CinemaGeneralLatest NewsMollywoodNEWSWOODs

ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി വീണ്ടും സിനിമയിലേക്ക്

ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താല്‍ ഊരുവിലക്ക് നേരിട്ട നര്‍ത്തകി വീണ്ടും സിനിമയിലേക്ക് . ക്ഷേത്രകലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മന്‍സിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. അവളുടെ ഉമ്മ മരിച്ചപ്പോള്‍ മൃതദേഹം കബറടക്കാന്‍ പോലും മതനേതൃത്വം അനുവദിച്ചില്ല. പ്രതിബന്ധങ്ങളിലൂടെ കടന്നു പോയ വി പി മന്‍സിയ മതം തീര്‍ത്ത വിലക്കുകളെയും സധൈര്യം നേരിട്ട് അരങ്ങില്‍ സജീവമാകുന്നു. ‘എന്ന് മമ്മാലി എന്ന ഇന്ത്യക്കാരന്‍’ എന്ന സിനിമയില്‍ നായികയായാണ് മന്‍സിയ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം അടുത്തു തന്നെ പ്രദര്‍ശനത്തിനെത്തും.

ഉമ്മയുടെ മയ്യത്ത് നമസ്‌ക്കാരത്തിനും മറവ് ചെയ്യുന്നതിനുമായി പള്ളിയിലേക്കെടുക്കാന്‍ ഒരുങ്ങിയപ്പോഴാണ് മഹല്ല് നേതൃത്വത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ് വന്നത്. പെണ്‍മക്കള്‍ നൃത്തം പഠിക്കുകയും കലോത്സവ വേദികളില്‍ ക്ഷേത്രകലകളായ മോഹിനിയാട്ടവും കുച്ചുപ്പുടിയുമെല്ലാം അവതരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒരു തരത്തിലും ഇവിടെ മറവ് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഉഗ്രശാസനം. ഒടുവവില്‍ ഉമ്മയുടെ മയ്യത്ത് അവരുടെ നാടായ കൊണ്ടോട്ടിയില്‍ ഖബറടക്കേണ്ടി വന്നു. ഇത്തരം ദാരുണമായ ജീവിതത്തിലൂടെ കടന്നു പോയ മന്‍സിയയ്ക്കും കുടുംബത്തിനും നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് റാബിയ എന്ന പേരില്‍ നാടകം ഒരുക്കിയ റഫീക്ക് മംഗലശ്ശേരിയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോവുകയും അവിടെ വെച്ച് ഐ എസില്‍ ചേര്‍ന്ന് അവരുടെ ചാവേറായി കൊല്ലപ്പെടുന്ന യുവാവിന്റെ ഭാര്യയായാണ് ചിത്രത്തില്‍ മന്‍സിയ വേഷമിടുന്നത്. തുടര്‍ന്ന് യുവാവിന്റെ പിതാവായ മമ്മാലിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്.

കാര്‍ത്തിക് മീഡിയയുടെ ബാനറില്‍ അരുണ്‍ എന്‍ ശിവനാണ് ‘എന്ന് മമ്മാലി എന്‌ന ഇന്ത്യാക്കാരന്‍’ സംവിധാനം ചെയ്യുന്നത്. മന്‍സിയയ്ക്ക് പുറമെ വിജയന്‍ വി നായര്‍, മണികണ്ഠന്‍ പട്ടാമ്പി, സന്തോഷ് കീഴാറ്റൂര്‍, വിജയന്‍ കാരന്തൂര്‍, ശശി എരഞ്ഞിക്കല്‍, രാജേഷ് ശര്‍മ്മ, ബാലന്‍ പാറക്കല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button