CinemaGeneralMollywoodNEWS

പോളിടെക്നിക്കില്‍ പഠിക്കാത്തതിനാല്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം വശമില്ല; ശ്രീനിവാസന്‍ മലയാള സിനിമയിലെ നമ്പര്‍വണ്‍ എഴുത്തുകാരനെന്നു ആനന്ദ് നീലകണ്ഠന്‍

ശ്രീനിവാസൻ, താങ്കളുടെ രചനകളാണ്‌ എന്നെ എഴുതാൻ പഠിപ്പിച്ചത്‌

ഞാന്‍ പ്രകാശന്‍ എന്ന ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ചിത്രം നൂറു ദിനങ്ങള്‍ വിജയകരമായി പിന്നിട്ട വേളയില്‍ വ്യത്യസ്തമായ ഒരു അനുഭവം പങ്കിടുകയാണ് മലയാളത്തിന്റെ കുടുംബ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരില്‍ ഒരാളായ ആനന്ദ് നീലകണ്ഠന്‍ ശ്രീനിവാസനിലെ തിരക്കഥാകൃത്തിനെ ആഴത്തില്‍ തിരിച്ചറിയുന്ന നീണ്ട വിവരണമാണ് സത്യന്‍ അന്തിക്കാട് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്കായി തുറന്നു കാട്ടിയത്.

അങ്ങനെ പ്രകാശൻ വിജയകരമായി നൂറു ദിവസം പിന്നിട്ടു. അതിൻ്റെ ലളിതമായ ആഘോഷച്ചടങ്ങുകൾ കഴിഞ്ഞു. തിരക്കഥ പുസ്തകരൂപത്തിലും പുറത്തിറങ്ങി. ഇനി പ്രകാശനായി പ്രകാശൻ്റെ പാടായി.

പ്രകൃതിയുടെയും തെരഞ്ഞെടുപ്പിൻ്റെയും കഠിനമായ ചൂടിനിടയിലും പതിവുതെറ്റാതെ വിഷുവും വന്നു. കൊന്നകൾ ഇത്തവണ നേരത്തെ പൂത്തു. മാമ്പൂ വിരിഞ്ഞു.

അതിനേക്കാളേറെ എന്നെ സന്തോഷിപ്പിച്ച മറ്റൊരു കാര്യത്തെപ്പറ്റി സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

ഇന്നത്തെ (ഏപ്രിൽ 14) മാതൃഭൂമി പത്രത്തിൻ്റെ വരാന്തപ്പതിപ്പിൽ ഇന്ത്യ മുഴുവൻ ആദരിക്കുന്ന എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ നമ്മുടെ ശ്രീനിവാസനെക്കുറിച്ചെഴുതിയ ഒരു ലേഖനമുണ്ട്. മാതൃഭൂമി കണ്ടിട്ടില്ലാത്തവർക്കു വേണ്ടി ആ ലേഖനം ഇതോടൊപ്പം ചേർക്കുന്നു.

എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

——————————————-

ഇന്ത്യയിലെ ജനപ്രിയ എഴുത്തുകാരിലെ താരങ്ങളിലൊരാളാണ്‌ മലയാളിയായ
ആനന്ദ്‌ നീലകണ്ഠൻ. ‘അസുര’യും ‘ബാഹുബലി’യും ‘വാനര’യുമെല്ലാം എഴുതപ്പെട്ടതുമുതൽ ബെസ്റ്റ്‌ സെല്ലറുകളാണ്‌. തന്നെ രചനയുടെ രസതന്ത്രവും സാങ്കേതികതയും പഠിപ്പിച്ചത്‌
ശ്രീനിവാസന്റെ തിരക്കഥകളാണ്‌ എന്ന്‌ ആദ്യമായി തുറന്നുപറയുന്നു, ആനന്ദ്‌ നീലകണ്ഠൻ:

‘‘ശ്രീനിവാസൻ, താങ്കളുടെ രചനകളാണ്‌
എന്നെ എഴുതാൻ പഠിപ്പിച്ചത്‌ ’’

