CinemaComing SoonFilm ArticlesGeneralLatest NewsMollywood

പ്രേക്ഷകര്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 10 മലയാള സിനിമകള്‍

 

മനോജ്‌ 

സിനിമകള്‍ എന്നും നമുക്കൊരു ആവേശമാണ്. അത് ഇഷ്ടതാരത്തിന്‍റെതോ സംവിധായകന്‍റെതോ ആണെങ്കില്‍ പറയാനുമില്ല. സമൂഹ മാധ്യമങ്ങള്‍ പ്രചാരത്തിലായതോടെ പുതിയ സിനിമ വാര്‍ത്തകളും ടീസറും പാട്ടുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നത് ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ കൂടിയാണ്. നിമിഷങ്ങള്‍ക്കകം ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്യും. അത്രയ്ക്കുണ്ട് സോഷ്യല്‍ മീഡിയയുടെ ശക്തി.

മലയാള സിനിമ രംഗം ഇന്ന് ഏറെ മാറിയിരിക്കുന്നു. വമ്പന്‍ ബഡ്ജറ്റും വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായി അനവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഒരു കാലത്ത് മലയാള ചിത്രങ്ങളുടെ മുതല്‍മുടക്ക് അഞ്ചു കോടിക്കപ്പുറം പോയിരുന്നില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശിരാജയാണ് വലിയ കാന്‍വാസില്‍ ചിത്രങ്ങള്‍ എടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഊര്‍ജ്ജം നല്‍കിയതെങ്കിലും അത് പരമോന്നതിയില്‍ എത്തിയത് പുലിമുരുകനിലൂടെയാണെന്ന് പറയാം. നൂറ്റമ്പത് കോടി ക്ലബ്ബില്‍ കടന്ന സിനിമ മലയാളത്തിന്‍റെ പ്രശസ്തിയും പെരുമയും മറുനാടുകളിലും എത്തിച്ചു. ആ വിജയം പകര്‍ന്ന ആത്മവിശ്വാസത്തിനൊപ്പം അമര്‍ ചിത്രകഥ ശൈലിയില്‍ രണ്ടു ഭാഗങ്ങളായി വന്ന ബാഹുബലിക്ക് ലഭിച്ച സ്വീകാര്യതയും കണ്ടപ്പോള്‍ പ്രതിഭാധനരായ നമ്മുടെ സംവിധായകരും താരങ്ങളും പിന്നെ മടിച്ചു നിന്നില്ല. അന്യഭാഷാ വിപണി കൂടി ലക്ഷ്യമിട്ട് വലിയ സിനിമകള്‍ എടുക്കാന്‍ അവര്‍ മത്സരിച്ചു.

മലയാളത്തിലെ മിക്ക താരങ്ങളും ഈ സമയത്ത് വമ്പന്‍ സിനിമകളുടെ തിരക്കിലാണെന്ന് പറയാം. പ്രേക്ഷകര്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 10 മലയാള സിനിമകളുടെ പട്ടിക ഇതാ,

1. ഒടിയന്‍

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്‍റസി ത്രില്ലറാണ് ഒടിയന്‍. രൂപം മാറാന്‍ കഴിവുള്ള അത്ഭുത ശക്തിയുള്ള ഒടിയന്മാര്‍ പണ്ടു കാലത്ത് മലബാര്‍ മേഖലയില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി വേഷ പകര്‍ച്ച നടത്തുന്ന സിനിമ ഈ വര്‍ഷം കാണാന്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക്, ഇന്നസെന്‍റ് എന്നിവരും അഭിനയിക്കുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

2. മാമാങ്കം

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ എന്നാണ് മാമാങ്കം വിശേഷിപ്പിക്കപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ആവേശോജ്ജ്വലമായ ചാവേര്‍ പോരാട്ടങ്ങളുടെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് സജിവ് പിള്ളയാണ്. കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മംഗലാപുരത്ത് പുരോഗമിക്കുകയാണ്.

