CinemaMollywoodMovie Reviews

പടവെട്ടി പകര്‍ന്നാടിയ പെരുമയുള്ള ‘കൊച്ചുണ്ണി’; ‘കായംകുളം കൊച്ചുണ്ണി’ റിവ്യു

‘കായംകുളം’ ദേശക്കാരുടെ വീരനായ ‘കൊച്ചുണ്ണി’യുടെ ചരിത്രകഥ റോഷന്‍ ആന്‍ഡ്രൂസും, ടീമും സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. കൊച്ചുണ്ണിയുടെ ഉറ്റമിത്രമായ ‘ഇത്തിക്കരപക്കി’യുടെ വേഷത്തില്‍ മോഹന്‍ലാല്‍ അതിശയിപ്പിക്കാനെത്തുമെന്ന മാറ്റൊരു വിളബരം  കൂടി പുറപ്പെട്ടതോടെ ആരാധകര്‍ ആവശത്തിന്റെ ലഹരിയിലായി!. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ലുക്കടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതോടെ നിവിന്‍ പോളിയുടെ ‘കൊച്ചുണ്ണി’ വേഷത്തിന്റെ തീവ്രത പതിയെ പതിയെ ചോര്‍ന്നു തുടങ്ങി, പിന്നീടു മോഹന്‍ലാലില്‍ നിന്നായി  ചിത്രത്തിന്റെ വിപണന വീര്യം!. കായംകുളം കൊച്ചുണ്ണിയെന്ന പോലെ ഗമയോടെ ഇത്തിക്കരപക്കിയും പോസ്റ്ററിലെ പ്രതിഭാസമായി.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് ബോബി-സഞ്ജയ്‌ ടീം രചന നിര്‍വഹിച്ച ‘കായംകുളം കൊച്ചുണ്ണി’ ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രമെന്ന നിലയിലാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. മഴക്കെടുതിയില്‍ മുങ്ങിപ്പോയ ‘കായംകുളം കൊച്ചുണ്ണി’യ്ക്ക് ഓണറിലീസായി തിയേറ്ററിലെത്താന്‍ വിധിയില്ലാതെ പോയി. വൈകിയ വേളയിലും ആരവ ആഘോഷങ്ങളോടെ മോഹന്‍ലാല്‍ ഫാന്‍സും, നിവിന്‍ പോളി ഫാന്‍സും ചേര്‍ന്ന് കയ്യടികളോടെ സ്വീകരിച്ച ചിത്രം പുലര്‍കാലെ  തിയേറ്ററില്‍ ചലിച്ചു തുടങ്ങി. കാലം പിന്നിലേക്ക് തിരിയുന്ന ബ്രിട്ടീഷ് ഭരണത്തിന്റെയും,നാട്ടുപ്രമാണിമാരുടെയും നെറികേടിന്റെ കഥ മലയാള സിനിമയ്ക്ക് അന്യമല്ല, വീരയോദ്ധാക്കളുടെ ചരിത്ര സൃഷ്ടികള്‍ മോളിവുഡ് സിനിമയ്ക്ക് പലതവണ വിഷയമായിട്ടുണ്ട്. കായംകുളം നിവാസികളുടെ സ്വന്തം തസ്കരവീരന്‍ കായംകുളം കൊച്ചുണ്ണിയുടെ കഥ രണ്ടാം തവണയാണ്  സിനിമയ്ക്ക് വിഷയമാകുന്നത്.

1966-ല്‍ പിഎ തോമസ്‌ സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’യില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായി വേഷമിട്ടത്, സത്യന്റെ ‘കൊച്ചുണ്ണി’ വേഷം അന്നത്തെ പ്രേക്ഷകര്‍ അത്ഭുതപൂര്‍വ്വം കണ്ടിരുന്നപ്പോള്‍ ഇന്നത്തെ കൊച്ചുണ്ണിയായി നിവിന്‍ പോളിയുടെ നടനവൈഭവം ആഴത്തില്‍ അളക്കാന്‍ പ്രേക്ഷകരും അക്ഷമരായി തിയേറ്ററില്‍ നിലയുറപ്പിച്ചു.

