Film ArticlesGeneral

മലയാള സിനിമയില്‍ ഗ്രാമീണത മറയപ്പെടുന്നുവോ?

നല്ലൊരു ഗ്രാമീണ സിനിമ കണ്ടിട്ട് കാലം എത്രയായി?. പച്ചപ്പിന്‍റെ ഭംഗിയില്‍ പറയപ്പെടുന്ന സിനിമകള്‍ പതുങ്ങിയിരിക്കുകയാണ്. ഏറ്റവും ശുദ്ധതയോടെ പറഞ്ഞു നീങ്ങാന്‍ കഴിയുന്ന കഥകള്‍ക്കും,കഥാപാത്രങ്ങള്‍ക്കും,കഥാപാത്ര പരിസരങ്ങള്‍ക്കും തൂലിക ചലിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് ഇപ്പോള്‍ ക്ഷാമമാണ്. കാലം കടന്നാലും ഗ്രാമീണതയുടെ ആകര്‍ഷണം വളരെ വലുതാണ്‌. ഫ്രെയിമുകളില്‍ അപൂര്‍വ്വ ചാരുത നിറയ്ക്കാന്‍ ഗ്രാമീണത അത്രത്തോളം സഹായിക്കുന്നുണ്ട്. ലൊക്കേഷനുകളിലെ തിരഞ്ഞെടുപ്പ്‌ ഗ്രാമന്തരീക്ഷം തീര്‍ക്കുന്ന സിനിമകളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

കഥകളുടെ പൂര്‍ണത മികവാക്കുന്നതില്‍ ഗ്രാമ വിഷയങ്ങള്‍ക്കുള്ള പ്രസക്തി വളരെ വലുതാണ്‌. ഗ്രാമാന്തരീക്ഷത്തിലെ സിനിമകളാണ് കുടുംബ പ്രേക്ഷകരുമായി ഏറ്റവും നന്നായി ഇടപഴകുന്നത്. അവര്‍ വിജയിപ്പിച്ചു കൊടുത്ത എത്രയോ നാട്ടിന്‍ പുറ സിനിമകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. മുന്നില്‍ കാണുന്ന ജീവിതം പോലെ പച്ചയായ ഗ്രാമ ചിത്രം തെളിയുമ്പോള്‍ ഓരോ പ്രേക്ഷകനും അതൊരു ആനന്ദമാണ് . ഗ്രാമീണ സിനിമകളിലൂടെ എഴുത്തിന്‍റെ മനോഹാരിത നന്നായി പ്രകടമാക്കാന്‍ കഴിയും. നന്നായി എഴുതി തീര്‍ത്ത നാട്ടിന്‍പുറ സിനിമകള്‍ എത്രയോ കഥാകൃത്തുക്കളെ മലയാള സിനിമയുടെ അഭിമാനങ്ങളാക്കി മാറ്റിയിട്ടുണ്ട്.

സത്യന്‍ അന്തികാട് എന്ന സംവിധായകന്‍ ഒരു സിനിമ വര്‍ഷത്തിലൊരിക്കല്‍ ഗ്രാമീണത പൊതിഞ്ഞു അവതരിപ്പിക്കുന്നുവെങ്കിലും അതിന് പഴയൊരു തിളക്കമില്ല. നാട്ടിന്‍ പുറ ചിത്രീകരണങ്ങളെ പഴയ എത്രയോ സംവിധായകര്‍ എത്ര ചാരുതയോടെയാണ് വരച്ചു ചേര്‍ത്തിട്ടുള്ളത്‌. നഗരത്തിന്‍റെ ചുറ്റുപാടുകളോട് അധികവും ചേര്‍ന്ന് നില്‍ക്കുന്ന ഇന്നത്തെ സിനിമകള്‍ക്ക്‌ ഇടയില്‍ ഒരു ഗ്രാമീണ സിനിമകള്‍ കാണാന്‍ കൊതിയായി. ഗ്രാമീണതയെ പ്രേക്ഷകരിലേക്ക് വിസ്മയിപ്പിക്കാന്‍ ശ്രമിച്ച പലസംവിധയകരും വിജയത്തിന്‍റെ വഴികളിലായിരുന്നു വന്നു നിന്നത്. ഗ്രാമത്തിനുള്ളില്‍ പറയപ്പെടുന്ന കഥയ്ക്ക് വിശാലമായ നിഷ്കളങ്കതയുണ്ട്. നര്‍മങ്ങള്‍ക്കെല്ലാം ജീവിത സാഹചര്യ നര്‍മങ്ങളുമായി ചേരുന്ന മധുരമുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ “ജിലേബി” എന്ന സിനിമ ഗ്രാമീണത മധുരിച്ച സിനിമയായിരുന്നു ജിലേബിയിലെ “ഞാനൊരു മലയാളീ” എന്ന ഗാനം ഗ്രാമ സൗന്ദര്യം വാരി വിതറിയ ഗാനങ്ങളില്‍ ഒന്നായിരുന്നു. ഇന്ന് അപൂര്‍വ്വം സിനിമകള്‍ മാത്രമാണ് ഗ്രാമങ്ങളുമായി കൂട്ട് കൂടുന്നത്.
സംഗീതത്തിനു ഏറ്റവും പെരുമ നല്‍കുന്ന ഇടം ഗ്രാമീണ സിനിമകളാണ്.

