന്നു ചിത്രത്തിലെ എഡിറ്റിംഗ് വിഭാഗം. പല സീനുകളുടെയും ഫിനിഷിംഗ് മെച്ചമായി തോന്നാതിരുന്നതും എഡിറ്റിംഗിന്‍റെ പോരായ്മയായിരുന്നു.
തേയില തോട്ടങ്ങളും കേരളത്തിലെ പീരുമേട് അടക്കമുള്ള മനോഹര സ്ഥലങ്ങളും പത്തിരട്ടി സൗന്ദര്യത്തോടെ ക്യാമറയില്‍ പകര്‍ത്തിയ ജോര്‍ജ്.സി വില്യംസിന്‍റെ ഛായാഗ്രഹണവും മികവ് പുലര്‍ത്തി. ചിത്രത്തിലെ ധന്യ ബാലകൃഷ്ണന്റെ വസ്ത്രലാങ്കരവും കയ്യടി അര്‍ഹിക്കുന്നു.

അവസാന വാചകം

മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാതെയും, ആരെയും മുറിവേല്‍പ്പിക്കാതെയും കമ്മ്യൂണിസം എന്ന ആശയത്തില്‍ നിന്നുകൊണ്ട് സിദ്ധാര്‍ത്ഥ ശിവ ഒരുക്കിയ ‘സഖാവ്’ ഒരിക്കലും ഒഴിവാക്കപ്പെടേണ്ട ചിത്രമല്ല എന്നും ഓര്‍ത്തിരിക്കേണ്ടതും, അംഗീകരിക്കേണ്ടതുമായ ചിത്രമാണ്‌.

shortlink

Related Articles

Post Your Comments


Back to top button