എഡി -1800 കാലഘട്ടം ഇന്നത്തെ സൂര്യ പ്രകാശത്തില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകന് പഴയമയുടെ പുതുവീര്യം മെല്ല തുറന്നു കിട്ടി. റോഷന്‍ ആന്‍ഡ്രൂസ് എന്ന ക്രാഫ്റ്റ് മാന്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ   ആദ്യ പകുതി തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്, ഐതിഹ്യമാലയില്‍ നിന്നും, കൊച്ചുണ്ണിയെക്കുറിച്ച് റിസര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളില്‍ നിന്നും കേട്ടറിവുള്ള കഥകളില്‍ നിന്നും ബോബി സഞ്ജയ്‌ വീക്ഷണ ബോധത്തോടെ സ്ക്രിപ്റ്റ് ചെയ്തപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന് കാര്യങ്ങള്‍ കുറേക്കൂടി ലളിതമായി. വിശന്നാലും കക്കരുതെന്ന് ബാലനെ പഠിപ്പിക്കുന്ന കൊച്ചുണ്ണി കായംകുളം നാട്ടുരാജ്യത്തിന്റെ നിര്‍മലതയുള്ള കള്ളനായി വാഴ്ത്തപ്പെടുന്നതും, താണജാതിക്കാരെ അടിച്ചമര്‍ത്തുന്ന ഉയര്‍ന്നജാതിക്കാരന്റെ ഉന്മൂലനത്തിനായി  മോഷ്ടാവിന്റെ വീറോടെ അങ്കത്തിനിറങ്ങുന്നതുമാണ് കൊച്ചുണ്ണിയുടെ ചരിത്രകഥ

 

വിശ്വസിച്ചവരുടെ ചതിയില്‍പ്പെട്ടു ചാകാന്‍ കീഴടങ്ങുമ്പോള്‍ അടവ് പഠിച്ച വീരനായകന്റെ ഉണര്‍വ്വോടെ ചിത്രം പരിസമാപ്തി കുറിക്കപ്പെടുന്നു. കൊച്ചുണ്ണിയോട് മോഹം തോന്നുന്ന ക്ഷൂദ്രപെണ്ണും, കളികൂട്ടുകാരിയും, കളിത്തോഴനും കളരിഗുരുക്കളും കായംകുളം കൊച്ചുണ്ണിയിലെ കലര്‍പ്പില്ലാത്ത കഥാപാത്രമായി രംഗത്ത് നിര്‍ത്തുന്നുണ്ട്.
നാട്ടുപ്രമാണിമാര്‍ക്കെതിരെ പടവെട്ടി ദേശത്തെ രാജനായകന്‍റെ പദവി വരിക്കുന്ന കൊച്ചുണ്ണിയുടെ രണ്ടാം വിവരണം തെറ്റില്ലാത്ത ചലച്ചിത്ര കാഴ്ചയായി മനസ്സിലൊട്ടുന്നു. വൈകാരികമായ തലങ്ങള്‍ എടുത്തെറിയാതെ വൃത്തിയോടെ ഡയലോഗ് എഴുതിയും, കണ്ടിരിക്കാന്‍ മികവുള്ള നിലാവരത്തോടെ തിരക്കഥ രചിച്ചും ബോബി സഞ്ജയ്‌ സഹോദരങ്ങള്‍ തങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വഹിച്ചു, അമിതമായ നൊമ്പര സംഭാഷണങ്ങളോ, അലര്‍ച്ചയോടെ പൊന്തുന്ന മാസ് ബഹങ്ങളോ ഇല്ലാതിരുന്നത് എഴുത്തിന്റെ ആഴത്തെ ബാധിച്ചെന്ന തോന്നലുണ്ടാക്കിയെങ്കിലും ബോബി സഞ്ജയുടെ എഴുത്തിനോട് മതിപ്പ് കുറവില്ല. കീഴ്ജാതിയിലെ പെണ്ണിനെ കിടക്കപായിലേക്ക്ക്ഷണിക്കുന്ന ഉയര്‍ന്ന ജാതിക്കാരന്റെ ഉച്ചിയിലെ ഉഗ്രന്‍ വിഷം കാലാകാലങ്ങളായി സിനിമയില്‍  പറഞ്ഞു പോന്നിട്ടുള്ളവയായതിനാല്‍ കായംകുളം കൊച്ചുണ്ണിയിലും  അത്തരം സീനുകള്‍ ക്ലീഷേയായി തളംകെട്ടുന്നു, എന്നിരുന്നാലും ചരിത്രകഥയില്‍ കണ്ടു മടുത്തിട്ടുള്ള നിരവധി ക്ലീഷേ രംഗങ്ങളെ പടിയടച്ച് പുറത്തു നിര്‍ത്തുന്നുണ്ട് ബോബി സഞ്ജയ്മാര്‍.

