Latest NewsMollywoodNostalgia

എട്ടു മാസത്തോളം മോനെ കാണാൻ പോലും അവര്‍ സമ്മതിച്ചില്ല; തിരിച്ചുവരവിലും പ്രശ്നങ്ങൾ അവസാനിച്ചില്ല; നടി ചാര്‍മിള വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാളികളുടെ ഇഷ്ടനായികയായി തിളങ്ങിയ താരമാണ് ചാര്‍മിള. തെന്നിന്ത്യന്‍ താര സുന്ദരിയായി വിലസിയ ചാര്‍മിളയുടെ ജീവിതം ദുരിതകയത്തിലാണ്. അതിനെല്ലാം പിന്നില്‍ തന്റെ പ്രണയമാണെന്ന് താരം പറയുന്നു. ആദ്യ പ്രണയം പരാജയമായതോടെ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തി. ആ സമയത്ത് ഡിപ്രഷനില്‍ ആയിരുന്ന തനിക്ക് സ്നേഹസംരക്ഷണം നല്‍കിയത് നടനും അസിസ്റ്റന്റ് ഡയറക്ടറുമായ കിഷോര്‍ സത്യയാണ്.

”തിരിച്ചു വരവില്‍ അഭിനയിച്ച ‘അടിവാര’ത്തിന്റെ സെറ്റിൽ വച്ചാണ് അസിസ്റ്റന്റ് ഡയറക്ടർ കിഷോർ സത്യയെ പരിചയപ്പെടുന്നത്. ഡിപ്രഷനില്‍ കഴിയുന്ന എന്നോട് സ്നേഹത്തോടെ സംസാരിച്ചു, അടുപ്പത്തിലായി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കെ തന്നെ ഞങ്ങൾ വിവാഹിതരായി. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കണമെന്ന് കിഷോർ ആവശ്യപ്പെട്ടു. ഇതിനിടെ കിഷോർ ഷാർജയിലേക്കു പോയി. വിക്രം നായകനായ ‘സേതു’വിൽ നായികയായി വിളിച്ചപ്പോൾ കിഷോറിന് ഇഷ്ടമാകില്ലെന്നു കരുതി ഞാൻ വേണ്ടെന്നുവച്ചു. നാലുവർഷം അയാൾ അവിടെയും ഞാൻ ഇവിടെയുമായി കഴിഞ്ഞു. പിന്നീട് ഒരു ഷോയുടെ ഭാഗമായി ഞാൻ ദുബായിലെത്തി കിഷോറിനെ കണ്ടപ്പോഴാണ് ബന്ധം തുടരാൻ താൽപര്യമില്ലെന്നു അദ്ദേഹം പറഞ്ഞത്. ”

അങ്ങനെ ആ ബന്ധം പിരിഞ്ഞ ശേഷം സഹോദരിയുടെ സുഹൃത്തായ രാജേഷുമായി അടുപ്പത്തിലായി. എന്നാല്‍ രണ്ടു മതത്തിൽ പെട്ടവരായതിനാൽ രാജേഷിന്റെ വീട്ടുകാർക്ക് ഈ ബന്ധത്തില്‍ താൽപര്യം ഇല്ലായിരുന്നു. ആദ്യമൊക്കെ ഞങ്ങള്‍ എന്റെ ഫ്ലാറ്റിലായിരുന്നു താമസം. പിന്നീട് മോൻ ജനിച്ചതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഞങ്ങളോടൊപ്പം വന്നു. അങ്ങനെ എന്റെ പേരിലുണ്ടായിരുന്ന സിംഗിൾ ബെഡ്റൂം ഫ്ലാറ്റ് വിട്ടു ഞങ്ങളെല്ലാം കൂടി വാടകയ്ക്ക് മറ്റൊരു ഫ്ലാറ്റിലേക്ക് മാറി. പക്ഷേ, ഞാനൊരു സിനിമാ നടിയാണെന്നത് ഇഷ്ടമില്ലാതിരുന്ന മാതാപിതാക്കൾ രാജേഷിനെ തന്നില്‍ നിന്നകറ്റുകയും കുഞ്ഞിനെയും കൊണ്ട് താമസം മാറുകയും ചെയ്തുവെന്നും താരം പറയുന്നു.

”എട്ടു മാസത്തോളം എനിക്ക് മോനെ കാണാൻ പോലും കഴിഞ്ഞില്ല. കേസ് നടത്തിയാണ് കുഞ്ഞിന്റെ അവകാശം നേടിയെടുത്തത്. മോനുണ്ടായിക്കഴിഞ്ഞ് ബ്രേക്ക് എടുത്തിരുന്നതിനാൽ എനിക്ക് കുഞ്ഞിനെ വളർത്താനുള്ള വരുമാനമില്ല എന്നവർ കോടതിയിൽ വാദിച്ചു. അതു തെറ്റാണെന്നു തെളിയിക്കാൻ ചെലവ് പോലും ആവശ്യപ്പെടാതെ ഞാൻ ഡിവോഴ്സിന് സമ്മതിച്ചു. ഇപ്പോഴും രാജേഷ് എന്റെ നല്ല സുഹൃത്താണ്. രാജേഷ് ഇപ്പോൾ ജോലിയൊക്കെ കളഞ്ഞ് വീട്ടിൽ ത ന്നെയാണ്. അതുകൊണ്ട് സാമ്പത്തികമായി സഹായിക്കില്ല.” ചാര്‍മിള പങ്കുവച്ചു

ഇപ്പോള്‍ അമ്മയ്ക്കും മകനുമൊപ്പം ഒരു വാടകവീട്ടില്‍ കഴിയുകയാണ് ചാര്‍മിള. സ്റ്റോർ റൂം പോലുള്ള ചെറിയ വീട്ടില്‍ ദുരിതത്തില്‍ കഴിയുന്ന ചാര്‍മിള മകന്റെയും അമ്മയുടെയും കാര്യങ്ങള്‍ നോക്കാന്‍ വീണ്ടും അവസരങ്ങള്‍ തേടി ഇറങ്ങുകയാണ്.

കടപ്പാട്: വനിത

Tags

Post Your Comments


Back to top button
Close
Close