Movie Reviews

2 പെൺകുട്ടികൾ സിനിമാ റിവ്യൂ ; സംഗീത് കുന്നിന്‍മേല്‍

സംഗീത് കുന്നിന്‍മേല്‍
=========================================================
സ്ത്രീശാക്തീകരണം, സ്ത്രീപുരുഷസമത്വം തുടങ്ങിയ പദങ്ങളെല്ലാം നാം കാലങ്ങളായി കേൾക്കുകയും, ഇന്നും കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നവയാണ്. സ്ത്രീകളുടെ ഉന്നമനത്തിനായി ലോകമെമ്പാടും നടത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ പലതും ലക്‌ഷ്യം കാണുന്നുണ്ടെങ്കിലും ലിംഗവിവേചനവും സ്ത്രീകളോടുള്ള അതിക്രമവുമെല്ലാം നിർബാധം തുടരുകയും ചെയ്യുന്നുണ്ട് എന്ന യാഥാർത്ഥ്യം നാം അംഗീകരിച്ചേ മതിയാവൂ.

‘2 പെൺകുട്ടികൾ’ ഒരു സ്ത്രീപക്ഷ സിനിമയാണ്. എന്നാൽ കേവലമൊരു സ്ത്രീപക്ഷചിത്രം എന്ന ലേബലിൽ തളച്ചിടേണ്ട സിനിമയുമല്ല ഇത്. ‘പെൺകുട്ടികൾക്കെന്താ ആൺകുട്ടികളെ പോലെ ഒറ്റയ്ക്ക് സഞ്ചരിച്ചാൽ?’ എന്നതിൽ തുടങ്ങി ‘ദൈവം ആണോ പെണ്ണോ?’ എന്നിങ്ങനെ ഒട്ടനേകം ചോദ്യശരങ്ങൾ പ്രേക്ഷകഹൃദയങ്ങളിലേക്ക് തൊടുക്കുന്നുണ്ട് സംവിധായകനായ ജിയോ ബേബി തന്റെ പ്രഥമ ചിത്രത്തിലൂടെ. ‘പെൺകുട്ടികൾ കാൽ അകത്തി വെയ്ക്കരുത്, കാലാട്ടരുത്, ചൂളമടിക്കരുത്, ആൺകുട്ടികളോടൊപ്പം കളിക്കരുത്, ഉറക്കെ ശബ്ദമുണ്ടാക്കരുത്’ ഇങ്ങനെയുള്ള ആവശ്യങ്ങളെല്ലാം അനുസരിക്കാൻ നിർബന്ധിക്കപ്പെടുകയും അതോടൊപ്പം അതിൽ നിന്നെല്ലാം മോചനം ആഗ്രഹിക്കുകയും ചെയ്യുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനികളായ അശ്വതിയുടെയും (അന്ന ഫാത്തിമ) അനഘയുടെയും(ശ്യാം ഭവി) മനോവ്യാപാരങ്ങളിലൂടെയാണ്‌ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. രണ്ട് പെൺകുട്ടികളുടെയും ജീവിതസാഹചര്യങ്ങൾ തികച്ചും വിഭിന്നമാണെങ്കിലും ഒരു പെണ്ണിന് സമൂഹം കൽപ്പിച്ച ബന്ധനങ്ങൾ തകർത്തെറിയാനാഗ്രഹിക്കുന്നവരാണ് ഇരുവരും. ഒരു വേള അവരുടെ അത്തരത്തിലുള്ള ഒരാഗ്രഹം ലക്ഷ്യപ്രാപ്തി കൈവരിക്കുന്നുണ്ട്. എന്നാൽ അതിനു പിറകെ അവരെ തേടിയെത്തുന്ന വലിയോരാപത്ത് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.അശ്വതിയോട് അദ്ധ്യാപകൻ ഒരു നാൾ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതി വരാൻ ആവശ്യപ്പെടുന്നു. ആരാധനാലയങ്ങളിൽ പല കാര്യങ്ങൾക്കും വിലക്കുള്ളതും, പർദ്ദ ധരിക്കേണ്ടി വരുന്നതും, വിവാഹശേഷം അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഭർത്താവിന്റെ പേര് ചേർക്കേണ്ടി വരുന്നതും, പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നതും എല്ലാം സ്ത്രീകൾക്ക് മാത്രമാണ് എന്നിങ്ങനെയുള്ള അവളുടെ കണ്ടെത്തലുകളെ സമൂഹത്തിലെ വലിയൊരു വിഭാഗം സ്ത്രീകളുടെയും ചിന്തകളായി കണക്കാക്കാം.

1986 ൽ പദ്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിന്റെ കഥാതന്തുവുമായുള്ള സാദൃശ്യം ചിലയിടങ്ങളിലെങ്കിലും അനുഭവപ്പെടുന്നുണ്ട്. എന്നാൽ ആ ഒരു ചോദ്യം പ്രേക്ഷരുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കാൻ വേണ്ടിയാവണം ബുദ്ധിപരമായ നീക്കത്തിലൂടെ സംവിധായകൻ ആ ചിത്രവും ഈ സിനിമയിൽ പരാമർശവിധേയമാക്കിയത്. ചിത്രത്തിൽ എടുത്തു പറയേണ്ടത് അശ്വതിയെ അവതരിപ്പിച്ച അന്ന ഫാത്തിമയെന്ന കൊച്ചു മിടുക്കിയുടെ ഗംഭീര അഭിനയപ്രകടനമാണ്. ശ്യാം ഭവിയും സ്വാഭാവികാഭിനയം കാഴ്ച വെച്ചു. അതിഥിതാരങ്ങളായെത്തിയ അമല പോൾ, ടോവിനോ തോമസ്‌ തുടങ്ങിയവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. ബി.ആര്‍. നസീബ്, ജയചന്ദ്രന്‍ കോലഞ്ചേരി, ജോജി ജോസഫ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ചിത്രം ഈറോസ് ഇന്‍റര്‍നാഷണലാണ് തിയേറ്ററുകളിലെത്തിച്ചത്.

കച്ചവടച്ചേരുവകളൊന്നും ചേർക്കാതെയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രവചനീയമായ കഥാന്ത്യം എന്ന ന്യൂനത ഉണ്ടെങ്കിലും നൽകിയ സന്ദേശത്തിന്റെ പ്രാധാന്യം കൊണ്ട് അത് മറികടക്കാനാവുന്നുണ്ട് ചിത്രത്തിന്. ബുസാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ദക്ഷിണ കൊറിയ ഫിലിം ഫെസ്റ്റിവല്‍, തുര്‍ക്കി ഫിലിം ഫെസ്റ്റിവൽ, സ്വീഡനിലെ ബഫ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെല്ലാം ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരൂപകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പേര് ‘2 പെൺകുട്ടികൾ’ എന്നാണെങ്കിലും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധികളാണ് ഇവർ രണ്ടു പേരും.

shortlink

Related Articles

Post Your Comments


Back to top button