Film Articles

സിനിമയിലെ ചില ആനക്കഥകള്‍

പ്രവീണ്‍  പി നായര്‍

1971-ല്‍ ഇറങ്ങിയ ഹിന്ദിയിലെ വളരെ പ്രശസ്തമായ സിനിമയായിരുന്നു
‘ഹാത്തി മേരേ സാത്തി’. ഈ ആനക്കഥ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുകയും ഇത് വലിയൊരു ബോക്സ്‌ഓഫീസ് വിജയം നേടുകയും ചെയ്തു. ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് തമിഴ് നാട്ടുകാരനായ എം.എ തിരുമുഗമാണ്. അയാളുടെ സഹോദരനായിരുന്ന ചിന്നപ്പ തേവര്‍ ആയിരുന്നു ഇതിന്‍റെ നിര്‍മാണം. ഹാത്തി മേരേ സാത്തിക്ക് തൂലിക ചലിപ്പിച്ചത് ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌ ചിത്രമായ ഷോലെയുടെ തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ്‌ ആണ്. ഇവര്‍ ചേര്‍ന്നു എഴുതിയ ആദ്യ സിനിമയായിരുന്നു ‘ഹാത്തി മേരേ സാത്തി’.
ഈ സിനിമയിലെ നായകന്‍ രാജേഷ് ഖന്നയും നായിക തനൂജയുമാണ്.
‘നല്ല നേരം’ എന്ന പേരില്‍ ‘ഹാത്തി മേരേ സാത്തി’ തമിഴില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. രാജു എന്ന വ്യക്തിയും അയാളുടെ ആനകളും തമ്മിലുള്ള സ്നേഹം അയാളുടെ കുടുംബ ജീവിതത്തില്‍ വരുത്തുന്ന പ്രശ്നങ്ങളെയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
‘ഗുരുവായൂര്‍ കേശവന്‍’

മലയാള സിനിമയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആനക്കഥയാണ് ഗുരുവായൂര്‍ കേശവന്‍. 1977-ല്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഭരതനാണ്. മഞ്ഞിലാവിന്‍റെ ബാനറില്‍ എം.ഒ ജോസഫ്‌ നിര്‍മ്മിച്ച സിനിമയാണ് ഗുരുവായൂര്‍ കേശവന്‍. സോമനും, അടൂര്‍ ഭാസിയും, ജയഭാരതിയുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. പുതൂര്‍ ഉണ്ണി കൃഷ്ണനും, എന്‍.ഗോവിന്ദന്‍ കുട്ടിയും ചേര്‍ന്നാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ഗാനങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള ഈ സിനിമയില്‍ പി.ഭാസ്കരന്‍റെ വരികള്‍ക്ക് ദേവരാജനാണ് ഈണമിട്ടിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയായിരുന്ന കേശവന്‍റെ കഥ പറയുന്ന സിനിമയാണ് ‘ഗുരുവായൂര്‍ കേശവന്‍’.

‘ഗജകേസരി യോഗം’

നര്‍മപ്രധാനവും വൈകാരികതയും നിറഞ്ഞു നില്‍ക്കുന്ന വളരെ ലളിതമായ ഒരു സിനിമയായിരുന്നു 1990-ല്‍ പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഗജകേസരിയോഗം’. മുംതാസ് ബഷീറാണ് ഈ ചിത്രം നിരിമ്മിച്ചത്. കലൂര്‍ ഡെന്നിസാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത്. അയ്യപ്പന്‍ നായര്‍ സ്വന്തമായി ആനയെ വാങ്ങുന്നതും പിന്നീടു ഉണ്ടാകുന്ന ഊരാക്കുടുക്കുകളുമാണ് സിനിമ പറയുന്നത്. മനുഷ്യനും ആനയും തമ്മിലുള്ള ആത്മബന്ധത്തെ നന്നായി പരാമര്‍ശിച്ച ചിത്രം കൂടിയായിരുന്നു ‘ഗജകേസരിയോഗം’. അയ്യപ്പന്‍ നായരായി ഇന്നസന്‍റ് ആണ് വേഷമിട്ടത് കൂടാതെ മുകേഷ്, സുനിത, കെ.പി.എസി ലളിത എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

‘കുംകി’
2012-ല്‍ ഇറങ്ങിയ ഈ പ്രഭു സോളമന്‍ ചിത്രം ഏറെ പ്രേക്ഷക സ്വീകാര്യത പിടിച്ചു പറ്റിയിരുന്നു. പ്രഭുവിന്‍റെ മകനായ വിക്രം പ്രഭുവാണ് ഈ സിനിമയില്‍ നായക വേഷം ചെയ്തിരിക്കുന്നത്. തിരുപ്പതി ബ്രദേഴ്സിന്‍റെ ബാനറില്‍ പ്രശസ്ത സംവിധായകന്‍ ലിങ്കു സ്വാമിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. കൊമ്പന്‍ എന്ന ആനയെ മെരുക്കാന്‍ വേണ്ടി ബൊമ്മനും മാണിക്കന്‍ എന്ന ആനയും കൂടി ഒരു ഗ്രാമത്തില്‍ വരുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. ലക്ഷ്മി മേനോനാണ് ഈ ചിത്രത്തിലെ നായിക.

‘ഗജകേസരി’

അര്‍ജുന്‍ എന്ന കേരളത്തില്‍ നിന്നുള്ള ആനയാണ് ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. യാഷ് നായകനായ 2014-ല്‍ പുറത്തിറങ്ങിയ കന്നഡ സിനിമയാണ് ‘ഗജകേസരി’. കൃഷ്ണയാണ് ഈ സിനിമയുടെ സംവിധായകന്‍. എല്ലാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തില്‍ കന്നടയിലെ സ്ഥിരം ആഘോഷ സിനിമ പോലെയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. അര്‍ജുന്‍ എന്ന ആനയുടെ ഗംഭീര പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നു.
നായകനും-ആനയും തമ്മിലുള്ള മികച്ച രംഗങ്ങള്‍ ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്.

shortlink

Related Articles

Post Your Comments


Back to top button