CinemaGeneralNEWS

നിത്യ ഹരിത നായകന്‍ ഓര്‍മ്മയായിട്ട് 27 വര്ഷം

മലയാള ചലച്ചിത്ര മേഖലയില്‍ ആര്‍ക്കും തിരുത്താനാകാത്ത റെക്കോഡുകള്‍ സ്വന്തമാക്കിയ അനശ്വരനടന്‍ പ്രേം നസീറിന്റെ ഓര്‍മ്മയ്ക്ക്‌ 27 വയസ്സ്. മൂന്നു പതിറ്റാണ്ടിലധികമായി മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞു നിന്ന ഈ ചിറയിന്‍കീഴ്‌കാരന്‍ ചലച്ചിത്രമേഖലയ്ക്കു സമ്മാനിച്ചത് ലോക റെക്കോര്‍ഡുകളാണ്.

സിനിമയുടെ കണക്കെടുപ്പ് നടത്തിയാല്‍ ചരിത്രത്തില്‍ ഒരു അത്ഭുതമായി അവശേഷിക്കും നസീര്‍. സിനിമാ ചരിത്രത്തിലും മലയാള മനസ്സിലും മാത്രമല്ല, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്സിലും ഇടം നേടിയ ഒരേഒരാളെയുള്ളൂ മലയാളത്തിൽ. അതാണ് പ്രേംനസീര്‍. 1952 മുതല്‍ 1988 വരെ നിറസാന്നിധ്യമായി നിന്ന നസീര്‍ ഇക്കാലത്ത് നായകനായത് 725 സിനിമകളിലാണ്.

ഒന്നല്ല, നാല് ഗിന്നസ് റെക്കോഡുണ്ട് നസീറിന്റെ പേരില്‍. ഒരേ നായികയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുക (ഷീലയ്‌ക്കൊപ്പം 107 ചിത്രങ്ങള്‍), ഒരൊറ്റ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുക (1979ല്‍ 39 ചിത്രങ്ങള്‍), ഏറ്റവും കൂടുതല്‍ നായികമാര്‍ക്കൊപ്പം അഭിനയിക്കുക (80 പേര്‍) തുടങ്ങി നാല് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കി നസീര്‍.

തിരുവനന്തപുരം ചിറയിന്‍കീഴിൽ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1927 ഏപ്രില്‍ ഏഴിനാണ് നസീര്‍ ജനിച്ചത്. 1952ൽ പുറത്തിറങ്ങിയ മരുമകളിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നസീര്‍ തന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തിയപ്പോളാണ് പേര് മാറ്റിയത്. അബ്ദുൾ ഖാദര്‍ എന്നപേരുമാറ്റി പകരം പ്രേം നസീര്‍ എന്ന പേരുനല്കിയത് തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. ഇരുട്ടിന്റെ ആത്മാവ്, കളളിച്ചെല്ലമ്മ, ധ്വനി, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകൾ, പടയോട്ടം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1950കളിലാണ് താര പരിവേഷത്തിലേക്കുള്ള നസീറിന്റെ ഉയര്‍ച്ച.

1967ല്‍ പുറത്തിറങ്ങിയ എംടി വാസുദേവന്‍നായരുടെ ‘ഇരുട്ടിന്റെ ആത്മാവി’ലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഇടം നേടിക്കൊടുത്തു. 1979 ല്‍ മാത്രം നസീർ‌ നായകനായി 39 സിനിമകളാണ് ഇറങ്ങിയത്. അക്കാലത്തെ നസീറിൻറെ സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. സൂപ്പര്‍ താരങ്ങളില്ലാത്ത ലോകത്ത് പകരം വക്കാനില്ലാത്ത സൂപ്പര്‍ താരമായിരുന്നു നസീര്‍.

130 സിനിമകളില്‍ ഷീല നസീര്‍ ജോഡിയിലൂടെ ഒരേ നായികയുടെ കൂടെ ഏറ്റവും അധികം സിനിമയില്‍ അഭിനയിച്ചുവെന്ന ഗിന്നസ് റെക്കോഡ് പ്രേം നസീറിനു സ്വന്തം. നസീര്‍ ഷീലയുടെ ഭാഗ്യ നായകനോ ഷീല നസീറിന്റെ ഭാഗ്യനായികയോ ആണെന്ന് വ്യക്തമല്ല. എന്നിരുന്നാലും ഈ റെക്കോര്ഡ് ഭേദിക്കുക എളുപ്പമല്ല ഇനിയുള്ള കാലം.

ഇനി ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം സിനിമയില്‍ ഇരുപത്തിയഞ്ചിലധികം ചിത്രങ്ങളില്‍ നസീര്‍ ഇരട്ട വേഷങ്ങളില്‍ അഭിനയിച്ചുവെന്നതാണ്‌. ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവയായിരുന്നു നസീറിന്റെ ഇരട്ടവേഷങ്ങളെന്നു തന്നെ പറയാം. 1968ല്‍ പുറത്തിറങ്ങിയ തിരിച്ചടിയില്‍ തന്നെ കുട്ടപ്പന്‍ എന്നും വേണുവെന്നുമുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് നസീര്‍ പ്രേക്ഷരകരെ ഞെട്ടിച്ചിരുന്നു. ഡബിളിന് പുറമെ ഏതാനും ട്രിപ്പിള്‍ വേഷങ്ങളും കൈകാര്യം ചെയ്തു നസീര്‍. എറണാകുളം ജങ്ഷന്‍, പുഷ്പാഞ്ജലി, അമ്മേ നാരായണ എന്നീ ചിത്രങ്ങളില്‍ മൂന്ന് വേഷങ്ങളാണ് നസീര്‍ ചെയ്തത്.

രാജ്യം പദ്മഭൂഷൺ പത്മശ്രീ ബഹുമതികൾ നല്‍കി അദ്ദേഹത്തെ ആദരിച്ചു. എന്നിരുന്നാലും അറന്നൂറിലേറെ ചിത്രങ്ങളില്‍ നായകനായി ചരിത്രം കുറിച്ച നസീറിനെത്തേടി ഒരിക്കല്‍ പോലും മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരമെത്തിയില്ല. 1981ല്‍ വിടപറയും മുന്‍പേയിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം ലഭിക്കുക മാത്രമാണ് ചെയ്തത്.

1989 ജനുവരി 16ന്, 62 -മത്തെ വയസ്സിൽ ചെന്നൈയിൽ വെച്ചായിരുന്നു നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button