ആവിഷ്കരണത്തില്‍ ആസ്വാദ്യകരമാകുന്ന ‘കായംകുളം കൊച്ചുണ്ണി’ റോഷന്‍ ആന്‍ഡ്രൂസ് എന്ന ഹിറ്റ് മേക്കറുടെ കയ്യില്‍ ശോഭയോടെ നിലകൊണ്ടു. 1800 -എന്ന കാലഘട്ടം സിനിമ കണ്ട എനിക്കും,എനിക്കൊപ്പം വീക്ഷിച്ച മറ്റു മര്‍ത്യര്‍ക്കും അന്യമാണ്, എന്നിട്ടും നമ്മള്‍ ദര്‍ശിക്കാത്ത കാലഘട്ടം കാലത്തിനനുസൃതമായി ആവിഷ്കരിച്ചില്ലെന്ന് പറഞ്ഞു നെടുവീര്‍പ്പിടാറുണ്ട്. പല ഫ്രെയിമുകളിലും റോഷന്‍ ആന്‍ഡ്രൂസ് തന്റെതായ ശൈലിയില്‍ പഴമകാഴ്ച  മെനഞ്ഞെടുത്തത്  ഏറെ ചിട്ടയോടെയായിരുന്നു. കലാസംവിധായകന്റെ മാക്സിമം കഴിവ് വ്യക്തമായി ദര്‍ശിച്ച സിനിമയായി ‘കായംകുളം കൊച്ചുണ്ണി’ മാറുമ്പോള്‍ കാത്തിരുന്നു കിട്ടിയ ഈ ചലച്ചിത്ര കാഴ്ച മാന്യതയുള്ളതായി അടയാളപ്പെടുന്നു . ചരിത്രകഥ അതിന്റെ ആത്മാവ് വിട്ടുപോകാത്ത വിധത്തിലാണ് റോഷന്‍ റോഷന്‍ ആന്‍ഡ്രൂസ് സ്ക്രീനിലത്തിച്ചത്. പ്രേക്ഷകന്റെ ആസ്വാദന ലഹരിക്കായി ക്ലൈമാക്സിലടക്കം അല്ലറചില്ലറ എരിവ് ചേര്‍ത്തു എന്നല്ലാതെ തിരക്കഥയെ ബഹുമാനിച്ചു കൊണ്ടാണ് റോഷന്‍ പൂര്‍ണ്ണമായും ചിത്രം ബിഗ്‌സ്ക്രീനില്‍ പരുവപ്പെടുത്തിയത്.

 

കഥാഖ്യാനത്തില്‍ നിന്ന് വിട്ടുമാറി ഹെവി ലൈനില്‍ ചിത്രം പിടിക്കാതെയുള്ള  റോഷന്റെ മേക്കിംഗ് ശ്രമം ശ്രമം അഭിനന്ദനാര്‍ഹമാണ്. കളരിയുടെ മര്‍മ്മ വിദ്യകള്‍ മനപാഠമാക്കിയ കൊച്ചുണ്ണിയെന്ന നായകന്‍ മണ്ണിലുറച്ചു നിന്ന കഥാപാത്രമായി സ്ക്രീനില്‍ നിറയുമ്പോഴും നിവിന്‍ പോളിയുടെ ശരീര ഭാഷയിലെ ബാലന്‍സ് ഇല്ലായ്മ പലപ്പോഴും കല്ലുകടിയായി. ആദ്യപകുതിയ്ക്ക് തൊട്ടു മുന്‍പായി അവതരിക്കുന്ന ഇത്തിക്കരപക്കിയെ വാണിജ്യ വഴിയില്‍ വലിച്ചിഴക്കാതിരുന്ന റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് പ്രേക്ഷകന്റെ മനസ്സ് മോഷ്ടിച്ച യഥാര്‍ത്ഥ ‘കായംകുളം കൊച്ചുണ്ണി’.

