CinemaGeneralLatest NewsNEWS

ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു സായാഹ്നം

കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 25 ന് അബ്ബാസിയ മറീന ഹാളിൽ വച്ച് സംഘടിപ്പിച്ച സംഗീത നൃത്ത സന്ധ്യ ശ്രദ്ധേയമായി. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കികൊണ്ട് പ്രശസ്ത ഗായകരായ എം ജി ശ്രീകുമാറും, അബ്ദുറഹ്മാനും, ശ്രേയ ജയദീപും, മൃദുല വാര്യരും ഒത്തുചേർന്ന ഗായക സംഘവും, ക്ലാസിക്കൽ നൃത്തത്തിന്റെ ലാസ്യഭാവങ്ങൾ പകർന്ന് പ്രശസ്ത നടിയും നർത്തകിയുമായ ഡോ. താരാ കല്യാണും, മകൾ സൌഭാഗ്യ വെങ്കിടേഷും അരങ്ങ് തകർത്തപ്പോൾ, കുവൈത്തിലെ പ്രവാസി സമൂഹത്തിന് അത് മറക്കാനാവാത്ത അനുഭവമായി മാറി.

കീബോർഡിൽ മാന്ത്രികവിസ്മയം തീർക്കുന്ന അനൂപ് കോവളം എന്ന അതുല്യ പ്രതിഭയുടെ നേതൃത്വത്തിൽ സ്റ്റാർ ഓർക്കസ്ട്രയുടെ അനുഗ്രഹീത കലാകാരൻമാർ ഒരുക്കിയ വാദ്യവിസ്മയങ്ങളുടെ അകമ്പടിയിൽ മലയാളക്കരയുടെ സ്വന്തം ഹിറ്റുകൾ കുവൈത്ത് പ്രവാസികളുടെ മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു. മെഗാ ഇവന്റിന്റെ ഔപചാരിക ഉദ്ഘാടനം നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി നിലവിളക്കിൽ തിരി തെളിച്ച് ജലീബ് അൽ ഷുയൂഖ് ഏരിയ പോലീസ് ചീഫ് കേണൽ ഇബ്രാഹിം അബ്ദുറസാഖ് അൽ ദീൽ നിർവ്വഹിച്ചു. അസോസിയേഷന്റെ സ്ഥാപകാംഗവും, ദീർഘകാലം പ്രസിഡണ്ടും നിലവിൽ രക്ഷാധികാരിയുമായ ഉമ്മൻ ജോർജ്ജ് (ജോസ് മണ്ണിൽ) നെ അസോസിയേഷന്റെ രൂപീകരണത്തിലും വളർച്ചയിലും വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പങ്കിനെ മാനിച്ച് കൊണ്ട് ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ ഉപദേശക സമിതി അദ്ധ്യക്ഷൻ ബിനു ജോൺ ഫിലിപ്പ് അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, പ്രശസ്തി ഫലകം നൽകുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് കെ ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുരളി എസ് പണിക്കർ സ്വാഗതവും, ഇവന്റ് കൺവീനർ സാമുവേൽകുട്ടി കൃതജ്ഞതയും അർപ്പിച്ചു. ഉദ്‌ഘാടന ചടങ്ങിൽ പരിപാടിയുടെ മുഖ്യ പ്രായോജകരായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൺട്രി ഹെഡ് സഞ്ജയ് സിൻഹ, സഹപ്രായോജകരായ കോടക് ലൈഫ് ഡപ്യൂട്ടി വൈസ് പ്രസിഡണ്ട് കെ. എൻ. രാജീവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എഞ്ചിനീയറിംഗ് ഡിഗ്രീ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനി നിഖിത മുരളി പണിക്കർ, സന്നദ്ധരക്തദാന മേഘലയിലെ സജീവ പ്രവർത്തനങ്ങളെ മുൻ നിർത്തി ബ്ലഡ് ഡോണേഴ്സ് കേരള, കുവൈത്ത് ചാപ്റ്റർ, അസോസിയേഷന്റെ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന അകമഴിഞ്ഞ പിന്തുണയെ മുൻനിർത്തി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം സജി കോശി ജോർജ്ജ് എന്നിവരെയും പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാരെയും ചടങ്ങിൽ ആദരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button