FestivalGeneralIFFKNEWS

പ്രണയമറിയാത്തവര്‍ ജീവിതമറിയുന്നില്ല : ജോണി ഹെന്‍ഡ്രിസ്

ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ജീവിതം അറിയുന്നില്ലെന്ന് കാന്‍ഡലേറിയയുടെ സംവിധായകന്‍ ജോണി ഹെന്‍ഡ്രിസ്. ഭൗതിക സൗകര്യങ്ങള്‍ക്ക് അപ്പുറത്ത് പ്രണയമാണ് എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത്. തന്റെ സിനിമ ചര്‍ച്ച ചെയ്യുന്നതും ഇതാണെന്ന് ടാഗോര്‍ തിയേറ്ററില്‍ വി.സി ഹാരിസ് സ്മൃതിയില്‍ സംഘടിപ്പിച്ച മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

ജോണി ഹെന്‍ഡ്രിസിനെ കൂടാതെ വൈറ്റ് ബ്രിഡ്ജിന്റെ സംവിധായകന്‍ അലി ഘവിതാന്‍, വാജിബിലെ അഭിനേത്രി മരിയാ സ്രിയക് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ വില്ലേജ് റോക്സ്റ്റാര്‍സ് ന്റെ സംവിധായിക റിമ ദാസ് എന്നിവരായിരുന്നു പരിപാടിയിലെ മുഖ്യാതിഥികള്‍. ഒരു സംവിധായകന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്റേതുള്‍പ്പടെയുള്ള സിനിമകള്‍ പ്രതിനിധികള്‍ കണ്ടതിലെ സന്തോഷം ജോണി ഹെന്‍ഡ്രിസ് പങ്കുവച്ചു.

സാമൂഹിക യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് തന്റെ സിനിമയെന്ന് വ്യക്തമാക്കിയ ഘവിതാന്‍ ഹൃദയങ്ങള്‍ക്കിടയിലുണ്ടാകേണ്ട പാലങ്ങളുടെ പ്രസക്തിയെകുറിച്ച് സദസ്സിനെ ഓര്‍മിപ്പിച്ചു. എപ്പോഴാണോ നമ്മള്‍ കൂടുതല്‍ സ്വതന്ത്രരാകുന്നത് അപ്പോള്‍ മുതല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നുവെന്ന റിമ ദാസിന്റെ അഭിപ്രായം സദസ്സ് നീണ്ട കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഡിസംബര്‍ 6 മുതല്‍ 13 വരെ നടന്ന ദുബായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയതിലുള്ള സന്തോഷം മരിയാ സ്രിയക് പങ്കുവച്ചു. ചലച്ചിത്രമേളയുടെ ആവേശമായിരുന്ന മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയുടെ ഭാഗമാകാന്‍ സിനിമകള്‍ പോലും മാറ്റിവച്ചു സമയം കണ്ടെത്തിയ പ്രതിനിധികളെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അഭിനന്ദിച്ചു. മീര സാഹിബ് മോഡറേറ്റര്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button