3. കായംകുളം കൊച്ചുണ്ണി

കായംകുളത്തെ നന്മയുള്ള കള്ളന്‍റെ കഥ നിരവധി സിനിമകള്‍ക്കും നോവലുകള്‍ക്കും വിഷയമായിട്ടുണ്ട്. നിവിന്‍ പോളിയാണ് ഇക്കുറി കായംകുളം കൊച്ചുണ്ണി എന്ന നായകനെ അവതരിപ്പിക്കുന്നത്. റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷം ചെയ്യുന്നു. പഴശിരാജക്ക് ശേഷം ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ബിഗ്‌ ബഡ്ജറ്റ് സിനിമ കൂടിയാണ് കായംകുളം കൊച്ചുണ്ണി.

4. കുഞ്ഞാലി മരയ്ക്കാര്‍

മമ്മൂട്ടി അഭിനയിക്കുന്ന ചരിത്ര പശ്ചാത്തലത്തിലുള്ള മറ്റൊരു സിനിമയാണ് കുഞ്ഞാലി മരയ്ക്കാര്‍. സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് സിനിമാസ് നിര്‍മിക്കും. ജൂലായില്‍ തുടങ്ങുന്ന സിനിമയുടെ ഏറിയ പങ്കും കടലിലാണ് ചിത്രീകരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

5. രണ്ടാമൂഴം

മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന എംടിയുടെ രണ്ടാമൂഴം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒടിയനു ശേഷം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ രണ്ടു ഭാഗങ്ങളായിട്ടായിരിക്കും പുറത്തിറങ്ങുക. ആയിരം കോടി രൂപ ചിലവില്‍ ബി ആര്‍ ഷെട്ടി നിര്‍മിക്കുന്ന സിനിമയുടെ താരനിര്‍ണ്ണയം നടന്ന് വരുകയാണ്.

6. ലേലം 2

രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ലേലം പ്രേക്ഷകരെ ഏറ്റവുമധികം ആവേശം കൊള്ളിച്ച സിനിമയാണ്. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തിരിച്ചു വരവ് നടത്തുന്ന ലേലം 2 സംവിധാനം ചെയ്യുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്. ചിത്രീകരണം ഏപ്രിലില്‍ തുടങ്ങും.

7. കാളിയന്‍

കാളിയന്‍ എന്ന പുതിയ സിനിമയെ കുറിച്ച് പ്രിഥ്വിരാജ് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കില്‍ കൂടി പ്രഖ്യാപനം നടത്തിയത്. വേണാട് ചരിത്രത്തിലെ ധീര
യോദ്ധാവായിരുന്ന കാളിയന്‍റെ സംഭവബഹുലമായ ജീവിതത്തെ അടിസ്ഥാനമാക്കിയെടുക്കുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. എസ് മഹേഷ്‌ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കുന്നത് രാജിവ് നായരാണ്.

8. ആടു ജീവിതം

പ്രവാസ ജീവിതത്തിന്‍റെ ദുരിതങ്ങള്‍ അനുഭവിച്ച നജീബായി പ്രിഥ്വിരാജ് അഭിനയിക്കുന്ന ആടു ജീവിതം അതേ പേരിലുള്ള ബെന്യാമിന്‍റെ പ്രശസ്ത നോവലിന്‍റെ
ചലച്ചിത്രാവിഷ്ക്കാരമാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ അമല പോളാണ് നായിക. യോദ്ധ എന്ന ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് മടങ്ങി വരവ് നടത്തുന്ന സിനിമ കൂടിയാണ് ആടു ജീവിതം.

9. കമ്മാര സംഭവം

മുരളി ഗോപിയുടെ രചനയില്‍ ദിലീപിനെ നായകനാക്കി നവാഗതനായ രതിഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാര സംഭവം. കമ്മാരന്‍റെ ചെറുപ്പകാലം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും അഭിനയിക്കുന്നു.

10. ഇ.മ.യു

വ്യത്യസ്ഥമായ ടൈറ്റില്‍ കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ഇ.മ.യു. ആമേന്‍, ഡബിള്‍ ബാരല്‍ എന്നി സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി
സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ അഭിനയിക്കുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button