Interviews

സ്നേഹത്തില്‍ അതിമധുരമായ ഒരു കവിജീവിതം

രശ്മി രാധാകൃഷ്ണന്‍

കൈതപ്രം എന്നത് മലയാളസിനിമയില്‍ ഗ്രാമഭംഗിയുടെ പര്യായമാണ്.സ്നേഹം,കുടുംബം എന്നെല്ലാമുള്ള ആര്‍ദ്രതയോടൊപ്പം നമ്മള്‍ മലയാളികള്‍ എന്നും ചേര്‍ത്തുവയ്ക്കുന്ന ഒരു പേര്.ശാരീരികമായ അവശതകളാല്‍ കുറച്ചുനാള്‍ മലയാള സിനിമയില്‍ നിന്ന് അകന്നുനിന്നിരുന്ന കൈതപ്രം വീണ്ടും സജീവമാവുകയാണ്.ആടുപുലിയാട്ടത്തിലെ ‘വാള്‍മുനക്കണ്ണിലേ..’ എന്ന അതിമധുരഗാനം കൈതപ്രം എഴുതി രതീഷ്‌ വേഗ സംഗീതം നല്‍കിയ പി ജയചന്ദ്രന്‍ ആലപിച്ചിരിയ്ക്കുന്നു.തന്റെ സംഗീത സപര്യയേക്കുറിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മനസ് തുറക്കുന്നു.

മലയാളിയെ ‘ഹോം സിക്ക്’ ആക്കുന്ന വരികളും സംഗീതവും എന്നാണ് കൈതപ്രം ഗാനങ്ങളുടെ വിക്കിപീഡിയ നിര്‍വചനം.
.
എന്നും മനസ്സ് കൊണ്ട് ഒരു മലയാളിയാണ്.പണ്ടാണെങ്കിലും പാട്ടിന്റെ റെക്കോഡിങ്ങിനായി മദിരാശിയില്‍ പോകുമ്പോഴും പെട്ടെന്ന് തിരിച്ചുപോരും.പിറ്റേന്നു ജോലി ഉണ്ടായിരുന്നിട്ടു പോലും തിരിച്ച് പോന്നിട്ടുണ്ട്. മദിരാശി അല്ല കേരളമാണ് എന്റെ നാട്.മലയാളിത്തം..മലയാളിക്കുടുംബം.ആ സ്നേഹത്തിന്റെ ഭാഗമാണ് ജീവിതം.ആ സ്നേഹം കൂടെ ചേര്‍ന്നായലേ വരികളില്‍ അത് വരുകയുള്ളൂ.സ്നേഹത്തിന്റെ കവി എന്ന് അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്..

വീടിന്റെ പാലുകാച്ചലിനു സ്വന്തം കൈപ്പടയില്‍ ‘ഇത് നിങ്ങളുടെ കൂടെ വീടാണ് ‘ എന്നെഴുതി യ ക്ഷണക്കത്ത്..

എന്റെ വീട് അതിനു വേണ്ടി അദ്ധ്വാനിക്കുന്നവരുടെയും ഇവിടെ വരുന്നവരുടെയും കൂടിയാണ്.അതുപോലെ തന്നെ എന്റെ സംഗീതവും എല്ലാവരുടേതുമാണ്..നമ്മുടേത് മറ്റുള്ളവരുടേതും കൂടി ആകുമ്പോഴാണ് അതിന്റെ സാഫല്യം.എന്റെ പാട്ടുകള്‍ എന്റെ മാത്രമല്ല, ഞാന്‍ ജീവിയ്ക്കുന്ന സമൂഹത്തിന്റെതാണ്.എന്റെറ മനസ്സിലെ സ്നേഹവും പ്രണയവുമാണ് പാട്ടുകളിലുള്ളത്..അതുകൊണ്ടാണ് അതൊക്കെ നിങ്ങളുടേതും കൂടിയായി മാറുന്നത്. സ്നേഹത്തില്‍ അതിമധുരമാവുക.എല്ലാം നമ്മളിലേയ്ക്ക് തനിയെ,പതിയേ വന്നുകൊള്ളും.

