Film ArticlesNEWSNostalgia

“ഓട്ടോറിക്ഷാ ഡ്രൈവർമാരായി വെള്ളിത്തിരയിൽ തിളങ്ങിയവർ”

സംഗീത് കുന്നിന്മേല്‍

സാധാരണക്കാന്റെ വാഹനമായതുകൊണ്ടാവും ആളുകൾക്ക് ഓട്ടോറിക്ഷയോട് വല്ലാത്തൊരിഷ്ടമുണ്ട്. സിനിമകളിലെയും ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട കഥകൾ ആളുകൾക്കിഷ്ടമാണ്. ഓട്ടോറിക്ഷാ തൊഴിലാളിയായി വേഷമിട്ട സിനിമാതാരങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുക ലാലേട്ടനെയും രജനീകാന്തിനേയും ആയിരിക്കും. മോഹൻലാലിനെ ഓർക്കുക ‘ഏയ് ഓട്ടോ’ എന്ന സിനിമയിലൂടെ ആണെന്നെങ്കിൽ, ‘ബാഷ’ ആയിരുന്നു രാജനീകാന്തിന്റെ ‘ഓട്ടോ ചിത്രം’.’ഏയ് ഓട്ടോ’യിൽ മോഹൻലാൽ അവതരിപ്പിച്ച സുധി എന്ന നിഷ്കളങ്കനായ കഥാപാത്രം ഇന്നും പ്രേക്ഷകഹൃദയങ്ങളിൽ കുടിയിരിക്കുന്ന ഓന്നാണ്‌. തമിഴും മലയാളവുമൊക്കെ പിന്നിട്ട് ബോളിവുഡ് വരെ ഒട്ടോയിലേറി സഞ്ചരിച്ച ആളാണ്‌ രജനീകാന്ത്. ‘ബാഷ’യിലെ ‘നാൻ ആട്ടോക്കാരൻ’ എന്നു തുടങ്ങുന്ന ഗാനം ഓരോ ഓട്ടോറിക്ഷാ തൊഴിലാളികളുടേയും ഇഷ്ടഗാനമാവാനേ വഴിയുള്ളൂ. മാണിക്യം എന്ന ഓട്ടോ ഡ്രൈവറായും, മാണിക് ബാഷ എന്ന അധോലോകനായകാനായും തലൈവർ ഈ ചിത്രത്തിൽ തിളങ്ങി.
കൊച്ചിരാജാവ് എന്ന ദിലീപ് ചിത്രവും ഇക്കൂട്ടത്തിൽ പെട്ടതാണ്. 2005-ൽ ആണ് ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത്. ‘മൂന്ന് ചക്രവണ്ടിയിത് ‘ എന്നു തുടങ്ങുന്ന ഓട്ടോറിക്ഷയുടെ ഗുണഗണങ്ങൾ വർണ്ണിക്കുന്ന ഒരു ഹിറ്റ്‌ പാട്ടുമുണ്ട് ചിത്രത്തിൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിൽ ജയറാം ഒരു ഓട്ടോ ഡ്രൈവറായാണ്‌ വേഷമിട്ടത്. യുവതാരങ്ങളിലാണെങ്കിൽ വലിയൊരു വിഭാഗവും ഓട്ടോ ഒടിച്ചിട്ടുള്ളവരാണ്. ഫഹദ് ഫാസിൽ ‘ഫ്രൈഡേ’യിലും, പൃഥ്വിരാജ് ‘കംഗാരു’വിലും, കുഞ്ചാക്കോ ബോബൻ ‘ജമ്നാ പ്യാരിയിലും’, വിനയ് ഫോർട്ട് ഷട്ടറിലും, ജയസൂര്യ കുമ്പസാരത്തിലും ഓട്ടോറിക്ഷാ തൊഴിലാളിയുടെ കുപ്പായമിട്ടു.

പഴയകാല മലയാള സിനിമകളിലുമുണ്ട് മനസ്സിൽ തങ്ങി നിൽക്കുന്ന കുറേയധികം ഓട്ടോ ഡ്രൈവർമാർ. ഓട്ടോ ബ്രദേഴ്സ് അത്തരത്തിലൊരു ചിത്രമാണ്‌. ജഗദീഷും ഹരിശ്രീ അശോകനും ബൈജുവുമെല്ലാം ഓട്ടോ ഡ്രൈവർമാരായി തകർത്തഭിനയിച്ച ഈ ചിത്രം പുറത്തിറങ്ങിയത് 1999-ൽ ആയിരുന്നു. ‘മക്കൾ മാഹാത്മ്യ’ത്തിലും ജഗദീഷ് ഓട്ടോറിക്ഷാ തൊഴിലാളിയായി തിളങ്ങി. ‘ത്രീ മെൻ ആർമി’ എന്ന സിനിമയിൽ ഇന്ദ്രൻസ് ചെയ്ത കഥാപാത്രവും ഇക്കൂട്ടത്തിൽ പെട്ട ഒന്നാണ്.

അന്യഭാഷ സിനിമകളിലും നമുക്ക് ഈ ഓട്ടോറിക്ഷാ പ്രേമം തെളിഞ്ഞ് കാണാം. തമിഴ് ചിത്രമായ വെട്ടൈക്കാരൻ ഇത്തരത്തിൽ ഒരു സിനിമയാണ്. ഇതിൽ വിജയ്‌ ഓട്ടോറിക്ഷാ ഡ്രൈവറായാണ്‌ വേഷമിട്ടത്. ഉപേന്ദ്ര നായകനായ ‘ഓട്ടോ ശങ്കർ’, നാഗാർജുന പ്രധാന വേഷത്തിലെത്തിയ ‘ഓട്ടോ ഡ്രൈവർ’, ദർശൻ നായകവേഷത്തിലെത്തിയ ‘സാരഥി’, നസറുദ്ദീൻ ഷായുടെ ‘ഹീറോ ഹീരാലാൽ’ ഇതെല്ലാം അന്യഭാഷങ്ങളിലെ ഓട്ടോറിക്ഷാ പ്രേമത്തിനുള്ള ഉദാഹരണങ്ങളാണ്. 1982 ശങ്കർ നാഗ് നായകനായെത്തിയ ഓട്ടോ രാജ എന്ന ചിത്രം അതേ വർഷം തമിഴിലും 21 വർഷങ്ങൾക്ക് ശേഷം കന്നടയിൽ തന്നെയും റീമേക്ക്‌ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നിരവധി അന്യഭാഷാചിത്രങ്ങളിൽ നായകന്മാർ ഓട്ടോറിക്ഷാ ഡ്രൈവർമാരായെത്തിയിട്ടുണ്ട്.
നായകന്മാർ മാത്രമല്ല നായികമാരും ഓടിച്ച വാഹനമാണ് ഓട്ടോറിക്ഷ. പുന്നാരം എന്ന സിനിമയിൽ കൽപ്പന ഒരു ഓട്ടോറിക്ഷ ഡ്രൈവറായി വേഷമിടുന്നുണ്ട്. അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലെ ഭാവന അവതരിപ്പിച്ച ലത എന്ന ഓട്ടോ ഡ്രൈവറെയും ആരും മറക്കാനിടയില്ല. റോഡുകളിൽ കാറുകളും, ഓട്ടോ കാറുകളുമെല്ലാം ഒട്ടോറിക്ഷകളുടെ സ്ഥാനം കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ഓട്ടോറിക്ഷയും ഈ ഓട്ടോ ചിത്രങ്ങളും ജനമനസ്സുകളിൽ മായാതെ നിൽക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button