 

മോഹന്‍ലാല്‍ ചെയ്ത ഇത്തിക്കരപക്കിയുടെ വേഷം സിനിമയുടെ ഗതി അടിമുടിമാറ്റുന്നുണ്ട്, പമ്മിയിരുന്നു പൈങ്കിളി മനസോടെ സിനിമ കണ്ട പ്രേക്ഷകര്‍ മൂര്‍ഖന്‍റെ തലയെടുപ്പോടെയാണ് ഇത്തിക്കരപക്കിയുടെ വരവിനു ശേഷം സിനിമ വീക്ഷിച്ചത്. ഇതിഹാസ നടന്മാര്‍ ഇരുപത് മിനിറ്റില്‍ സ്ക്രീനില്‍ നിറഞ്ഞാലും അതൊരു അരങ്ങാണ്, ഏറെ ജനപിന്തുണയും അഭിനയ ശേഷിയുമുള്ള ഒരു നടനെ ഏറ്റവും നന്നായി സിനിമയില്‍ പ്രയോജനപ്പെടുത്തുന്നത് എത്ര മനോഹരമാണ്. ഇത്തിരിയോളമുള്ള ഇത്തിക്കര ദേശത്തെ  വീരനായ പക്കി ഒത്തിരിയോളം പ്രേക്ഷകനെ പിന്തുടരുന്നു. മോഹന്‍ലാല്‍ വന്നു പോകുന്നത് വരെയുള്ള സീനുകള്‍ റോഷന്‍ ആന്‍ഡ്രൂസ് വളരെയധികം മിതത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

 

മോഷണത്തിനും മൂല്യമുണ്ടെന്നു കായംകുളം കൊച്ചുണ്ണിയെ പഠിപ്പിക്കുന്ന ഇത്തിക്കരപക്കി രണ്ടാം പകുതിയിലെ ആദ്യ നിമിഷങ്ങളില്‍ നിറഞ്ഞാടി. കേട്ടറിവുകളിലെ ഇത്തിക്കരപക്കിയുടെ രൂപത്തിലേക്ക് മോഹന്‍ലാലിലെ നടനെ അതിഗംഭീരമായി അവര്‍ കുടിയിരുത്തി. ‘വെളിപാടി’ലും,’ നീരാളി’യിലും പ്രേക്ഷകരുടെ നെറ്റി ചുളിപ്പിച്ച അതേ മോഹന്‍ലാല്‍ ചിരിയും, വീറും, വാക്കും, നോക്കും കൊണ്ട് പ്രേക്ഷകന്റെ ഉയിര്‍സ്വന്തമാക്കി!!. നല്ല നടനെ നന്നായി ഉപയോഗിക്കുമ്പോള്‍ മലയാള സിനിമയ്ക്ക്  ആനചന്തമുണ്ട്. ഇമാജിന്‍ ചെയ്തെടുത്ത ഇത്തിക്കരപക്കിയുടെ വേഷവിധാനം മോഹന്‍ലാല്‍ എന്ന നടന്റെ ശരീരഭാഷയ്ക്ക്ഗംഭീരമായി  ഇണങ്ങി . ‘കായംകുളം കൊച്ചുണ്ണി’യിലെ അഭിനയ പെരുമയില്‍  പെരുമാളായി മാറുന്നത്  അധികനേരം സിനിമയില്‍ ഇല്ലാത്ത മോഹന്‍ലാല്‍ തന്നെയാണ്. ഇത്തിക്കരപക്കിയെ ഇരുത്തം വന്ന അഭിനയനിലയിലേക്ക് മോഹന്‍ലാല്‍ അതിശയപൂര്‍വ്വം അവാഹിച്ചെടുക്കുന്നുണ്ട്. കൊച്ചുണ്ണിയിലെ കേമന്‍ ഇത്തിക്കരയില്‍ നിന്നെത്തിയ പക്കി തന്നെയെന്നു സിനിമ കണ്ടിറങ്ങുമ്പോള്‍ ആര്‍ക്കും ബോധ്യമാകും. നിവിന്‍പോളി വളരെ ആയസമെന്ന പോലെയാണ് കൊച്ചുണ്ണിയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇമോഷന്‍സും, നര്‍മവും, വീറും, പ്രണവും ഉള്‍പ്പടെ നിരവധി വികാര പ്രകടനങ്ങളോടെ നെടും തൂണായി മാറേണ്ട കൊച്ചുണ്ണി എന്ന കഥാപാത്രത്തെ നിവിന്‍ പോളി ചിലയിടത്ത് മോശമല്ലാത്ത നിലയില്‍ ബാലന്‍സ് ചെയ്തു നിര്‍ത്തുന്നെങ്കിലും ചിലയിടത്തൊക്കെ  അടപടലം പിഴച്ചു പോകുന്നു,

