IFFK

ടാഗോര്‍ തിയേറ്റര്‍ സംഗീതമയം

ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ ടാഗോര്‍ തിയേറ്ററിലുയര്‍ന്ന മുളയുടെ മാന്ത്രികസംഗീതം അവിസ്മരണീയമായ അനുഭവമായി. മുളകൊണ്ട് തീര്‍ത്ത വിവിധ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ ‘വയലി’ സംഘം അവതരിപ്പിച്ച സംഗീതോത്സവമാണ് മേളയ്ക്ക് എത്തിയവരെ ആവേശഭരിതരാക്കിയത്. വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായാണ് വയലി സംഘത്തിന്റെ പ്രകടനം.
മുളച്ചെണ്ട, മുളത്തുടി, ഓണവില്ല് എന്നീ ഉപകരണങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്. സംഗീതോപകരണങ്ങളില്‍ പലതും സംഘാംഗങ്ങള്‍ സ്വയം ഉണ്ടാക്കിയതാണ്. സംഘത്തിലെ ഏറെപ്പേര്‍ക്കും ശാസ്ത്രീയമായി സംഗീതപഠനം ലഭിച്ചിട്ടില്ല. സംഗീതത്തോടുള്ള താത്പര്യം മാത്രം കൈമുതലാക്കിയാണ് എട്ടംഗ സംഘം കാണികളെ കൈയ്യിലെടുത്തത്. സംഘത്തിന്റെ ഡയറക്ടര്‍ വിനോദും സംഘാംഗം സുജിലും ചേര്‍ന്നാണ് പരിപാടി നയിച്ചത്.
പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ 2004 ലാണ് വയലി ബാംബൂ ഫോക്‌സ് ആരംഭിക്കുന്നത്. നാടന്‍ കലാരൂപങ്ങള്‍ സംരക്ഷിക്കുകയും വരും തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുകയും വേണമെന്ന ആഗ്രഹപൂര്‍ത്തീകരണത്തിന്റെ നിറവിലാണ് സംഘാംഗങ്ങള്‍ ദേശീയ ബാംബൂ കോണ്‍ഗ്രസ്, വെസ്റ്റേണ്‍ സോണ്‍ കള്‍ച്ചറല്‍ ഫെസ്റ്റ് തുടങ്ങി ഇന്ത്യയിലൊട്ടാകെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചു. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി ജപ്പാനിലും മുളയുടെ സംഗീതമെത്തിച്ചു.
വയലിയുടെ പരിപാടിക്കുശേഷം കുട്ടപ്പനാശാനും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങിലെത്തി.40 കൊല്ലമായി നാടന്‍പാട്ട് അവതരണ കലാകാരനാണ് കുട്ടപ്പനാശാന്‍. മരം, തുടി, കരു, ചെണ്ട, തകില്‍ തുടങ്ങി നാടന്‍ ഉപകരണങ്ങള്‍ ശീലുകള്‍ക്ക് മാറ്റേകി. കരിങ്കാളിത്തെയ്യം, പരുന്ത്, എന്നീ വേഷങ്ങള്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കി. അമേരിക്ക, കാനഡ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധി വേദികളില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ സംഘം മേളയിലും കാണികളെ ത്രസിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button