CinemaNEWS

“ജ്യേഷ്ഠന് അനുജത്തിയുടെ യാത്രാമൊഴി”

സിനിമയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും സൗഹൃദത്തിനും സ്നേഹബന്ധങ്ങൾക്കും വില നൽകിയിരുന്ന ആളായിരുന്നു രാജേഷ് പിള്ള. കലാകാരന്മാരോട് 2016 എന്ന വർഷം നടത്തിക്കൊണ്ടിരിക്കുന്ന വേട്ടയുടെ അവസാനത്തെ ഇരയാണ് അദ്ദേഹം. കൽപ്പന മുതൽ അക്ബർ കക്കട്ടിൽ വരെയുള്ളവർ യാത്രയായ വഴിയേ ഇതാ രാജേഷ് പിള്ളയും പോയ്‌ മറഞ്ഞിരിക്കുന്നു. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം രാജേഷ് പിള്ള വെറുമൊരു സംവിധായകനല്ല, മറിച്ച് തളർച്ചയുടെ വക്കിലായിരുന്ന മലയാള സിനിമാ മേഖലയെ ‘ട്രാഫിക്കി’ലൂടെ പുതിയൊരു പാതയിലേക്ക് കൈ പിടിച്ചുയർത്തിയ പ്രതിഭയാണ്. തുടർന്നങ്ങോട്ടായിരുന്നു മലയാള സിനിമയിൽ ന്യൂ ജനറേഷൻ യുഗത്തിന്റെ ആരംഭം.

പരാജയത്തിന്റെ കയ്പ്പുനീർ കുടിച്ചായിരുന്നു സിനിമാലോകത്തേക്കുള്ള രാജേഷിന്റെ പ്രവേശനം. അദ്ദേഹത്തിന്റെ പ്രഥമ സംവിധാന സംരഭമായ ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ പ്രേക്ഷകർ സ്വീകരിച്ചില്ല. എന്നാൽ ആറ് വർഷങ്ങൾക്കപ്പുറം 2011-ൽ പുറത്തിറങ്ങിയ ട്രാഫിക്ക് എന്ന ചിത്രം മലയാള സിനിമ ചരിത്രത്തിലെ വഴിത്തിരിവായി മാറി. അന്യ ഭാഷാ ചിത്രങ്ങളിലൂടെ മാത്രം മലയാളി കണ്ടു പരിചയിച്ച മൾട്ടി ലീനിയർ കഥാവതരണ രീതിയാണ് രാജേഷ് ‘ട്രാഫിക്കി’ന് വേണ്ടി സ്വീകരിച്ചത്. അവയവദാനതിന്റെ മഹത്വം പ്രമേയമാക്കി അവതരിപ്പിച്ച ഈ സസ്പെൻസ് ത്രില്ലർ മാത്രം മതി രാജേഷ് പിള്ള എന്ന സംവിധായകന്റെ കഴിവ് വിളിച്ചോതുവാൻ. ട്രാഫിക്കിന്റെ സ്വീകാര്യതയെത്തുടർന്ന് നിരവധി പരീക്ഷണ ചിത്രങ്ങൾ മലയാള സിനിമയിൽ അവതരിക്കപ്പെടുകയുണ്ടായി. അന്യ ഭാഷകളിലേക്കും റീമേക്ക് ചെയ്ത ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. തുടർന്ന് സ്ത്രീപക്ഷ സിനിമയായ ‘മിലി’യും പ്രേക്ഷകരുടെ മുന്നിലെത്തി. വേട്ട എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ അദ്ദേഹം അത്യാസന്ന നിലയിൽ ആശുപത്രി കിടക്കിയിലായിരുന്നു. ‘മോട്ടോർ സൈക്കിൾ ഡയറീസ്‌’,’ലൂസിഫർ’ എന്നിങ്ങനെ പറഞ്ഞതിലുമേറെ കഥകൾ പറയാതെ ബാക്കി വെച്ച് ഒരു സസ്പെൻസ് ത്രില്ലർ സിനിമ പോലെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അദ്ദേഹത്തിന്റെ സ്നേഹിതരെ സംബന്ധിച്ചിടത്തോളം ചിന്തയിലും പ്രവൃത്തിയിലും സിനിമ മാത്രം സൂക്ഷിച്ച ആളായിരുന്നു രാജേഷ് പിള്ള. സിനിമാ രംഗത്തെ പ്രമുഖർ പലരും തങ്ങൾക്ക് രാജേഷ് പിള്ളയുമായി തങ്ങൾക്കുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം വ്യക്തമാക്കിക്കൊണ്ടുള്ള ഓർമ്മക്കുറിപ്പുകൾ പങ്കു വെയ്ക്കുന്നുണ്ട്. അക്കൂട്ടത്തിൽ വായനക്കാരന്റെ ഹൃദയത്തിൽ നീറ്റലായി മാറുന്നു മഞ്ജു വാര്യർ എഴുതിയ അനുസ്മരണക്കുറിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. താനും രാജേഷും തമ്മിൽ നില നിന്നിരുന്ന സഹോദരീസഹോദര ബന്ധത്തെക്കുറിച്ചാണ് മഞ്ജുവിന്റെ അനുസ്മരണക്കുറിപ്പ്. ജ്യേഷ്ഠതുല്യമായ ഒരു ബന്ധത്തിന്റെ തണുപ്പ് താൻ രാജേഷിൽ നിന്നും അറിഞ്ഞിരുന്നുവെന്നും മഞ്ജു അനുസ്മരിക്കുന്നു.

മഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

” രാജേഷ്..

ഉറങ്ങിക്കോളൂ..അത്രത്തോളം അധ്വാനിച്ചിട്ടുണ്ട് സിനിമയ്ക്ക് വേണ്ടി നിങ്ങൾ. എല്ലാ കൈക്കുറ്റപ്പാടുകളും തീർത്ത്,വിറയ്ക്കുന്ന കൈകൊണ്ട് ആദ്യകോപ്പി ഒപ്പിട്ട് വാങ്ങിയതിനുശേഷമല്ലേ ആശുപത്രിയിലേക്ക് പോയത്; ഒരു സ്രഷ്ടാവിന്റെ എല്ലാ സന്തോഷങ്ങളോടെയും തന്നെയായിരുന്നു അത്. നിങ്ങളാഗ്രഹിച്ചതുപോലെ നമ്മുടെ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുന്നു. ‘ട്രാഫിക്കിനുശേഷം രാജേഷ് പിള്ള വീണ്ടും’ എന്ന് പ്രേക്ഷകർ പറയുന്നു. ഒരുമാത്രനേരത്തേക്കെങ്കിലും കണ്ണുതുറന്നിരുന്നെങ്കിൽ അറിയാനാകുമായിരുന്നു അതെല്ലാം. ‘വേട്ട’ തുടങ്ങിയപ്പോഴാണ് നിങ്ങൾ കണ്ണടച്ചത്. ഒറ്റസങ്കടം മാത്രം. എല്ലാം നിശ്ചയിക്കുന്ന ആ വലിയ സംവിധായകന് നിങ്ങളുടെ ഉറക്കം ഒരുദിവസത്തേക്ക് വൈകിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും സംതൃപ്തനായ മനുഷ്യനായിട്ടാകും നിങ്ങൾ ഉറങ്ങാൻ കിടന്നിട്ടുണ്ടാകുക.

എന്നെ ‘അനുജത്തീ’ എന്ന് വിളിച്ചത് ഏത് മുജ്ജന്മബന്ധത്തിന്റെ പേരിലാണെന്ന് അറിയില്ല. ഒരുസിനിമയുടെ ഇടവേളയിൽ ഒരുജീവിതകാലത്തിന്റെ സഹോദരബന്ധമാണ് നിങ്ങളെനിക്ക് നല്കിയത്.തിരുവനന്തപുരത്തെ ആശുപത്രിയിലെ ഐ.സി.യുവിൽ വച്ച് കൈകൾ ചേർത്ത് പിടിച്ച് നെഞ്ചത്ത് വച്ചപ്പോൾ…ഒരു കവിൾ വെള്ളം പകർന്ന് തരണമെന്ന് വാശിപിടിച്ചപ്പോൾ…എന്റെ അനുജത്തിയെന്ന് അവിടെയുണ്ടായിരുന്നവരോടൊക്കെ പറഞ്ഞപ്പോൾ..ഞാനും അറിഞ്ഞു ജ്യേഷ്ഠതുല്യമായ ഒരു ബന്ധത്തിന്റെ തണുപ്പ്. അത് ഇനിയുള്ള കാലം എന്റെ കൈകളിൽ ബാക്കിയുണ്ടാകും.

ഇതെഴുതുന്നത് നിങ്ങളുറങ്ങുന്നതിന് അരികെവരെയെത്തി മടങ്ങിപ്പോന്നതിനുശേഷമാണ്. വയ്യ,നിങ്ങളെ കണ്ണടച്ച് കാണാൻ. മേഘയെ കണ്ടു. ഇനി ഈ അനുജത്തിയുണ്ടെന്ന് വിശ്വസിക്കുക,മേഘക്കൊപ്പം.
രാജേഷ്…

സംതൃപ്തനായി ഉറങ്ങിക്കൊള്ളൂ;ഫെബ്രുവരി നിങ്ങളെയും വേട്ടയാടിയെങ്കിലും…
നിങ്ങളുടെ ‘വേട്ട’ അതിലും എത്രയോ ഉയരെയാണ്…. “

shortlink

Related Articles

Post Your Comments


Back to top button