ബാബു ആന്റണി , മണികണ്ഠൻ ആചാരി, സണ്ണി വെയ്ന്‍, സുധീര്‍ കരമന, മുകുന്ദന്‍, ഇടവേള ബാബു, തസ്നി ഖാന്‍, സിദ്ധാര്‍ത്ഥ ശിവ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍, ഇതില്‍ ബാബു ആന്റണിയുടെയും, മണികണ്ഠന്‍റെയും കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധയില്‍ വരുന്നുണ്ട്, സണ്ണി വെയ്ന്‍ പ്രതിനായകന്റെ കുപ്പായത്തില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നുമു. പ്രിയാ ആനന്ദിന്റെ നായിക വേഷം അവര്‍ തരക്കേടില്ലാത്ത വിധം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

മാസും ക്ലാസും ചേര്‍ത്തുള്ള ഗോപി സുന്ദറിന്റെ മ്യൂസിക്കല്‍ വിഭാഗം സിനിമയ്ക്ക് വര്‍ണ്ണപകിട്ടായി,നടിയുടെ മേനി പ്രദര്‍ശനത്തോടെയുള്ള ചിത്രത്തിലെ ഗ്ലാമറസ് ഗാനവും അതിന്റെ ചിത്രീകരണവും അനാവശ്യമായി തോന്നി, ശ്രേയ ഘോഷാല്‍ ആലപിച്ച ചിത്രത്തിലെ  സോഫ്റ്റ്‌ മെലഡി അതിമനോഹരമായി കാതില്‍ നിറഞ്ഞു. ശ്രീകര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എഡിറ്റിംഗ് വിഭാഗം കുറേക്കൂടി ശ്രദ്ധകൈവരിക്കാമായിരുന്നു, പല സീനിന്റെയും ഫിനിഷിംഗില്‍ എന്തോ ഒരു അപാകത ഫീല്‍ ചെയ്തു. സിനിമയുടെ മര്‍മ്മമറിഞ്ഞു ക്യാമറ കൈകാര്യം ചെയ്ത പ്രശസ്ത ക്യാമറമാന്‍ ബിനു പ്രധാനും കൂട്ടരും ഒരായിരം കയ്യടി അര്‍ഹിക്കുന്നുണ്ട്. ധന്യ ബാലകൃഷ്ണന്‍റെ വസ്ത്രലാങ്കരവും മികച്ചു നിന്നു. ഓരോ ഫ്രെയിമിലെയും ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗം അതിമനോഹരമായ അനുഭവമായി…

അവസാന വാചകം

ഇഴഞ്ഞു നീങ്ങുന്ന ആവര്‍ത്തന ചരിത്ര സിനിമകളുടെ ഇടയില്‍ നിന്ന് ബഹുദൂരം മാറിക്കൊണ്ടാണ് ‘കൊച്ചുണ്ണി’യുടെ തിയേറ്റര്‍ തരംഗം. ‘കായംകുളം കൊച്ചുണ്ണി’ കടമായി ഇടേണ്ട സിനിമയല്ല, നല്ല സിനിമാശാലയില്‍ നിന്ന് ഇന്ന് തന്നെ കാണേണ്ട സിനിമയാണ്, സിനിമ കണ്ടു ഇറങ്ങും വഴി പലരും ചോദിച്ചത് കൊണ്ട് ഒരറിയിപ്പ് കൂടി, ആസ്വദനത്തിന് ദയവു ചെയ്തു മാര്‍ക്കിട്ട് ശീലിക്കരുത്.

നിരൂപണം ; പ്രവീണ്‍.പി നായര്‍

Tags

Post Your Comments


Back to top button
Close
Close