പ്രകൃതിയുമായി ചേര്‍ന്ന ബിംബങ്ങള്‍

ആളുകള്‍ കരുതുന്നത് സിമന്റും കമ്പിയും എല്ലാം ചേര്ത്ത് ഉറപ്പുള്ള ഒരു കെട്ടിടം പണിതാല്‍ സമൃദ്ധിയായെന്നാണ്.വയലുകള്‍ നികത്തിയാല്‍ ചൂട് കൂടും എന്നൊക്കെ അറിയാഞ്ഞിട്ടല്ല. വയറും നിറയും കണ്ണും നിറയും എന്നതാണ് കൃഷിയുടെയൊക്കെ പ്രത്യേകത. ഞാന്‍ മുറ്റത്തെ തുമ്പയേക്കുറിച്ചും തുമ്പിയെക്കുറിച്ചും എല്ലാം എഴുതിയിട്ടുണ്ട്.ഇന്നത്തെ കുഞ്ഞുങ്ങള്‍ ഒരു തുമ്പച്ചെടിയോ തുമ്പപ്പൂവോ കണ്ടിട്ടുണ്ടോ?

എല്ലാം ശരിയാകും.മെലഡി,നന്മ,സംഗീതം ഇതൊന്നും പൂര്‍ണമായി അങ്ങനെ നഷ്ട്ടപ്പെടില്ല.ഒരു ഘട്ടം കഴിയുമ്പോ എല്ലാം പഴയതിലേയ്ക്ക് തന്നെ തിരിച്ചു വരും.

പുതിയ പാട്ടുകള്‍ കേള്‍ക്കാറുണ്ടോ?

ചിലതൊക്കെ കേള്‍ക്കാറുണ്ട് .ചിലത് കേള്‍ക്കുമ്പോള്‍ വിഷമവും തോന്നാറുണ്ട്.പക്ഷെ പുതിയ കുട്ടികളെ കുറ്റം പറയാനില്ല.അവരുടെ കാഴ്ചകളും കാഴ്ച്ചപ്പാടുകളും അവരുടെ പാട്ടുകളില്‍ വരും.പ്രമദവനം,കളിവീട്, കണ്ണീര്‍പ്പൂവിന്റെ എന്നിങ്ങനെ എത്രയോ മനസ്സില്‍ തട്ടിയെഴുതിയ ഗാനങ്ങള്‍.ഏറ്റവും ഇഷ്ടമുള്ള പത്തുപാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഇപ്പോഴും ആളുകള്‍ കൂടുതലും പോകുന്നത് ഈ ഗാനത്തില്‍പ്പെട്ട ഗാനങ്ങളിലേയ്ക്കായിരിയ്ക്കും.അത് ഈ കുട്ടികള്‍ ആലോചിക്കണം..എങ്ങനെ ആ പാട്ടുകള്‍ ആളുകള്‍ അവരുടേതാക്കി മാറ്റി.. എങ്ങനെ ഒരാളുടെ വരികള്‍ സമൂഹത്തിന്റെതായി മാറി എന്നൊക്കെ..അവരും നന്മയുള്ള ആളുകളാണ്..ആ നന്മകളിലേയ്ക്ക് എല്ലാം തിരികെ കൊണ്ടുവരണം.