ആനന്ദ്‌ നീലകണ്ഠൻ

പോളണ്ടിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടിപ്പോവരുത്‌…, താത്ത്വികമായ ഒരവലോകനമാണ്‌ ഞാനുദ്ദേശിക്കുന്നത്‌…, എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്‌…, ഓരോന്നിനും അതിന്റേതായ സമയമുണ്ട്‌ ദാസാ…, അങ്ങനെ പവനായി ശവമായി…

ഒരു ശരാശരി മലയാളി ലോകത്തിന്റെ ഏതുഭാഗത്തു ജീവിക്കുന്നവനായാലും ഏത്‌ പ്രായത്തിലുള്ളവനായാലും ശ്രീനിവാസൻ എഴുതിയ ഇത്തരത്തിലുള്ള ഒരു ഡയലോഗ്‌ പറയാതെയോ കേൾക്കാതെയോ ഒരു ദിവസം ജീവിക്കുന്നില്ല എന്ന്‌ ധൈര്യമായി പറയാം. ഒരു കഥാകാരന്‌ ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. കുറച്ചുനാളുകൾക്കുമുൻപ്‌ ഒരു പത്രപ്രവർത്തകൻ എനിക്കേറ്റവും ഇഷ്ടമുള്ള എഴുത്തുകാരൻ ആരാണെന്ന്‌ ചോദിക്കുകയുണ്ടായി. ഞാനൊരു മറുചോദ്യമാണ്‌ അയാളോട്‌ ചോദിച്ചത്‌. ഒരു കഥ മികച്ചതാണെന്നെങ്ങനെ പറയും? എന്റെ അഭിപ്രായത്തിൽ ഒരു മികച്ച കഥയ്ക്ക്‌ രണ്ടു ലക്ഷണങ്ങളാണുള്ളത്‌; രണ്ടേയുള്ളൂ: ഒന്ന്‌, അത്‌ പറയുന്ന സമയത്ത്‌ ആളുകളെ രസിപ്പിക്കണം. രസം എന്നതിന്‌ വിനോദം എന്നുമാത്രമുള്ള ചുരുങ്ങിയ വ്യാഖ്യാനം വേണ്ട. അത്‌ കേൾക്കുന്നവനെ അല്ലെങ്കിൽ, കാണുന്നവനെ, അത്‌ വായിക്കുന്നവനെ ചിരിപ്പിക്കണം, കരയിക്കണം, ചിന്തിപ്പിക്കണം, അദ്‌ഭുതപ്പെടുത്തണം. അതയാൾക്ക്‌ നവരസങ്ങളും പകർന്നുനൽകണം.

രണ്ടാമത്തെ ലക്ഷണം കഥകൾ കാലാതീതമാവണം. കഥ പറയാൻ പല രീതികളുണ്ട്‌. അത്‌ ചെറുകഥകളായി ആവാം; നാടകങ്ങളായി ആവാം; സിനിമയായി ആവാം; കഥകളിപോലെ ആവാം; ടെലിവിഷനിലൂടെ ആവാം. പക്ഷേ, മുഖ്യമായിട്ടുള്ളത്‌ കഥയാണ്‌, കഥയുണ്ടാവണം. അങ്ങനെനോക്കുമ്പോൾ മലയാളത്തിൽ ലക്ഷണമൊത്ത കഥകൾ എഴുതിയ എഴുത്തുകാരുടെ മുൻപന്തിയിൽവരും ശ്രീനിവാസൻ. എനിക്കേറ്റവും ഇഷ്ടമുള്ളതും ശ്രീനിവാസനെയാണ്‌.
എനിക്ക്‌ സാഹിത്യത്തെക്കുറിച്ചോ അതിന്റെ അവലോകനത്തെക്കുറിച്ചോ ഒന്നും കാര്യമായി അറിയില്ല. ശ്രീനിവാസൻ എഴുതിയ ഡയലോഗുപോലെ, ഞാനീ പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തതുകൊണ്ട്‌ യന്ത്രങ്ങളുടെ പ്രവർത്തനമൊന്നും അറിയില്ല. സാഹിത്യത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഒന്നും എടുക്കാത്തതുകൊണ്ട്‌ കഥകളുടെ ടെക്‌നിക്കും അറിയില്ല. പഠിച്ചത്‌ എൻജിനീയറിങ്‌ ആണ്‌. അത്‌ തോറ്റ്‌പഠിച്ച്‌ എങ്ങനെയൊക്കെയോ ജയിച്ചതാണ്‌. അതുകൊണ്ടുതന്നെ ഞാൻ പറയുന്ന അഭിപ്രായം ഒരു ശരാശരി മലയാളിയുടെ അഭിപ്രായമാണ്‌.