വരികള്‍ക്കും,ഈണത്തിനും ഗ്രാമ സിനിമകള്‍ നല്‍കുന്ന സൗന്ദര്യം വര്‍ണിക്കാന്‍ കഴിയാത്തതാണ്. വരികള്‍ എഴുതുന്നവര്‍ക്കും സംഗീതം പകരുന്നവര്‍ക്കും ഗ്രാമ സൗന്ദര്യം നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണ്‌.

കഥാപാത്രങ്ങളിലെ അഭിനയ പ്രകടനത്തിനും നാട്ടു സിനിമകളില്‍ അര്‍ഹിച്ച ഇടം കൈവരുന്നുണ്ട്.മാനുഷിക നന്മകള്‍ ചേര്‍ത്ത് പറഞ്ഞ ഗ്രാമീണ സിനിമകളിലെല്ലാം അഭിനയ സാദ്ധ്യതകള്‍ക്ക് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്.

മലയാളികള്‍ ഏറ്റവും കൊതിക്കുന്നത് നല്ലൊരു ഗ്രാമീണ സിനിമകള്‍ കാണാനാണ്. ഗ്രാമീണ സിനിമകള്‍ നന്നായി എഴുതിയിട്ടുള്ള രഘുനാഥ് പലേരിയുടെ അടുക്കല്‍ ഒരു പ്രേക്ഷകന്‍ ചോദിച്ചു സര്‍ ഒരു ഗ്രാമീണ സിനിമ എഴുതികൂടെ?രഘുനാഥ് പലേരി വളരെ ലളിതമായി മറുപടി നല്‍കി ‘എഴുതാം പക്ഷേ അതിന് നാടെവിടെ’? ആ ഒരു ചോദ്യത്തിന്‍റെ പ്രസക്തിയെ കുറിച്ചാണ് ചിന്തിക്കേണ്ടിയിരിക്കേണ്ടത്.

സത്യന്‍ അന്തികാടും,കമലും,സിബിമലയിലുമൊക്കെ ഗ്രാമ സൗന്ദര്യങ്ങളെ നന്നായി സിനിമയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.ആ സിനിമകള്‍ക്കുള്ള ജീവന്‍ അത്ര വലുതാണ്‌. പ്രേക്ഷകര്‍ ഹൃദയങ്ങളിലേക്ക് ചേര്‍ത്തു വെച്ച നിരവധി ഗ്രാമ ചിത്രങ്ങള്‍ ഇന്നും മനസ്സില്‍ തെളിഞ്ഞു തന്നെ കിടപ്പുണ്ട്. സ്വാഭാവിക സിനിമകള്‍ വെള്ളിത്തിരയില്‍ വട്ടമിടുമ്പോഴും നഗരത്തിന്‍റെ പ്രതലമാണ് കൂടുതലും വെളിവാകുന്നത്. ഗ്രാമീണ സിനിമകള്‍ ഒരിക്കലും മലയാള പ്രേക്ഷകരില്‍ നിന്ന് മായപ്പെടരുത്. ഇനിയും ഗ്രാമത്തെ വശ്യ സുന്ദരമാക്കുന്ന സിനിമകള്‍ വരണം അത് കാണാന്‍ കൊതിക്കുന്ന ഒരു കൂട്ടം പ്രേക്ഷരുണ്ട് ഇവിടെ.

shortlink

Related Articles

Post Your Comments


Back to top button