Film ArticlesGeneralNEWS

“മലയാള സിനിമയിലെ മക്കൾ മാഹാത്മ്യം”

സംഗീത് കുന്നിന്മേൽ

ബോളിവുഡിലും, കോളിവുഡിലും, ടോളിവുഡിലുമെല്ലാം താരപുത്രന്മാര്‍ ചലച്ചിത്രലോകത്തേക്ക് പ്രവേശിക്കുന്നതും അവിടെ വെന്നിക്കൊടി പാറിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മോളിവുഡിലെ സ്ഥിതി അൽപ്പം വ്യത്യസ്ഥമായിരുന്നു. അപൂർവ്വം ചില താരങ്ങൾ മാത്രമാണ് അവരുടെ മക്കളെ സിനിമാലോകത്തേക്ക് ആനയിച്ചത്. നിത്യഹരിത നായകനായ പ്രേം നസീറിന്റെ മകനായ ഷാനവാസും എം.ജി.സോമന്റെ മകനായ സജി സോമശേഖരനുമെല്ലാം ഇത്തരത്തിൽ സിനിമാലോകത്തേക്ക് കടന്നു വന്നവരാണ്. എന്നാൽ ഇരുവർക്കും ഈ രംഗത്ത് വേരുറപ്പിക്കാനായില്ല. തിരക്കഥാകൃത്തും നടനുമായിരുന്ന ജഗതി.എൻ.കെ.ആചാരിയുടെ മകനാണ് ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകൂമാർ. പ്രശസ്ത നാടകനടനായിരുന്നു ഒ.മാധവൻ. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ‘സായാഹ്നം’ അടക്കമുള്ള ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒട്ടനവധി ഹിറ്റ്‌ സിനിമകളുടെ ഭാഗമായ മുകേഷ് ഒ.മാധവന്റെ മകനാണ്. സിനിമയിൽ നായകനായും പ്രതിനായകനായും തിളങ്ങിയ രണ്ട് താരപുത്രന്മാരുണ്ട്. മലയാളസിനിമയിലെ ‘ഗോഡ്ഫാദറാ’യ എൻ.എൻ.പിള്ളയുടെ മകനായ വിജയരാഘവനും കൊട്ടാരക്കരയുടെ മകനായ സായ്കുമാറും.

സുകുമാരൻ-മല്ലിക താര ദമ്പതികളുടെ മക്കളായ പ്രിഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. 1986-ൽ പുറത്തിറങ്ങിയ പടയണി എന്ന ചിത്രത്തിലൂടെ ജ്യേഷ്ഠനായ ഇന്ദ്രജിത്ത് ആണ് ബാലതാരമായി സിനിമാലോകത്തേക്ക് ആദ്യം കാലെടുത്ത് വെച്ചത്. 2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെ സ്വപ്നതുല്യമായ അരങ്ങേറ്റമാണ് പ്രിഥ്വിരാജിന് ലഭിച്ചത്. സൂപ്പർതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പുത്രന്മാരും സിനിമ തന്നെയാണ് തങ്ങളുടെ തട്ടകം എന്ന് ഉറപ്പിച്ച മട്ടാണ്. മമ്മൂട്ടിയുടെ പുത്രനായ ദുൽഖര്‍ സൽമാൻ ഒരേ സമയം മലയാളത്തിലും തമിഴിലും ചുവടുറപ്പിക്കുകയും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു കഴിഞ്ഞു. മോഹൻലാലിന്റെ മകനായ പ്രണവ് ബാലതാരമായിട്ടാണ് സിനിമാലോകത്തേക്ക് കടന്നു വന്നതെങ്കിലും ഇപ്പോഴത്തെ പ്രവർത്തനമേഖല ക്യാമറയ്ക്ക് പിന്നിലാണ്. ജയറാമിന്റെ മകനായ കാളിദാസനും ബാലതാരമായി തന്നെയാണ് ചലച്ചിത്രലോകത്തേക്ക് വന്നത്. എന്നാൽ പതിമൂന്ന് വർഷങ്ങൾക്കിപ്പുറം കാളിദാസന്റെ രണ്ടാം വരവ് തമിഴ് സിനിമാലോകത്തേക്കാണെന്ന് മാത്രം.