വലിയ പേരും പെരുമയും അവാർഡുകളും വാരിക്കൂട്ടിയ പല സാഹിത്യകൃതികളെയുംകുറിച്ച്‌ പറയാൻ ഞാൻ ആളല്ല. പക്ഷേ, എനിക്കിഷ്ടപ്പെട്ട, മലയാളംകണ്ട ഏറ്റവും വലിയ കഥപറച്ചിലുകാരൻ, മലയാളികൾ കഴിഞ്ഞ രണ്ടു തലമുറകളായി ഉൾക്കൊണ്ടുനടക്കുന്ന ശ്രീനിവാസൻ തന്നെയാണ്‌ എന്നാണ്‌ എന്റെ അനുഭവം. ശ്രീനിവാസൻ ചിരിപ്പിച്ചപോലെ, കരയിപ്പിച്ചപോലെ, ചിന്തിപ്പിച്ചപോലെ കുഞ്ചൻ നമ്പ്യാരല്ലാതെ മറ്റൊരാളും എന്നെ സ്വാധീനിച്ചിട്ടില്ല.

അതത്‌ കാലഘട്ടത്തിലെ മലയാളികളുടെ തോന്നിവാസത്തിന്റെയും അഹങ്കാരത്തിന്റെയും കുമിള ഹാസ്യത്തിന്റെ എഴുത്താണിവെച്ച്‌ പൊട്ടിച്ചുകളഞ്ഞതുകൊണ്ടാവാം എനിക്ക്‌ ഇവർ രണ്ടുപേരോടും ഇത്രയും ഇഷ്ടം. രണ്ടുപേരും റിബലുകളാണ്‌. രണ്ടുപേരും അവർ ജീവിച്ച സമൂഹത്തെ പരിഹാസരൂപേണ, വിമർശനരൂപേണ നോക്കിക്കണ്ടവരുമാണ്‌. നമുക്കുനേരെ പിടിച്ച കണ്ണാടിയാണ്‌ ഇവരുടെ രണ്ടുപേരുടെയും കൃതികൾ. നമ്മുടെ മുഖം അതിലൊരുപക്ഷേ, വക്രിച്ചും കോണിച്ചും പാണ്ടിവണ്ടികയറിയ തവളയെപ്പോലെയുമൊക്കെയിരുന്നാൽ അതിനുത്തരവാദി ശ്രീനിവാസന്റെതന്നെ ശൈലിയിൽ പറഞ്ഞാൽ നമ്മുടെയൊക്കെ കൈയിലിരിപ്പാണ്‌.