പഴയ സഹപ്രവര്‍ത്തകര്‍

ഒരേ മനസ്സോടെ ഒരുമിച്ച് താമസിച്ചൊക്കെയാണ് പാട്ടുകളൊക്കെ ഉണ്ടാക്കിയിരുന്നത്.ഒരു കുടുംബമായിരുന്നു..എത്രയോ വര്ഷം..വരികള്‍..ജോണ്സന്‍,രവീന്ദ്രന്‍,ജെറി തുടങ്ങി എല്ലാരും..അതുപോലെ ഭരതേട്ടന്‍,ലോഹി,സിബി,സത്യന്‍,കമല്‍,ജയരാജ്..അത്തരത്തിലുള്ള ഒരു ആത്മബന്ധം അകന്നു പോകുന്നു..ആ സ്നേഹത്തിന്റെ പ്രതിഫലനം പാട്ടുകളിലും ഉണ്ടായിരുന്നു.ഇപ്പോഴങ്ങനെയല്ല,ഒരു ബന്ധവുമില്ലാതെ പെട്ടെന്ന് വിളിച്ചിട്ട് പാട്ടെഴുതൂ എന്നൊക്കെ പറയുമ്പോള്‍ വല്ലായ്ക തോന്നും.ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ട്,ഞങ്ങള്‍ പോയി വരുമ്പോഴേക്കും എഴുതി വച്ചെയ്ക്കൂ എന്നൊക്കെ..

അങ്ങനെ നല്ല പാട്ടുകള്‍ ഉണ്ടാവില്ല..കൃത്രിമമായി സൃഷ്ടിയ്ക്കുന്ന എല്ലാത്തിനും ആ കൃത്രിമത്വം കാണും.പാട്ടിനു ജീവനുണ്ട്..അമരത്തിലെ ‘വികാരനൌകയുമായ്..’ എന്ന ഗാനം സ്ലോ ആണ് അതുകൊണ്ട് ഒഴിവാക്കണം എന്നൊരു അഭിപ്രായം അന്ന് ഒരാള്‍ പറഞ്ഞിരുന്നു.അന്ന് ഭരതേട്ടന്‍ പറഞ്ഞത്,”അത് മുറിച്ചാല്‍ ചോര പൊടിയും’ എന്നാണ്.നന്മയില്‍ അധിഷ്ഠിതമാകാത്ത ഒന്നിനും ഉയര്‍ച്ചയില്ല.

സ്വന്തം സംഗീതവിദ്യാലയമായ കോഴിക്കോട് സ്വാതിതിരുനാള്‍ കലാകേന്ദ്രയെക്കുറിച്ച്..

ഒരുപാട് കാലത്തെ ഒരു സ്വപ്നമായിരുന്നു സ്വാതി തിരുനാള്‍ കലാകേന്ദ്രനിരവധി കുട്ടികള്‍ അവിടെ ഇപ്പോള്‍ സംഗീതം അഭ്യസിയ്ക്കുന്നുണ്ട്.സഹോദരനായ കൈതപ്രം വിശ്വനാഥന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍‍. ജീവിതം തന്നെ സംഗീതത്തിന്റെ ഒരു തുടര്‍ച്ചയാണ്.അച്ഛന്‍ ഭാഗവതര്‍ ചെമ്പൈയുടെ ശിഷ്യനായിരുന്നു.മകന്‍ ദീപാങ്കുരനും ഇതേ മേഖലയിലാണ്.സംഗീതത്തിന്റെ പുണ്യം തലമുറകളിലൂടെ തുടരുന്നത് ഒരു ഭാഗ്യമാണ്.അത് പകരുക എന്നത് നിയോഗവുമാണ്.അത് സന്തോഷത്തോടെ നിര്‍വഹിക്കുന്നു .മ്യൂസിക് തെറാപ്പി പോലെയുള്ള ചില സംരംഭങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്‌.

എന്താണ് മ്യൂസിക് തെറാപ്പി?

