GeneralLatest NewsMollywood

400 ദിവസം ഒപ്പം നിന്ന എന്നെ പുറത്താക്കി; ദിലീപ് ചിത്രം വീണ്ടും വിവാദത്തില്‍

നടന്‍ ദിലീപ് വ്യത്യസ്ത വേഷ പകര്‍ച്ച നടത്തിയ ചിത്രമാണ് കമ്മാര സംഭവം. ചിത്രത്തിന് മികച്ച കലാസംവിധാനത്തിനുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുകയുംചെയ്തു. എന്നാല്‍ ‘കമ്മാരസംഭവ’ത്തിലെ കലാസംവിധായകന്റെ കര്‍തൃത്വത്തെച്ചൊല്ലി തര്‍ക്കം. വിനേഷ് ബംഗ്ലാനാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. എന്നാല്‍ ചിത്രത്തിന്റെ 40 ശതമാനത്തോളം താനാണ് വര്‍ക്ക് ചെയ്തതെന്നും എന്നാല്‍ ടൈറ്റിലില്‍ താങ്ക്‌സ് കാര്‍ഡിലേക്ക് തന്റെ പേര് ഒതുക്കുകയായിരുന്നുവെന്നുമുള്ള ആരോപണവുമായി കലാസംവിധായകന്‍ മനു ജഗത്ത് രംഗത്ത്. 2008ല്‍ ബ്ലസ്സി ഒരുക്കിയ ‘കല്‍ക്കട്ട ന്യൂസി’ലൂടെ മികച്ച കലാസംവിധായകനുള്ള പുരസ്‌കാരം നേടിയ ആളാണ് മനു ജഗത്ത്. 400 ദിവസത്തോളം കമ്മാരസംഭവത്തിനുവേണ്ടി താന്‍ വര്‍ക്ക് ചെയ്‌തെന്നും പിന്നീട് പുറത്താക്കപ്പെടുകയായിരുന്നുവെന്നും മനു ജഗത്ത് ഒരു മാധ്യമത്തോടെ പറഞ്ഞു.

കരാര്‍ അനുസരിച്ച് 90 ദിവസമായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നതെങ്കിലും 400 ദിവസത്തോളം താന്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചുവെന്നും മനു ജഗത്ത് പറയുന്നു. ‘പല കാരണങ്ങള്‍ കൊണ്ട് ഷൂട്ടിംഗ് നീണ്ടുപോയ ചിത്രമായിരുന്നു കമ്മാരസംഭവം. കലാസംവിധായകന്‍ എന്ന നിലയില്‍ എന്റെ 90 ദിവസങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. പക്ഷേ 365 ദിവസങ്ങള്‍ക്ക് ശേഷവും ഞാന്‍ കമ്മാരസംഭവത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇക്കാലമത്രയും ഞാന്‍ മറ്റൊരു സിനിമയും കമ്മിറ്റ് ചെയ്യാതെയാണ് നിന്നത്. ജയരാജ് സാറിന്റെ ‘വീര’മടക്കം ആ സമയത്ത് വന്ന മൂന്നോളം സിനിമകള്‍ ഒഴിവാക്കി. അങ്ങനെ ഒപ്പം നിന്ന ഒരു സിനിമയില്‍ നിന്നാണ് ഞാന്‍ പോലുമറിയാതെ എന്നെ പുറത്താക്കിയത്.’ പ്രൊഡക്ഷന്‍ കണ്‍ട്രോളറോ സംവിധായകനോ അല്ല പുറത്താക്കിയ കാര്യം അറിയിച്ചതെന്നും മറിച്ച് ഫെഫ്ക ആര്‍ട് ഡയറക്ടേഴ്‌സ് യൂണിയന്‍ സെക്രട്ടറി സന്തോഷ് രാമനാണ് ഇക്കാര്യം വിളിച്ച് അറിയിച്ചതെന്നും മനു ജഗത്ത് വെളിപ്പെടുത്തി.

kammara-anantha

പുറത്താക്കപ്പെട്ടപ്പോള്‍ ഫെഫ്ക ആര്‍ട് ഡയറക്ടേഴ്‌സ് യൂണിയന് കത്തെഴുതി. തന്റെ സ്‌കെച്ചുകള്‍ മുന്നോട്ടുള്ള ചിത്രീകരണത്തില്‍ ഉപയോഗിക്കരുതെന്നും പുറത്താക്കിയതിന്റെ കാരണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നേരിട്ട് അറിയിക്കണമെന്നും ആവശ്യപ്പെട്ടു. സിബി മലയില്‍ സാറും സംവിധായകന്‍ രതീഷ് അമ്പാട്ടും ഉള്‍പ്പെടെയുള്ള പാനലിന് മുമ്പാകെ ഒരു മീറ്റിംഗ് വച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസും യൂണിയന്‍ സെക്രട്ടറി സന്തോഷ് രാമനും അന്ന് ഹാജരായില്ല. ടൈറ്റിലില്‍ കലാസംവിധാനത്തിന് എനിക്കും ക്രെഡിറ്റ് കൊടുക്കണമെന്ന് സിബി സാര്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. പക്ഷേ ഇതേ രതീഷ് അമ്പാട്ട് ആ മീറ്റിംഗിന് ശേഷം എന്നോട് മാത്രമായി പറഞ്ഞത് ഇതുവരെ ചെയ്ത വര്‍ക്കൊക്കെ ഗംഭീരമാണെന്നാണ്. നിന്റെ വര്‍ക്കിലൊന്നും എനിക്ക് ഒരു കുഴപ്പവുമില്ലെന്നും. ഇതില്‍ നിന്നൊക്കെ ഞാന്‍ മനസിലാക്കുന്നത് പുറത്താക്കിയതിന് പിന്നില്‍ സംവിധായകന്റെ താല്‍പര്യമല്ല എന്നാണ്’, മറിച്ച് കമ്മാരസംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ഡിസ്‌കണ്‍ പൊഡുത്താസ് ആണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സംശയിക്കുന്നതായും മനു ജഗത്ത് ആരോപിക്കുന്നു.

കടപ്പാട്: ഏഷ്യാനെറ്റ്‌

shortlink

Related Articles

Post Your Comments


Back to top button