ഇത്രയും സ്വാധീനം മലയാളികളുടെ ജീവിതത്തിൽച്ചെലുത്തിയ ശ്രീനിവാസൻ എന്ന എഴുത്തുകാരന്‌ (നടനല്ല), നമ്മൾ ആവശ്യത്തിന്‌ അംഗീകാരം കൊടുത്തിട്ടുണ്ടോ? നമ്മളെല്ലാം ഇദ്ദേഹത്തിന്റെ കഥകൾ രസിച്ചിട്ടുണ്ടെങ്കിൽക്കൂടി. മനസ്സിലാവാത്ത കഥകൾ എഴുതിയ പല കഥാകൃത്തുക്കളെയും ശ്രീനിവാസന്റെ രചനാശേഷിക്കുമുകളിൽ സാംസ്കാരികകേരളം പ്രതിഷ്ഠിച്ചിട്ടുണ്ട്‌. വലിയ അവാർഡുകളും മറ്റും നേടിയ കഥാകൃത്തുകളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ അവാർഡുകളിൽ വലിയ കാര്യമൊന്നുമില്ല എന്നാണ്‌ എന്റെ അഭിപ്രായം.
അത്‌ ഒരുസംഘം ആളുകളുടെ അഭിപ്രായമാണ്‌. അതത്‌ കാലത്ത്‌ ഭരിക്കുന്നവർ തിരഞ്ഞെടുത്ത കുറച്ചുപേർ പറയുന്ന അഭിപ്രായം മാത്രം. അവാർഡുകമ്മിറ്റികൾ ഈകഥ അല്ലെങ്കിൽ ഈ കഥാകരൻ മികച്ചയാൾ എന്നൊരു അഭിപ്രായം പറയുന്നു. അത്‌ ശരിയാവാം തെറ്റുമാവാം. ആയിരത്തിത്തൊള്ളായിരത്തിയൊന്നിൽ സാഹിത്യത്തിൽ നൊബേൽ പ്രൈസ്‌ കൊടുക്കാൻ തുടങ്ങി. ഏകദേശം നൂറ്റിപ്പതിനഞ്ചോളം സാഹിത്യകാരന്മാർക്ക്‌ ഇക്കാലംവരെ നൊബേൽ പ്രൈസ്‌ കിട്ടിയിട്ടുണ്ട്‌. ഇതിലെത്ര കൃതികൾ നമ്മൾ ഓർത്തിരിക്കുന്നു? നൊബേൽ പ്രൈസ്‌ കിട്ടിയ എത്ര സാഹിത്യകാരൻമാരുടെ പേര്‌ നമുക്കറിയാം? ടോൾസ്റ്റോയിക്ക്‌ കിട്ടാത്ത സമ്മാനമാണ്‌ നൊബേൽ പ്രൈസ്‌ എന്നോർക്കുക. പറഞ്ഞുവന്നത്‌, അവാർഡുകളുടെ പെരുമകണ്ടോ ഏതാനും ബുദ്ധിജീവികളുടെ സവിശേഷഭാഷയിലുള്ള അഭിപ്രായങ്ങൾകൊണ്ടോ ഒരു കൃതിയും മികച്ചതാവുന്നില്ല. അവാർഡ്‌ കിട്ടിയതുകൊണ്ട്‌ ഒരു കൃതിയും മോശവും ആവുന്നില്ല.

ഒരു സാഹിത്യകൃതി വളരേണ്ടതും പെരുകേണ്ടതും വായനക്കരുടെ മനസ്സിലാണ്‌. വായനക്കാർ എന്ന്‌ ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്‌ ആസ്വാദകരെയാണ്‌. സിനിമയിൽ സാഹിത്യമോ എന്ന്‌ പരിഹാസത്തോടെ ചോദിക്കുന്ന ചില ബുദ്ധിജീവി സുഹൃത്തുക്കൾ എനിക്കുണ്ട്‌. ചിലപ്പോൾ നിങ്ങൾക്കും കാണും. കഥ മനുഷ്യന്‌ മനസ്സിലായാൽ എന്തോ കുറച്ചിൽപോലെ കരുതുന്നവരാണ്‌ ഇതിൽ ഭൂരിഭാഗവും. എന്നെയും നിങ്ങളെയും നമ്മൾ ജീവിക്കുന്ന ചുറ്റുപാടിലുള്ള മനുഷ്യരെയും പച്ചയ്ക്ക്‌ വരച്ചുകാട്ടുന്ന, സമൂഹത്തിനുവേണ്ട കഥകൾ പറയുന്ന ശ്രീനിവാസന്റെ രചനയിൽ എന്ത്‌ സന്ദേശം എന്ന്‌ ചോദിക്കുന്ന ‘ഭയങ്കര ബുദ്ധിശാലി’കളെയും കാണാം. കഥ എഴുതാൻ വേണ്ടത്‌ ഒരു മനസ്സാണ്‌. അല്ലാതെ അടിച്ചുകയറ്റിയ ബ്രില്ല്യൻസോ ഊതിവീർപ്പിച്ച തത്ത്വചിന്തയോ അല്ല. പക്ഷേ, നമ്മളിതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല. അല്ല… നമ്മളിതൊന്നും പറയേണ്ട കാര്യവുമില്ല. എല്ലാതരം ആളുകൾക്കും ഉള്ളതല്ലേ ഈ ലോകം. ഇനിയും ധാരാളംപേർ കഥകൾ എഴുതും. ചിലപ്പോൾ ചെറുകഥകളായി, നോവലുകളായി, തിരക്കഥകളായി. ഏതാണ്‌ മികച്ചതെന്ന്‌ ആര്‌ വിധിയെഴുതും? എത്ര അവാർഡുകമ്മിറ്റികൾ എന്തൊക്കെ പറഞ്ഞാലും ബുദ്ധിജീവിയെന്ന്‌ സ്വയം ധരിക്കുന്നവർ എത്ര കുറച്ചുകണ്ടാലും അഥവാ പുകഴ്ത്തിപ്പറഞ്ഞാലും ഇതെല്ലാം വെറുതേ എന്ന്‌ പറഞ്ഞ്‌ ഊറിച്ചിരിക്കുന്ന ഒരു വിധാതാവുണ്ട്‌. അതാണ്‌ കാലം. കാലം തീരുമാനിക്കും ഏതാണ്‌ മികച്ചതെന്ന്‌. കാലത്തിന്‌ എല്ലാ ജനറേഷനും അതത്‌ കാലത്തെ ന്യൂജെനറേഷനാണ്‌.
കാലതീതമായതെന്തോ അതാണ്‌ കല.

