Latest NewsMollywoodNostalgia

ഇനിയും ഇങ്ങനെ നടന്നാല്‍ ഇറങ്ങിപ്പോകുമെന്ന് മുരളി; മമ്മൂട്ടി ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ വഷളായത്

മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയായിരുന്നു ആദ്യമായി ഫോണുമായി സെറ്റില്‍ എത്തിയത്.

കൊച്ചു കുട്ടികള്‍ പോലും മൊബൈല്‍ ഉപയോഗിക്കുന്ന കാലമാണിത്. എന്നാല്‍ 25 വര്‍ഷം മുന്‍പ് മൊബൈല്‍ ഫോണുകള്‍ ഒരു ആഡംബര വസ്തു ആയിട്ടാണ് എല്ലാരും കണ്ടിരുന്നത്. ആ കാലത്ത് സംവിധായകന്‍ തുളസിദാസിന്റെ ഷൂട്ടിങ് സെറ്റില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറയുന്നു. അധികം ആരും ഉപയോഗിക്കാതിരുന്ന മൊബൈല്‍ ഫോണ്‍ തന്റെ സിനിമയില്‍ അഭിനയിച്ചിരുന്ന താരങ്ങള്‍ സ്വന്തമാക്കുകയും അതുമൂലം ഉണ്ടായ പ്രശ്നങ്ങളുമാണ് സംവിധായകന്‍ പങ്കുവയ്ക്കുന്നത്.

മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടിയായിരുന്നു ആദ്യമായി ഫോണുമായി സെറ്റില്‍ എത്തിയത്. ആതോടെയാണ് സംഭവം വഷളായതെന്നു സംവിധായകന്‍ പറയുന്നു. തുളസിദാസിന്റെ വാക്കുകള്‍ ഇങ്ങനെ.. ”ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവന്‍ അങ്ങനെ ശക്തമായ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. മമ്മൂട്ടി വലിയ ഒരു മൊബൈല്‍ ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ മോട്ടറോളയുടെ സെറ്റായിരുന്നു അത്. ആ സമയത്ത് ഫോണ്‍ വളരെ അപൂര്‍വമായിരുന്നു. സംസ്ഥാനത്ത് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് സെറ്റിലെ പ്രധാന ചര്‍ച്ചാ വിഷയമായി മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ മാറി.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം ഗൗതമി ഒരു മൊബൈലുമായി സെറ്റില്‍ എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈല്‍ കണ്ടു. ദേവനും പുതിയ ഫോണ്‍ വാങ്ങി. എന്നാല്‍ മുരളി മാത്രം ഫോണ്‍ വാങ്ങിയില്ല. ചില സമയങ്ങളില്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ ഷൂട്ട് നിര്‍ത്തിവെച്ച്‌ അഭിനേതാക്കള്‍ ഫോണ്‍ വിളിക്കാന്‍ പോകും. ഇത് മുരളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറച്ചു കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച്‌ ഇനിയും ഇങ്ങനെ നടന്നാല്‍ താന്‍ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞു. ഞാന്‍ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയത്. പക്ഷേ പ്രശ്‌നങ്ങള്‍ വളരെ വേഗം പരിഹരിക്കുകയും ഷൂട്ട് പുനരാരംഭിക്കുകും ചെയ്തും” തുളസിദാസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button