CinemaGeneralLatest NewsMollywoodNEWSWOODs

ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്‍റെ മകനോ സഹോദരനോ ആണെന്നു തെളിഞ്ഞാല്‍ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുത്; ഭാഗ്യലക്ഷ്മി

സാമൂഹിക സാംസ്കാരിക വിഷയത്തില്‍ എന്നും തന്‍റെ നിലപാടുകള്‍ തുറന്നു പറയുന്ന വ്യക്തിയാണ് ഭാഗ്യലക്ഷ്മി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഭാഗ്യലക്ഷ്മിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‌. ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്ന് തെളിഞ്ഞാല്‍ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ശ്രീദേവിയുടെ ‘മോം’ സിനിമയെക്കുറിച്ചുള്ള ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ശ്രീദേവി അഭിനയിച്ച ‘MOM’ എന്ന ഹിന്ദി സിനിമ കണ്ടു…സമൂഹത്തിലും സിനിമയിലും ഒക്കെ സ്ത്രീ പീഡനം തന്നെ വിഷയം..എന്താണ് വ്യത്യസ്തമായി ഇവര്‍ പറയാന്‍ പോകുന്നത് എന്നായിരുന്നു സിനിമ കാണുമ്ബോള്‍ ഞാന്‍ ആലോചിച്ചത്.

ഒരു സ്കൂള്‍ അദ്ധ്യാപികയുടെ മകളെ അതേ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയും കൂട്ടരും കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നു..
ആ പീഡനത്തോടെ ഭ്രാന്തിന്റ അവസ്ഥയിലെത്തിയ പെണ്‍കുട്ടി, തകര്‍ന്ന് പോകുന്ന അച്ഛന്‍, ആ സംഭവത്തേയും കുറ്റവാളികുളേയും അമ്മ കൈകാര്യം ചെയ്യുന്നതാണ് കഥ..

ബലാത്സംഗം ചെയ്തവനെ കോടതി തെളിവില്ലാതെ വെറുതെ വിടുന്നു സങ്കടം സഹിക്കാതെ അവരെ തല്ലിയതിന് പെണ്‍കുട്ടിയുടെ അച്ഛനെതിരെ കോടതി നടപടി എടുക്കുന്നു, എന്ത് നീതിയാണിവിടെ എന്ന് അമ്മ ചോദിക്കുമ്ബോള്‍ പ്രേക്ഷകനും തകര്‍ന്ന് പോകുന്നു.. ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്ബോള്‍ എന്നോടൊപ്പം രണ്ട് പെണ്‍കുട്ടികളുണ്ടായിരുന്നു,ആ കുട്ടികളുടെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു ഞാന്‍.. മക്കളുടെ അമിത സ്വാതന്ത്ര്യം വരുത്തുന്ന ആപത്ത് എന്നൊരു സന്ദേശവുമുണ്ട് സിനിമയില്‍.

എനിക്ക് തോന്നിയൊരു കാര്യം, സിനിമയാണെങ്കിലും ജീവിതമാണെങ്കിലും നമ്മള്‍ എപ്പോഴും പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്ന് പറയും.. തന്റെ കാമവെറി തീര്‍ക്കാന്‍ ഒരു പെണ്ണിനെ നശിപ്പിക്കുന്നവനെ പെണ്ണ്തന്നെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞാല്‍ തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുന്നു എന്ന് സമൂഹവും നിയമവും കുറ്റപ്പെടുത്തും.. പക്ഷേ ഇതല്ലാതെ ഇതിനൊരു അന്ത്യമില്ല. തന്റെ മകനോ സഹോദരനോ ആണ് പെണ്ണിനെ പീഡിപ്പിച്ചത് എന്ന തെളിഞ്ഞാല്‍ ഒരിക്കലും ആ നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുത്..ഇങ്ങനെയൊരു മകന്‍, സഹോദരന്‍ തനിക്ക് വേണ്ടാ എന്ന് സമൂഹത്തിനോട് ഉറക്കെ പറയുന്ന ഒരു സ്ത്രീ ഉണ്ടാവണം..

അല്ലാത്ത പക്ഷം ഈ സിനിമയില്‍ ചെയ്യുന്നത്പോലെ ചെത്തിക്കളയലും, വിഷം കൊടുക്കലുമൊക്കെയായി നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലൂടെ കാലക്രമേണ കുറ്റവാളികളുടെ എണ്ണം കൂടുകയേ ഉള്ളു.. ഇന്ന് ലക്ഷത്തിലൊരാളുടെ ഉള്ളിലേക്ക് അങ്ങനെയൊരു സന്ദേശം കിട്ടിയാല്‍ അതിനാരെയാണ് കുറ്റപ്പെടുത്തേണ്ടത്? നിയമത്തേയോ, പൊലീസിനേയോ, കുറ്റവാളിയെ പ്രസവിച്ച മാതാവിനെയോ,?

സിനിമ കണ്ടിറങ്ങിയപ്പോള്‍ പൊലീസ് ഓഫീസര്‍ ഋഷിരാജ് സിങ് സാറിനെക്കണ്ടു…ഇനി സമൂഹത്തിന് നിയമത്തെ ഭയമില്ലാതാവുമോ, നിയമം കയ്യിലെടുക്കുമോ?എന്നദ്ദേഹം അല്പം ആശങ്കയോടെ ചോദിച്ചു. ആ അവസ്ഥ വിദൂരതയിലല്ല സാര്‍ എന്ന് പറഞ്ഞു ഞാന്‍.

shortlink

Related Articles

Post Your Comments


Back to top button