CinemaGeneralNEWS

ഇതെന്‍റെ രാഷ്ട്രീയ പ്രഖ്യാപനമോ, പക്ഷംചേരലോ അല്ല; വിവാദങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍. ചിത്രത്തില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമോ സംവിധായകന്‍ കമലിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലോ ആയി ഇതിനെ വ്യാഖ്യാനിക്കരുതെന്ന് മഞ്ജു പറയുന്നു.

ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു. തന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് താരം അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണ മാത്രമാണ് കരുത്ത്. കൂടെയുണ്ടാകണമെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഞ്ജു ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. തന്റെ പുതിയ ചിത്രം കെയര്‍ ഓഫ് സൈറാബാനുവിലെ ഫോട്ടോ മഞ്ജു പോസ്റ്റ് ചെയ്തിരുന്നതിനു താഴെ താരത്തെ എതിര്‍ത്തും അനുകൂലിച്ചും ധാരാളം ചര്‍ച്ചകള്‍ നടന്നു

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ‘ആമി’ എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.

ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം’. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.
മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു.

ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. ‘ആമി’യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് പ്രിയപ്പെട്ടവരേ…എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണ മാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം..

shortlink

Related Articles

Post Your Comments


Back to top button