എനിയ്ക്ക് ചില അസുഖങ്ങളുമായി ചികിത്സ തേടേണ്ടി വന്നപ്പോഴാണ് ഈ തെറാപ്പി ശ്രദ്ധയില്‍ വന്നത്.പിന്നീട് അതിനെക്കുറിച്ച് നന്നായി അന്വേഷിയ്ക്കുകയായിരുന്നു.വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.മരുന്നുകൊണ്ട് മാത്രമേ അസുഖങ്ങള്‍ മാറൂ എന്നൊരു അബദ്ധധാരണയുണ്ട് ആളുകള്‍ക്ക്.എന്നാല്‍ ശാന്തമായ ഒരു മനസ്സില്‍ നിന്നാണ് എല്ലാ ചികിത്സയും തുടങ്ങേണ്ടത്.അവിടെയാണ് സംഗീതത്തിന്റെ പ്രസക്തി.എന്റെ അസുഖത്തിനും ആശ്വാസമായത് മ്യൂസിക് തെറാപ്പിയാണ്. വെല്ലൂരില്‍ ഞാനൊരിയ്ക്കല്‍ ചികിത്സയിലായിരുന്നപ്പോള്‍ അടുത്ത മുറിയില്‍ ജഗതി ശ്രീകുമാര്‍ ചികിത്സയ്ക്കായി എത്തിയിരുന്നു..ആ സമയത്ത് അദ്ദേഹത്തിലും സംഗീതം ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു.
ഞങ്ങളുടെ ഒരു ടീം ആശുപത്രികള്‍ സന്ദര്‍ശിച്ചു ക്ലാസ്സുകള്‍ നല്‍കാറുണ്ട്..അടുത്തിടെ കുതിരവട്ടം ആശുപത്രിയില്‍ മാനസിക അസ്വാസ്ഥ്യയമുള്ളവര്‍ക്ക് വേണ്ടി ഈ ചികിത്സ ചെയ്തിരുന്നു. വളരെ ഗുണകരമായിട്ടാണ് അനുഭവപ്പെട്ടത്.മ്യൂസിക് തെറാപ്പിയ്ക്ക് വേണ്ടി പ്രത്യേകമായി ഒരു ആശുപത്രി തുടങ്ങണമെന്ന ആഗ്രഹമുണ്ട്.എല്ലാവരുടെയും സഹകരണം ആവശ്യമാണ്‌.

ആടുപുലിയാട്ടത്തിലെ ,വാള്‍മുനക്കണ്ണിലേ..’ എന്ന ഗാനം..

പുതിയ സംഗീത സംവിധായകരില്‍ വളരെ പ്രതിഭയുള്ള ഒരാളാണ് രതീഷ്‌ വേഗ.ബ്യൂട്ടിഫുള്‍ ഒക്കെ വളരെ നന്നായി ചെയ്തിരുന്നു.സംഗീതം കേട്ടപ്പോള്‍ തന്നെ പാട്ട് നന്നാവുമെന്ന് തോന്നിയിരുന്നു.സംഗീതം നല്ലതാണേല്‍ സ്വാഭാവികമായും വരികളും ഒഴുകും.തിരിച്ചും..അത്തരത്തില്‍പ്പെട്ട ഒരു പാട്ടാണ് ആടുപുലിയാട്ടത്തിലെ വാള്‍മുനക്കണ്ണിലെ..’പി ജയചന്ദ്രന്റെ ശബ്ദം ഗാനത്തെ ഹൃദ്യമാക്കിയിട്ടുണ്ട്.സുന്ദരിയായ കാമുകിയുടെ കണ്ണുകളില്‍ പ്രണയത്തിന്റെ മഴവില്ല് കാണുന്ന കാമുകന്റെ മനസ്സാണ് ഈ വരികള്‍.എന്റെ മനസ്സിലെ സ്നേഹവും പ്രണയവുമൊക്കെത്തന്നെയാണ് ഈ വരികളിലുമുള്ളത്.

സംഗീതമേഖലയില്‍ എന്നും പുതുമകളുമായി എത്തുന്ന ഈസ്കോസ്റ്റ് സംരംഭങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്…ആശംസകള്‍..

shortlink

Related Articles

Post Your Comments


Back to top button