CinemaFilm ArticlesGeneral

ജഗതിയും ജഗദീഷും ഇല്ലാത്ത മലയാള സിനിമ; ജഗദീഷിന് സിനിമ കുറയുന്നതിന് പിന്നിലെ കാരണം?

‘ജഗതി, ജഗദീഷ്’ മലയാള സിനിമകളിലെ ഒട്ടേറെ ഹാസ്യരംഗങ്ങള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ ഈ രണ്ടു പേരുകളും വിസ്മരിക്കാനാകാത്തതാണ്. ജഗതി ഇല്ലാത്ത മലയാള സിനിമകള്‍ ഒരുകാലത്ത് വിരളമായിരുന്നു, ജഗതിയില്ലെങ്കില്‍, ജഗദീഷ് എങ്കിലും ഉണ്ടാകുമെന്ന ചിന്തയോടെ സിനിമയ്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കാനായി  തായ്യാറെടുത്തിരുന്ന പ്രേക്ഷകരെ നാം ഇന്നും ഓര്‍ക്കുന്നു.
 
ജഗതി ശ്രീകുമാര്‍ ഒരു മഹാനടനാണ് ഏതു വേഷവും ഭംഗിയായി ചെയ്യാന്‍ കഴിയുന്ന മികച്ച നടന്‍. ജഗദീഷ് സാമാന്യം ഭേദപ്പെട്ട ഒരു നടനും, സംവിധായകര്‍  ഏല്‍പ്പിക്കുന്ന വേഷങ്ങള്‍ തെറ്റില്ലാതെ ചെയ്യുന്ന നടനാണ് അദ്ദേഹം. ജഗതിയെന്ന പേര് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പതിഞ്ഞത് ജഗദീഷ് എന്ന നടനാണ് കൂടുതല്‍ ഗുണം ചെയ്തത്. ‘മമ്മൂട്ടി-മോഹന്‍ലാല്‍’ എന്ന് പറയും പോലെയാണത്, നര്‍മത്തിന്റെ വഴിയേ പ്രേക്ഷകര്‍ സഞ്ചരിച്ചപ്പോള്‍ അവരും പറഞ്ഞു ‘ജഗതി ജഗദീഷ്’, അതേ പേരില്‍ മലയാളത്തില്‍ ഒരു സിനിമ വരെ ഇറങ്ങിയിട്ടുണ്ട് ‘ജഗതി ജഗദീഷ് ഇന്‍ ടൌണ്‍’
 
പൂവാല കഥാപാത്രങ്ങളും തിരുമണ്ടന്‍ കഥാപാത്രങ്ങളുമൊക്കെ ജഗദീഷ് നന്നായി അവതരിപ്പിക്കാറുണ്ട്. ഇന്‍ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്‍, ഹിറ്റ്ലറിലെ ഹൃദയഭാനു തുടങ്ങിയവയൊക്കെ ജഗദീഷിന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളാണ്. ശ്രീനിവാസന്‍ തിരക്കഥയെഴുതി 1984-ല്‍ പുറത്തിറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് അഭിനയ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത് . പ്രിയദര്‍ശന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയാണ് ജഗദീഷിനെ ജനപ്രിയനാക്കി മാറ്റിയത്. 350-ല്‍പ്പരം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച ജഗദീഷ് നാല്‍പ്പതോളം ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചു, ജഗദീഷ് നായകനായി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ബോക്സോഫീസില്‍ വമ്പന്‍ വിജയം നേടിയവയാണ്.
 
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ‘മിന്നും താരം’ എന്ന കോമഡി ഷോയിലൂടെയാണ് ജഗദീഷ് മിനിസ്ക്രീനിലെ താരമാകുന്നത്. ഇന്ന് വോഡാഫോണ്‍ കോമഡിസ്റ്റാഴ്സിലെ പ്രധാന വിധികര്‍ത്താവയാ ജഗദീഷ് മലയാള സിനിമയില്‍ നിന്ന് കൂടുതല്‍ അകലം പാലിക്കുകയാണ്. സമീപകാലത്ത് ഇറങ്ങിയ രഞ്ജിത്തിന്‍റെ ‘ലീല’ എന്ന ചിത്രത്തില്‍ ലീലയുടെ പിതാവിന്റെ റോളിലെത്തി പ്രേക്ഷകരെ അദ്ദേഹം വിസ്മയിപ്പിച്ചിരുന്നു . വളരെ ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് ജഗദീഷിനെ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജഗദീഷ് സ്റ്റൈലിലുള്ള തമാശകളും, അദ്ദേഹത്തിന്‍റെ ശരീര ഭാഷയ്ക്ക് ചേരുന്ന ക്യാരക്ടര്‍ റോളുകളും ആരുടേയും തിരക്കഥയില്‍ പരുവപ്പെടാത്തതിനാലാകാണം ജഗദീഷിലെ നടനെ ആരും ഇപ്പോള്‍ പരിഗണിക്കാത്തത്. ഷാഫി സംവിധാനം ചെയ്ത ‘ടു കണ്ട്രീസ്’ എന്ന ചിത്രത്തില്‍ ദിലീപിന്റെ ജ്യേഷ്ഠ സഹോദരനായി അഭിനയിച്ച ജഗദീഷ് ആ പഴയ കോമഡി പ്രകടനം വീണ്ടും ആവര്‍ത്തിച്ചിരുന്നു. 2017-ലെ മലയാള സിനിമ   ജഗദീഷ് എന്ന നടനെ  പൂര്‍ണ്ണമായും മറന്നിരിക്കുന്നു. മമ്മൂട്ടിയുടെ കസബയിലായിരുന്നു ജഗദീഷിന് അവസാനമായി നല്ലൊരു വേഷം ലഭിച്ചത്.
 
യന്തിരനായും, ബാഹുബലിയായുമൊക്കെ മിനി സ്ക്രീനില്‍ രംഗപ്രവേശം ചെയ്യുന്ന ജഗദീഷ് ട്രോളര്‍മാരുടെ പ്രധാന ഇരകളില്‍ ഒരാളാണ്. വോഡാഫോണ്‍ കോമഡിസ്റ്റാഴ്സിലെ വിധി കര്‍ത്താവിന്റെ സീറ്റില്‍ വര്‍ഷങ്ങളായി തുടരുന്ന ജഗദീഷിനെ മലയാള സിനിമ മറന്നതാണോ അതോ മലയാള സിനിമയെ ജഗദീഷ് മറന്നതാണോ? എന്ന് വ്യക്തമല്ല, രണ്ടായാലും ജഗദീഷ് എന്ന വ്യക്തിയുടെ ആത്മവീര്യത്തെ ആര്‍ക്കും പരാജയപ്പെടുത്താനാകില്ല, കോമഡി റിയാലിറ്റി ഷോയിലെ താരത്തിന്റെ പ്രകടനം അത് ശരിവയ്ക്കുന്നു. രജനീകാന്തിന്‍റെ യന്തിരന്‍ 2.0 വരട്ടെ, ഒരു ട്രോളര്‍മാരെയും ഭയക്കാതെ ജഗദീഷ് ഉണ്ടാകും അതേ പോലെ അവതരിക്കാന്‍.കാത്തിരുന്നു കണ്ടോളൂ….

shortlink

Related Articles

Post Your Comments


Back to top button