NEWS

ഇരുവറിലെ തമിഴ് സെൽവനാകാൻ മണിരത്നം സമീപിച്ചത് വമ്പൻ താരങ്ങളെയായിരുന്നു

ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക് ഫിലിം മെയ്ക്കർ എന്ന പദവിയ്ക്ക് അർഹതയുള്ള സംവിധായകനാണ് മണിരത്നം. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും പ്രയാസപ്പെട്ടതും, കടുത്ത മാനസിക സംഘർഷത്തിലേർപ്പെട്ടതുമായ ഒരു പ്രോജക്റ്റ് ഏതെന്നു ചോദിച്ചാൽ അദ്ദേഹം രണ്ടാമതൊന്ന് ചിന്തിക്കാതെ ഉത്തരം പറയും, “ഇരുവര്‍”. തമിഴ്‌നാട് രാഷ്ട്രീയത്തിലെ മൂന്ന് വലിയ വിഗ്രഹങ്ങളായ എം.ജി.ആർ, കരുണാനിധി, ജയലളിത എന്നിവരുടെ ജീവിത കഥയെ വ്യക്തമായി വരച്ചു കാട്ടുന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ സ്ക്രിപ്റ്റ്. എന്നാൽ ചിത്രീകരണം തുടരുന്നതിനിടെ തമിഴ് നാട്ടിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ജയലളിതയുടെ പാർട്ടി തോൽക്കുകയും, കരുണാനിധി അധികാരമേൽക്കുകയും ചെയ്തു. അതു കാരണം സ്ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയായിരുന്നു “ഇരുവർ” പൂർത്തിയാക്കിയത്. എം.ജി.ആറിന്റെ കഥാപാത്രത്തിന്റെ പേര് ആനന്ദൻ എന്നായതിനാൽ “ആനന്ദം” എന്നായിരുന്ന് ചിത്രത്തിന് ആദ്യം കൊടുത്ത പേര്. പിന്നീട് ഭരണമാറ്റം കാരണം “ഇരുവർ” എന്ന് മാറ്റുകയായിരുന്നു.

എം.ജി.രാമചന്ദ്രൻ എന്ന എം.ജി.ആറായി അഭിനയിക്കാൻ മണിരത്നം തിരഞ്ഞെടുത്തത് മോഹൻലാലിനെയായിരുന്നു. എത്ര വലിയ സംഗതികളും ലളിതമായ രീതിയിൽ അവതരിപ്പിച്ച് ഫലിപ്പിക്കാൻ മോഹൻലാലിന് കഴിയും എന്നത് അദ്ദേഹത്തിന് ഉറപ്പായിരുന്നു. പ്രോജക്റ്റിൽ സഹകരിക്കാൻ മോഹൻലാൽ സമ്മതിച്ചതോടെ ‘ആനന്ദൻ’ എന്ന ആ കഥാപാത്രത്തിന് ജീവൻ വച്ചു. ജയലളിതയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യാ റായിയെ തീരുമാനിച്ചു. പക്ഷെ, യഥാർത്ഥ പ്രശ്നം കരുണാനിധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനെ തിരഞ്ഞെടുക്കുന്നതായിരുന്നു. കാരണം, മോഹൻലാലിന്റെ ആനന്ദൻ എന്ന കഥാപാത്രത്തോളം പ്രാധാന്യമുള്ള, എന്നാൽ ഒരു ഘട്ടത്തിൽ അതിനേക്കാളും മുകളിലേക്ക് പോകുന്ന രീതിയിലാണ് തമിഴ്സെൽവൻ എന്ന ആ കഥാപാത്രം.

തമിഴ്സെൽവനെ അവതരിപ്പിക്കാനായി മണിരത്നം സമീപിച്ചത് ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളെയായിരുന്നു. ആദ്യം നാനാ പടേക്കറായിരുന്നു. പ്രതിഫലത്തർക്കം കാരണം അദ്ദേഹം പിന്മാറി. അടുത്തതായി മമ്മൂട്ടി. അദ്ദേഹം സ്വകാര്യ കാരണങ്ങളാൽ പിന്മാറി. പിന്നീട് കമൽഹാസനെയും, സത്യരാജിനെയും സമീപിച്ചു. രണ്ടുപേരും കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിശദീകരണങ്ങളിൽ തൃപ്തരല്ലാതെ അതിൽ നിന്നും പിന്മാറി. ശേഷം, മിഥുൻ ചക്രവർത്തിയും, ശരത്കുമാറും ഉയർന്ന പ്രതിഫലം ചോദിച്ചതിലൂടെ പ്രോജക്റ്റിൽ നിന്നും ഒഴിവായി. ഒടുവിൽ തന്റെ പ്രിയതാരമായ അരവിന്ദ് സാമിയെ തമിഴ് സെൽവനായി തീരുമാനിച്ച്, രണ്ട് പാട്ടുകൾ അരവിന്ദിന്റെ ശബ്ദത്തിൽ റെക്കോർഡും ചെയ്തു. എന്നാൽ അരവിന്ദ് സാമിയുടെ ചോക്ലേറ്റ് ലുക്ക് ആ കഥാപാത്രത്തിന് ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ ആ ചിന്തയും ഉപേക്ഷിച്ചു. പിന്നീട്, ആ സമയത്ത് ഹിന്ദി സീരിയലുകളിൽ മാത്രം അഭിനയിച്ചിരുന്ന മാധവനെ വച്ചും തമിഴ് സെൽവനെ ആലോചിച്ചു നോക്കി. ഏറ്റവും ഒടുവിൽ ആരിലും തൃപ്തി തോന്നാതെ, തന്റെ “ബോംബെ” എന്ന സിനിമയിൽ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് രാജിനെ ഉറപ്പിച്ച്, അഡ്വാൻസ് കൊടുക്കുന്നത്.

ചിത്രത്തിൽ പ്രകാശ് രാജിന്റെ ആദ്യത്തെ ഷോട്ട് എടുക്കാൻ 25 ടേക്കുകൾ വേണ്ടി വന്നു! പക്ഷെ ആ ഒരു ഓഫറിനായി എന്തിനും തയ്യാറായിരുന്ന പ്രകാശ് രാജ് 25 അല്ല അതിന്റെ എത്ര ഇരട്ടി ടേക്കുകൾ പോകാനും തയ്യാറായിരുന്നു എന്നതാണ് വാസ്തവം.

shortlink

Related Articles

Post Your Comments


Back to top button