Film ArticlesSpecial

“നടനത്തിലെ ‘കൽപ്പനാ’ചാരുത”

സംഗീത് കുന്നിന്മേൽ

ബാലതാരമായി വന്ന് ഹാസ്യതാരമായി വളർന്ന് ക്യാരക്റ്റർ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അഭിനേത്രിയെന്ന വിശേഷണം ചിലപ്പോൾ കൽപ്പനയ്ക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. മലയാള സിനിമയിലെ ഹാസ്യരംഗം പുരുഷന്മാർ അടക്കി വാണിരുന്ന കാലത്താണ് ‘ഡോക്ടർ പശുപതി’യിലെ യു.ഡി.സിയും, ‘ഇൻസ്പെക്ടർ ബൽറാമി’ലെ ദാക്ഷായണിയും, ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടി’ലെ പൊന്നമ്മയും,’ഗാന്ധർവ്വ’ത്തിലെ കൊട്ടാരക്കര കോമളവും, പൂച്ചയ്ക്കാര് മണികെട്ടും എന്ന ചിത്രത്തിലെ കാർത്തികയുമെല്ലാം തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്. ‘ചാർലി’യിലെ ക്വീൻ മേരിയായും, ‘സ്പിരിറ്റി’ലെ പങ്കജമായും, ‘ഇന്ത്യൻ രുപ്പി’യിലെ മേരിയായും പകർന്നാട്ടം നടത്തിയതും അതേ കൽപ്പന തന്നെയാണ്.
തൊണ്ണൂറുകളിലെ ഹാസ്യസിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു കൽപ്പന. ജഗതി, ഇന്നസെന്റ്, ജഗതീഷ് തുടങ്ങിയ നടന്മാരോടൊത്തുള്ള സീനുകളെല്ലാം മനസ്സറിഞ്ഞു ചിരിയ്ക്കാൻ വക നൽകിയവയാണ്. നിഷ്കളങ്കമായ ചിരിയും, കൊച്ചു കുട്ടികളെപ്പോലെയുള്ള സംസാരവുമെല്ലാം കൽപ്പന ചെയ്ത പല ഹാസ്യകഥാപാത്രങ്ങളുടെയും പ്രത്യേകതയാണ്. ഭാഗ്യരാജിനോടൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് സിനിമാ ലോകത്തേയ്ക്കുള്ള കൽപ്പനയുടെ അരങ്ങേറ്റം. പിന്നീട് സതി ലീലാവതി, പമ്മൽ.കെ.സംബന്ധം, കാക്കി സട്ടൈ തുടങ്ങി പത്തിലധികം സിനിമകളിൽ ചെറുതും വലുതുമായ റോളുകള്‍ ചെയ്ത് അവർ തമിഴകത്തിന്റെയും പ്രിയപ്പെട്ട നടിയായി മാറി. തെലുങ്കിലും കന്നടയിലും ഓരോ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും ടെലിവിഷൻ പരിപാടികളിലൂടെ മിനി സ്ക്രീൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഉഷാ ഉതുപ്പുമൊന്നിച്ച് ഒരു ആൽബത്തിലും കൽപ്പന അഭിനയിച്ചിരുന്നു. ‘ഞാന്‍ കൽപ്പന’ എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു കലാകുടുംബമായിരുന്നു കൽപ്പനയുടേത്. നാടകപ്രവർത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് കൽപ്പനയുടെ ജനനം. പ്രമുഖ നടികളായ ഉര്‍വശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്.സഹോദരന്മാരായ കമല്‍റോയിയും പ്രിന്‍സും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെ സഹോദരിയായ ഉർവ്വശിയോടൊപ്പം ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പതിമൂന്നാം വയസ്സിൽ എം.ടിയുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയില്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മുന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട കൽപ്പനയ്ക്ക് ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഒരു സ്വഭാവനടിയ്ക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിരുന്നിട്ട് കൂടി അവരുടെ ആ കഴിവുകൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്. കൽപ്പനയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചാർലി എന്ന ചിത്രത്തിലെ ‘ക്വീൻ മേരി’ അടക്കമുള്ള പല കഥാപാത്രങ്ങളും എടുത്തു നോക്കിയാൽ ഇക്കാര്യം സത്യമാണെന്ന് ബോദ്ധ്യമാവുകയും ചെയ്യും. ചിരിക്കാനും ചിന്തിക്കാനും ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച് ഓരോ മലയാളിയുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയ കലാകാരിക്ക് കണ്ണീരോടെ വിട.

shortlink

Related Articles

Post Your Comments


Back to top button