NEWS

കഥയറിയാതെ ആട്ടം കാണുന്നവര്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

കലാഭവന്‍ മണി മരിച്ചിട്ട് തൊട്ടടുത്ത ദിവസം ഫെയ്‌സ്ബുക്കിലും മറ്റും ഞാന്‍ എന്താണ് ഒന്നും പറയാതിരുന്നതെന്ന് സമൂഹ മാധ്യമങ്ങളിലും മറ്റും പലരും ചോദിക്കുന്നതും വിമര്‍ശിക്കുന്നതും കണ്ടിരുന്നു. മറുപടി പറയേണ്ടെന്ന് കരുതിയിരുന്നതാണ്.പക്ഷെ ഇപ്പോള്‍ ഇത് കുറിയ്ക്കണം എന്ന് കരുതുന്നു. മണി ആശുപത്രിയിലെത്തിയതു മുതല്‍ ഞാന്‍ അവിടെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടാകുമ്പോഴേക്കും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു മണി അപകടത്തിലേക്കാണു പോകുന്നതെന്ന്. മണിയെ ആശുപത്രിയിലെത്തിച്ചതുപോലും അധികമാരും അറിഞ്ഞിരുന്നില്ല. അന്നു രാവിലെ മാത്രമാണു പലരും ഇതറിയുന്നത്. മണിയുടെ മരണം എന്നിലുണ്ടാക്കിയത് ഒരു നിസ്സംഗതയാണ്. ആരോടും ഒന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം. പത്മരാജന്‍ സാറിന്റേയും ആലുംമൂടന്‍ ചേട്ടന്റെയും മരണം ഞാന്‍ തൊട്ടടുത്തു കണ്ടിട്ടുണ്ട്. അപ്പോള്‍ തോന്നിയ നിസ്സംഗതയായിരുന്നു ഈ വിവരം കിട്ടിയപ്പോഴും…

മണി എല്ലാം തുറന്നു പറയുന്ന വല്ലാത്തൊരു പ്രകൃതമായിരുന്നു. വീട്ടിലെ ചെറിയ കാര്യങ്ങള്‍പോലും പങ്കുവച്ചു. രോഗത്തിനു മുന്നിലുള്ള നിസ്സഹായതയെക്കുറിച്ചു പറഞ്ഞപ്പോള്‍ മാത്രം ഞാനിതുവരെ കാണാത്തൊരു മണിയെ കണ്ടു. കരള്‍ രോഗത്തില്‍നിന്നും രക്ഷപ്പെടാനുള്ള വൈദ്യശാസ്ത്ര വഴികളെക്കുറിച്ചു അന്നു ഞങ്ങള്‍ സംസാരിച്ചു. മണിയെ ജീവിതത്തില്‍ ആദ്യമായി തളര്‍ന്നു കാണുകയായിരുന്നു….
മണി വീട്ടില്‍നിന്നു വിളിച്ചു അമ്മയ്ക്കു ഫോണ്‍ കൊടുക്കാറുണ്ട്. അവരുമായും പലതും സംസാരിക്കാറുണ്ട്. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മറ്റു പല ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. വളരെ സ്വകാര്യമായ നിമിഷങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു…

ചിലര്‍ ഈ ലോകത്തുനിന്നു പോയി എന്നു നമുക്കു പറയാന്‍ തോന്നില്ല. അതേക്കുറിച്ചു സംസാരിക്കാന്‍ തോന്നില്ല. നാം അതു മറക്കാന്‍ ശ്രമിക്കും. ഇവിടെ എവിടെയോ ഉണ്ടെന്നു വിശ്വസിപ്പിക്കാന്‍ ശ്രമിക്കും. വളരെ വേണ്ടപ്പെട്ടവര്‍ ഇല്ലാതായവര്‍ക്കു ആ വേദന മനസ്സിലാകും. എനിക്കു മണി വളരെ വേണ്ടപ്പെട്ട ഒരാളായിരുന്നു.എന്തിനും കൂടെ നില്‍ക്കാം എന്നു പറയുന്നൊരു ധൈര്യമായിരുന്നു. ചിലരുമായി പുറത്തു കാണിക്കുന്നതിലും അപ്പുറത്തൊരു ബന്ധം നമുക്കുണ്ടാകും. മണിയുമായി ഉണ്ടായിരുന്നത് ആ അടുപ്പമാണ്….

എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യരില്‍ ഒരാളാണ് മണി. ഏതു നേരത്തും സത്യം പറയാനുള്ള ചങ്കൂറ്റം മണിക്കുണ്ടായിരുന്നു. ഒരു ചാനല്‍ മൈക്കിനു മുന്നില്‍ അനുശോചനം പറയാന്‍ എന്റെ മനസ്സില്‍ ഒന്നുമില്ലായിരുന്നു.ഞാന്‍ അന്നു രാത്രി മുഴുവന്‍ ശ്രമിച്ചതു പതിവുപോലെ ജീവിതം തിരക്കു പിടിപ്പിച്ച് മണിയുടെ വേര്‍പാടു മറക്കാനാണ്…. നിറഞ്ഞു നില്‍ക്കെ പെട്ടെന്നു ജീവിതത്തില്‍നിന്നും പടിയിറങ്ങിപ്പോയ ഒരാളെയോര്‍ത്തു നീറി നീറി ജീവിക്കുന്ന മണിയുടെ ഭാര്യയോടും എന്ത് പറയണമെന്ന് പോലും അറിയില്ല.സിനിമയിലുള്ള ഒരോരുത്തര്‍ക്കും മണിയെക്കുറിച്ചു എന്തെങ്കിലും സ്വകാര്യമായ ചില കാര്യങ്ങള്‍ പറയാനുണ്ടാകും.എല്ലാവരുടെയും ജീവിതത്തില്‍ മണി എപ്പോഴെങ്കിലും തൊട്ടുകാണും…

മണി മരിച്ചു ഫ്രീസറില്‍ കിടക്കുന്നതിന്റെ ചിത്രം വാട്ട്‌സാപ്പില്‍ കണ്ടപ്പോഴുണ്ടായ അസ്വസ്ഥത മറ്റാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല. വീണ്ടുമതെടുത്തു നോക്കാനാകുന്നില്ല. എന്റെ മുന്നില്‍ ജീവിത വേദനകളും കുട്ടിക്കാലവുമെല്ലാം തുറന്നുവച്ചു കണ്ണുനിറച്ച ഒരാളാണു ഇല്ലാതായത്.അതിനു മുന്‍പു എന്റെ മുന്നില്‍ ഒരാളും ഇത്രയും സത്യസന്ധമായി ജീവിതം തുറന്നുവച്ചിട്ടില്ല..ചില ബന്ധങ്ങളുടെ ആഴം പുറത്തു പറയാവുതല്ല. അടുത്തകാലത്തൊന്നും ഒരു മരണവും എന്നെ ഇത്രയേറെ നിസ്സംഗനാക്കിയിട്ടില്ല..മരണ വാര്‍ത്തയുടെ പത്രംപോലും മറിച്ചുനോക്കി ഞാന്‍ മാറ്റിവച്ചു. രണ്ടു ദിവസം വല്ലാത്ത ദിവസങ്ങളായിരുന്നു..പതിവിലും കൂടുതല്‍ ജോലി ചെയ്തു അതു മറക്കാന്‍ നോക്കി. ഒരു മരണത്തെക്കുറിച്ചു ഇതില്‍ കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല.

മോഹന്‍ ലാല്‍ മനോരമയ്ക്ക് നല്കിയ കുറിപ്പില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button