CinemaGeneralIndian CinemaNEWS

വിവരവും വിദ്യാഭ്യാസവുമില്ലാത്ത ജനപ്രതിനിധികളുടെ രാഷ്ട്രീയ ഗുണ്ടായിസത്തിനെതിരെ ജോയ് മാത്യു; വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും ശ്രീറാമിനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പിന്നിലണിനിരക്കുക

മൂന്നാറിലെ ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് പിന്തുണയർപ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

കവലപ്രസംഗം നടത്തി കയ്യടിവാങ്ങുന്ന മന്ത്രിമാരല്ല; പകരം വിവരവും വിദ്യാഭ്യാസവും ഭരണനൈപുണ്യവുമുള്ള ഉദ്യോഗസ്ഥരാണ് ഭരണ ചക്രം തിരിക്കുന്നതെന്നും സൂപ്പർ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകൾക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാർഥ പോരാളികളെക്കാണുമ്പോൾ കൈപൊന്താത്തത് എന്താണെന്നും ജോയ് മാത്യു ചോദിക്കുന്നു. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്ന ചെറുപ്പക്കാരന് നമ്മൾ നൽകുന്ന പിന്തുണ പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ടെന്നും സോളിഡാരിറ്റി ടും ശ്രീറാം എന്ന ഹാഷ്ടാഗിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ ആഹ്വാനം ചെയ്യുന്നു.

ജോയ് മാത്യുവിന്റെ പോസ്റ്റ്

ശരിക്കും ഭരണചക്രം തിരിക്കുന്നതാരാണ് ? കവലപ്രസംഗം നടത്തി കയ്യടിവാങ്ങുന്ന മന്ത്രിമാരാണോ, ജീവിതത്തിൽ ഒരു ജോലിക്കും പോയിട്ടില്ലാത്ത, പണിയെടുക്കുന്നതിന്റെ സുഖദുഃഖങ്ങൾ എന്തെന്നറിയാത്ത, എന്തിനു, എഴുത്തും വായനയും അറിയാത്ത രാഷ്ട്രീയപ്രവർത്തകരോ അതോ നാടുനീളെ ഉദ്ഘാടനങ്ങളും കല്ലീടലുകളുമായി പാഞ്ഞു നടക്കുന്ന ജനപ്രധിനിധികളാണോ? അല്ല !വിവരവും വിദ്യാഭ്യാസവും ഭരണനൈപുണ്യവുമുള്ള ഉദ്യോഗസ്ഥരാണ് യഥാവിധി കാര്യങ്ങൾ നടപ്പിലാക്കുന്നത്. ഉറക്കമിളച്ചിരുന്ന് പഠിച്ചു പാസ്സായി ജോലിയെടുക്കാൻ തയാറായി വരുന്ന ഉദ്യാഗസ്ഥരെ അവരുടെ ജോലിയിൽ നിന്നും തടയുകയോ ഭീഷണിമുഴക്കി പിന്തിരിപ്പിക്കുകയോ ചെയ്യുന്നതിന്റെ പേരാണു ജനവിരുദ്ധത-അഴിമതിക്കാരനെന്നോ സ്വജനപക്ഷപാതിയെന്നോ പേരുകേൾപ്പിക്കാത്ത മിടുക്കന്മാരായ ഉദ്യോഗസ്ഥരെ നിശ്ശബ്ദരാക്കുകയൊ സ്ഥാനത്തുനിന്നും തെറിപ്പിക്കുകയോ ചെയ്യുന്നതിനെ രാഷ്ട്രീയ ഗുണ്ടായിസം എന്നാണു പറയുക-

സോളാർ ഇടപാടിന്റെ അശ്ളീലതയും വയോധികമന്ത്രിയുടെ ഫോൺ സംഭാഷണങ്ങളും കേട്ട് കോൾമയിർ കൊള്ളുന്ന മലയാളി മനസ്സിലാക്കണം കുറ്റകരമായ നമ്മുടെ ഈ നിശ്ശബ്ദത വരും തലമുറക്ക് ശവക്കുഴി തീർക്കലായിരിക്കുമെന്ന് . ഹെക്ടർ കണക്കിനു സർക്കാർ ഭൂമി കയ്യേറ്റം ചെയ്ത രാഷ്ട്രീയ മാഫിയാ സംഘത്തെ ഭയക്കാതെ തന്റെ ജോലിയുമായി മുന്നോട്ടുപോകുന്ന സത്യസന്ധനായ ഒരുദ്യോഗസ്ഥനെ പിന്തുണക്കുകയാണ് ഭാവിയെക്കുറിച്ച് ഉൽകൺഠപ്പെടുന്ന ഒരോ കേരളീയനും ചെയ്യേണ്ടത്.

എന്തുകൊണ്ടാണ് കാര്യപ്രാപ്തിയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ മാറിമാറിവരുന്ന ഭരണകൂടങ്ങൾ (ഏത് മുന്നണിയായാലും) നിശ്ശബ്ദരാക്കുകയോ അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുകയോ ചെയ്യുന്നത്? ഋഷിരാജ് സിങ്, രാജു നാരായണസ്വാമി, സെൻ കുമാർ, ജേക്കബ് തോമസ് ……അങ്ങിനെ എത്രപേർ- ഉദാഹരണങ്ങൾ നിരവധിയാണ്.

രാഷ്ട്രീയ മാഫിയക്ക് അടുക്കളപ്പണി ചെയ്യുന്ന അസംഖ്യം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾ ഉള്ളിടത്ത് എണ്ണത്തിൽ കുറവെങ്കിലും ധീരതയിൽ മുൻപന്മാരായ ഉദ്യോഗസ്ഥർ വരുന്നുണ്ട് എന്നതാണു നമുക്കുള്ള ഏക ആശ്വാസം- സൂപ്പർ നായകന്മാരുടെ ഇടിവെട്ട് ഡയലോഗുകൾക്ക് കയ്യടിക്കുന്ന മലയാളിക്ക് ജീവിതത്തിലെ യഥാർഥ പോരാളികളെക്കാണുമ്പോൾ കൈപൊന്താത്തത് എന്താണ് ?

ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്ന ചെറുപ്പക്കാരന് നമ്മൾ നൽകുന്ന പിന്തുണ ഇനിയെങ്കിലും ഈ നാട് നന്നായിക്കാണണം എന്നാഗ്രഹിക്കുന്ന-ഉറക്കമിളച്ചിരുന്ന് രവെണ്ണിപഠിച്ച് മുന്നേറുന്ന പുതു തലമുറക്ക് വെളിച്ചമാവേണ്ടതുണ്ട്- നമ്മുടെ പിന്തുണ മിടുക്കന്മാരായ ശ്രീറാമിനെപ്പോലുള്ളവർക്കാവണം

shortlink

Related Articles

Post Your Comments


Back to top button