CinemaLatest NewsSpecial

മലയാളത്തിലെ ഏറ്റവും വലിയ 10 ഹിറ്റ്‌ സിനിമകള്‍

മനോജ്‌

ഇന്ന് അഭിനേതാക്കളുടെ താരമൂല്യം നിശ്ചയിക്കുന്നത് അവര്‍ അഭിനയിച്ച സിനിമകള്‍ എത്ര കോടി കളക്റ്റ് ചെയ്തു എന്ന് നോക്കിയാണ്. നേരത്തെ രണ്ടും മൂന്നും കോടി കളക്റ്റ് ചെയ്യുന്ന സിനിമകള്‍ മെഗാ ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇരുപത്തഞ്ചും അമ്പതും കോടി കളക്ഷനുകളാണ് അവയെ ഹിറ്റുകളെന്നും സൂപ്പര്‍ഹിറ്റുകളെന്നുമൊക്കെ വേര്‍തിരിക്കുന്നത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്റ്റ് ചെയ്ത സിനിമകള്‍ ഇവയാണ്.

1. പുലിമുരുകന്‍

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ ചിത്രം. പുലിയൂര്‍ എന്ന കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമത്തിലെ പുലി വേട്ടക്കാരന്‍ മുരുകന്‍റെ കഥ പറഞ്ഞ സിനിമ നിര്‍മിച്ചത് ടോമിച്ചന്‍ മുളകുപാടമാണ്. രചന ഉദയ് കൃഷ്ണ. 152 കോടി രൂപയാണ് പുലിമുരുകന്‍റെ ആകെ കളക്ഷന്‍.

2. ദൃശ്യം

ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യത്തിലൂടെയാണ് മലയാള സിനിമ അമ്പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. മോഹന്‍ലാല്‍ നായകനായ ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ മീന, അന്‍സിബ, ബേബി എസ്തര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ചിത്രം പിന്നീട് തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തു. 75 കോടി രൂപയാണ് ദൃശ്യം കളക്റ്റ് ചെയ്തത്.

3. ഒപ്പം

മോഹന്‍ലാലിന്‍റെ വ്യത്യസ്തമായ വേഷ പകര്‍ച്ചയുമായെത്തിയ ഒപ്പത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചത് പ്രിയദര്‍ശനാണ്. മാമുക്കോയ, നെടുമുടി വേണു, ഇന്നസെന്‍റ്, സമുദ്രക്കനി, മീനാക്ഷി, അനുശ്രീ എന്നിവര്‍ അഭിനയിച്ച സിനിമ 65 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത്.

4. പ്രേമം

മലയാളത്തിലെ ഏറ്റവും വലിയ മൂന്ന് ഹിറ്റുകള്‍ മോഹന്‍ലാലിന്‍റെ പേരിലാണെങ്കില്‍ നാലാമത്തെ ചിത്രം നിവിന്‍ പോളിയുടേതാണ്. കേരളത്തിനകത്തും പുറത്തും തരംഗമായ ചിത്രത്തില്‍ സായി പല്ലവി, അനുപമ പരമേശ്വരന്‍. മഡോണ എന്നിവരാണ് നായികമാരായത്. അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്ത സിനിമ 60 കോടി കളക്റ്റ് ചെയ്തു.

5. ടു കണ്ട്രീസ്

ദിലീപും മമ്ത മോഹന്‍ദാസും നായികാനായകന്മാരായ ചിത്രം സംവിധാനം ചെയ്തത് ഷാഫിയാണ്. രചന റാഫി. രജപുത്ര ഫിലിംസ് നിര്‍മിച്ച സിനിമ 55 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

6. എന്ന് നിന്‍റെ മൊയ്ദീന്‍

മൊയ്ദീന്‍റെയും കാഞ്ചനമാലയുടെയും പ്രണയജീവിതം വരച്ചു കാട്ടിയ സിനിമ സംവിധാനം ചെയ്തത് നവാഗതനായ ആര്‍ എസ് വിമലാണ്. പൃഥ്വിരാജ്, പാര്‍വതി, ടോവിനോ തോമസ്‌, സായ് കുമാര്‍ എന്നിവര്‍ അഭിനയിച്ച ചിത്രം അമ്പത് കോടി രൂപ കളക്റ്റ് ചെയ്തു.

7. എസ്ര

പൃഥ്വിരാജ് നായകനായ ഹൊറര്‍ സിനിമയാണ് എസ്ര. നവാഗതനായ ജയ്‌ കെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ പ്രിയ ആനന്ദ്, സുജിത് ശങ്കര്‍, സുദേവ് നായര്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്. അമ്പത് കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷന്‍.

8. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം. ഉലഹന്നാന്‍ എന്ന ഇടത്തരക്കാരന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച സിനിമ കുടുംബ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മീന, അനുപ് മേനോന്‍, ഐമ സെബാസ്റ്റ്യന്‍, മാസ്റ്റര്‍ സനുപ്, സൃന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മുന്തിരിവള്ളികള്‍ അമ്പത് കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

9. ദി ഗ്രേറ്റ് ഫാദര്‍

മലയാളത്തിലെ മറ്റ് മിക്ക താരങ്ങളും അമ്പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചെങ്കിലും അക്കൂട്ടത്തില്‍ ഒരു മമ്മൂട്ടി ചിത്രം ഇല്ലായിരുന്നു. ആ കുറവ് നികന്നത് ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ്. ആഗസ്റ്റ്‌ സിനിമാസ് നിര്‍മിച്ച് മമ്മൂട്ടി നായകനായ സിനിമ സംവിധാനം ചെയ്തത് നവാഗതനായ ഹനീഫ് അദേനിയാണ്. ദി ഗ്രേറ്റ് ഫാദര്‍ അമ്പത് കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്.

10. ബാംഗ്ലൂര്‍ ഡെയ്സ്

അജ്ഞലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ നസിം എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തിയത്. ബാംഗ്ലൂര്‍ ഡെയ്സ് അമ്പത് കോടി രൂപ കളക്റ്റ് ചെയ്തു.

Tags

Post Your Comments


Back to top button
Close
Close