ശ്രീനിവാസന്റെ രണ്ട് മക്കളായ വിനീതും, ധ്യാനും സിനിമാലോകത്ത് ചുവടുറപ്പിച്ചു കഴിഞ്ഞു. ജ്യേഷ്ഠനായ വിനീത് സംവിധായകൻ, ഗായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങുമ്പോൾ അനുജനായ ധ്യാൻ അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തുന്നത്. പഴയകാല സൂപ്പർഹിറ്റ് സംവിധായകനായ ഫാസിലിന്റെ ആൺമക്കളും വെള്ളിത്തിരയുടെ വിസ്മയ ലോകത്തേക്ക് കടന്നു വന്നു. ‘കയ്യെത്തും ദൂരത്ത് ‘ എന്ന ആദ്യ ചിത്രത്തിൽ കൈ പൊള്ളിയ ഫഹദ് തന്റെ രണ്ടാം വരവ് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അതിഗംഭീരമാക്കി. ഫഹദിന്റെ അനുജനായ ഫർഹാൻ ഫാസിലും ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായ ഭരത് ഗോപിയുടെ മകനായ മുരളി ഗോപി അഭിനയം, തിരക്കഥാരചന തുടങ്ങിയ രംഗങ്ങളിലെല്ലാം ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി അച്ഛന്റെ പേര് നിലനിർത്തുന്നുണ്ട്. പിൽക്കാലത്ത് ഒരുപിടി നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത കരമന ജനാർദ്ദനൻ നായരുടെ മകനായ സുധീർ കരമന വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ അഭിനയപാടവം മൂലം മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. നിര്‍മ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ ചെറുമകനായ കുഞ്ചാക്കോ ബോബനേയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അഭിനയകുലപതിയായ തിലകന്റെ മക്കളായ ഷമ്മി തിലകനും, ഷോബി തിലകനും സിനിമാരംഗത്ത് സജീവമാണ്. മറ്റൊരു മകനായ ഷിബു തിലകനും സിനിമയിൽ മുഖം കാണിച്ചിട്ടുണ്ട്. ഭരതന്റെയും കെ.പി.എ.സി ലളിതയുടെയും മകനായ സിദ്ധാർഥും, രാഘവന്റെ മകനായ ജിഷ്ണുവും ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് നായകന്മാരായി സിനിമയിലെത്തുന്നത്.
നടന്മാരുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ കുറവാണെങ്കിലും ചില നടിമാരും ഇത്തരത്തിൽ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്‌. പഴയകാല അഭിനേത്രിയായ രാധയുടെ മകളായ കാർത്തിക തമിഴിലും മലയാളത്തിലും സജീവമാണ്. നടനായ അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിൻ ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയാണ് ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചത്. നിർമ്മാതാവായ സുരേഷിന്റെയും നടി മേനകയുടെയും മകളായ കീർത്തി സുരേഷും ഇന്ന് തെന്നിന്ത്യൻ ഭാഷകളിലെ സജീവ സാന്നിദ്ധ്യമാണ്. ക്യാമറാമാനായ വിപിൻ മോഹന്റെ മകൾ മഞ്ജിമ മോഹൻ ബാലതാരമായി സിനിമയിൽ മുഖം കാണിക്കുകയും ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്തിരിക്കുന്നു. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാനയും മലയാളസിനിമയുടെ ഭാഗമായിക്കഴിഞ്ഞു. ഊർമ്മിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണിയും സിനിമയിൽ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. സിനിമാ-സീരിയൽ നടിയായ മഞ്ജു പിള്ള എസ.പി പിള്ളയുടെ ചെറുമകളാണ്.

കുതിരവട്ടം പപ്പുവിന്റെ മകന്‍ ബിനു പപ്പു, മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാന്‍ , ഫൈറ്റ് മാസ്റ്ററും നടനുമായ മാഫിയ ശശിയുടെ മകന്‍ സന്ദീപ് ശശി, സലിം ബാബയുടെ മകന്‍ ചെങ്കിസ്ഖാന്‍, സ്ഫടികം ജോര്‍ജിന്റെ മകന്‍ അജോ വര്‍ഗീസ്, ആലുംമൂടന്റെ മകൻ ബോബൻ ആലും മൂടൻ, സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദ്ദീന്‍, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്‍, സത്താറിന്റെയും ജയഭാരതിയുടെയും മകനായ കൃഷ്‌, ഷീലയുടെ മകനായ വിഷ്ണു, മോഹൻ കുമാർ-ശോഭ മോഹൻ ദമ്പതികളുടെ മക്കളായ വിനു മോഹനും അനു മോഹനും, ഇബ്രാഹിം കുട്ടിയുടെ മകനായ മഖ്ബൂൽ സൽമാൻ, മണിയൻ പിള്ള രാജുവിന്റെ മകനായ നിരഞ്ജൻ രാജു, ഐ.വി ശശി മകൾ അനു ശശി, ലക്ഷ്മിയുടെ മകൾ, രതീഷിന്റെ മക്കളായ പദ്മരാജും, പാർവ്വതിയും, ജയസൂര്യയുടെ മകനായ അദ്വൈത്, സിദ്ദീഖിന്റെ മകനായ ഷഹീൻ, ലാലിന്റെ മകനായ ജീൻ പോൾ ലാൽ എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച താരപുത്രന്മാരുടെയും പുത്രിമാരുടെയും പട്ടിക നീളുകയാണ്. അതോടൊപ്പം മറ്റു ചിലർ തങ്ങളുടെ തങ്ങളുടെ ഊഴം കാത്ത് കച്ച മുറുക്കി ഒരുങ്ങിയിരിപ്പുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുൽ, നടന്‍ വിജയ കുമാറിന്റെ മകളായ അര്‍ഥന വിജയകുമാർ, സുരാജ് വെഞ്ഞാറന്മൂടിന്റെ മകന്‍ കാശിനാഥൻ തുടങ്ങിയവരെല്ലാം ഈ ലിസ്റ്റിൽ പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button