CinemaGeneralIndian CinemaMollywoodNEWSTollywood

ആയിരം കോടി മുതല്‍ മുടക്കില്‍ മഹാഭാരതം! രണ്ടാമൂഴത്തെക്കുറിച്ചു മോഹന്‍ലാല്‍ (വീഡിയോ)

 

ജ്ഞാപീഠ പുരസ്കാര ജേതാവും മലയാളത്തിലെ പ്രിയ എഴുത്തുകാരനുമായ എം.ടി.വാസുദേവന്‍നായര്‍ മഹാഭാരതത്തെ തന്റെതായ ഒരു കാഴ്ചപ്പാടില്‍ വീക്ഷിച്ചുകൊണ്ട് ഭീമനെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ രണ്ടാമൂഴമെന്ന നോവല്‍ സിനിമയാകുന്നത് മഹാഭാരതമെന്ന പേരില്‍. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രം പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി ആയിരം കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മ്മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം അണിയിച്ചൊരുക്കുക.

രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. 2020-ല്‍ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാം ഭാഗവും പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.

സിനിമയെക്കുറിച്ച് എം ടിയുടെ വാക്കുകള്‍ ഇങ്ങനെ.. ഏതാണ്ട് 20വര്‍ഷത്തെ ഗവേഷണത്തിനു ശേഷത്തിലൂടെയാണ് ‘രണ്ടാമൂഴം’ എഴുതുന്നത്. അത് സിനിമയാക്കുന്നതിനായി മുമ്പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. ഇത് അത്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാകൂ. അതുകൊണ്ടാണ് ഇത്രയും നാള്‍ ‘രണ്ടാമൂഴം’ എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, ‘രണ്ടാമൂഴം’ എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എം.ടി. പറഞ്ഞു.

എം.ടി.വാസുദേവന്‍നായരുടെ ഐതിഹാസിക തിരക്കഥ സിനിമായാക്കാന്‍ സാധിച്ചത് ജന്മാന്തരപുണ്യമായി കാണുന്നുവെന്ന് ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന, കന്നടയില്‍ നിന്ന് ശിവ് രാജ്കുമാര്‍, തമിഴില്‍ നിന്ന് വിക്രം, പ്രഭു, ഐശ്വര്യ റായ്, മഞ്ജുവാര്യര്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിലില്‍ അവസാന തീരുമാനം ആയിട്ടില്ല.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുക . ഹോളിവുഡ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും.

shortlink

Related Articles

Post Your Comments


Back to top button