CinemaFilm ArticlesGeneralMollywoodNEWS

മലയാളത്തിന്‍റെ സ്വന്തം ജോണ്‍ ഹോനായി എവിടെ?

തൊണ്ണൂറുകളുടെ തുടക്കത്തിലാണ്‌ നടന്‍ റിസബാവ തന്‍റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ‘ഡോക്ടര്‍ പശുപതി’ എന്ന ചിത്രത്തില്‍ നായകനായി തുടക്കം കുറിച്ച റിസബാവ പിന്നീടു മലയാള സിനിമയിലെ ശക്തനായ പ്രതിനായകനായി മാറുകയായിരുന്നു. 1990-ല്‍ പുറത്തിറങ്ങിയ ‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ‘ജോണ്‍ ഹോനായി’ എന്ന വില്ലന്‍ വേഷമാണ് റിസബാവയെ ജനപ്രിയ താരമാക്കി മാറ്റിയത്. ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിസബാവയിലെ ജോണ്‍ ഹോനായി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായി മാറി.മാത്രമല്ല ചിത്രത്തിലെ ജോണ്‍ ഹോനായുടെ സംഭാഷണങ്ങളും കയ്യടി ഏറ്റുവാങ്ങി.

“ഒരു വിരല്‍ തുമ്പില്‍ എന്നെയും മറുകയ്യില്‍ ആണ്ട്രൂസിനെയും കൊണ്ട് അമ്മച്ചി നടക്കാനിറങ്ങുമ്പോള്‍ അമ്മച്ചി ഞങ്ങള്‍ക്ക് ഒരു കഥ പറഞ്ഞു തരുമായിരുന്നില്ലേ, ഭൂതത്താന്റെ കയ്യില്‍ നിന്ന് ഭൂമി നിധി തട്ടിപ്പറിച്ച കഥ , ആ കഥയിലെ നിധിയാണ്‌ ഇപ്പോള്‍ അമ്മച്ചിയുടെ കയ്യില്‍ ഇരിക്കുന്നത്.”

പ്രതിനായക കഥാപാത്രമാണെങ്കിലും റിസബാവയുടെ ഈ ജനപ്രിയ വില്ലനെ തിയേറ്ററില്‍ ജനം കയ്യടികളോടെയാണ് സ്വീകരിച്ചത്. 
ഇന്‍ഹരിഹര്‍ നഗറിന്റെ വലിയ വിജയത്തോടെ റിസബാവ മലയാള സിനിമയിലെ തിരക്കേറിയ നടനായി. ‘ഉപ്പുകണ്ടം ബ്രദേഴ്സ്’, ‘കാബൂളി വാല’, ‘പ്രിയപ്പെട്ട കുക്കു’, ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ അങ്ങനെ ഒട്ടേറെ വാണിജ്യ ചിത്രങ്ങളിലെ ഒഴിച്ചു നിര്‍ത്താനാകത്ത താരമായി റിസബാവ വളര്‍ന്നു. 2000-നു ശേഷം ആക്ഷന്‍ ചിത്രങ്ങളാണ്‌ റിസബാവയെ കൂടുതല്‍ തേടിയെത്തിയത്‌. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ‘ഹലോ’യിലെ റിസബാവയുടെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 90-മുതല്‍ 2015 വരെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന താരത്തിനു ഇപ്പോള്‍ അധികം സിനിമകള്‍ ലഭിക്കുന്നില്ല. തങ്ങളുടെ ഏറ്റവും അടുത്ത പരിചയക്കാരെ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍  ഇതേ പോലെയുള്ള സീനിയര്‍ താരങ്ങളെ സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ കണ്ടില്ലെന്ന് നടിക്കരുത്. 
ഏറ്റവും പരിചയമുള്ള സിനിമാ താരത്തിനു ഇടം നല്‍കാനായി ഇല്ലാത്ത കഥാപാത്രം എഴുതി ഉണ്ടാക്കുന്ന പ്രവണത ഇപ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്, ആ അവസരത്തില്‍ റിസബവയെപ്പോലെയുള്ള പരിചയ സമ്പന്നനായ നടന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ലഭിക്കുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

shortlink

Related Articles

Post Your Comments


Back to top button