എത്രയായിരം വർഷങ്ങൾ കഴിഞ്ഞാലും ഏത്‌ ന്യൂ ജെനറേഷനോടും നല്ല കഥകൾ സംവേദിക്കും. നാടോടിക്കാറ്റ്‌ എന്ന സിനിമ മലയാളികളെ ചിരിപ്പിച്ചിട്ട്‌, ചിന്തിപ്പിച്ചിട്ട്‌, കരയിപ്പിച്ചിട്ട്‌ മുപ്പത്തിരണ്ട്‌ വർഷത്തോളമാവുന്നു. അന്താരാഷ്ട്ര-ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ പല കൃതികളും അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അധിനിവേശംതന്നെ നടത്തി ബ്രില്ല്യൻസ്‌ എന്ന പട്ടം സ്വയം തലയിൽ വാരിച്ചുറ്റിയ ചില സൃഷ്ടികളും നമ്മൾ കണ്ടിട്ടുണ്ട്‌. ഇവയിൽ എത്രയെണ്ണം മുപ്പത്‌ കൊല്ലങ്ങൾക്കപ്പുറം ആളുകൾ ഓർത്തിരിക്കും? ഇന്ന്‌ ദാസന്റെയും വിജയന്റെയും ഡയലോഗുകൾ ട്രോൾ ആയി ഇറക്കുന്ന മിക്ക ന്യൂജെനറേഷൻ പിള്ളേരും ശ്രീനിവാസൻ ഇവ എഴുതുന്ന കാലത്ത്‌ ജനിച്ചിട്ടുപോലുമുണ്ടായിട്ടില്ല. ശ്രീനിവാസന്റെ പടങ്ങൾ കണ്ട്‌ ജീവിതം പഠിച്ച ഒരു സാധാരണക്കാരൻ എന്നനിലയിൽ പറയട്ടെ, ‘ബാഹുബലി’യും ‘അസുര’യുമടക്കം അഞ്ച്‌ ബെസ്റ്റ്‌ സെല്ലറുകൾ എഴുതിയിട്ടും ശ്രീനിവാസൻ രചിച്ച (എല്ലാം മികച്ചതെന്ന്‌ അഭിപ്രായമില്ല കേട്ടോ) സിനിമകൾ കണ്ടിട്ട്‌, ഓരോ തവണയും എഴുത്തുമേശയിൽ ഇരിക്കുമ്പോൾ ഇന്നുമെന്റെ കൈവിറയ്ക്കും. എഴുത്തിൽ വേണ്ടത്‌ ലാളിത്യമാണ്‌ എന്ന തത്ത്വം എന്നെ പഠിപ്പിച്ചത്‌ ശ്രീനിവാസനാണ്‌. സംസാരിക്കുമ്പോൾ ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കും എന്റെ കഥകളിൽ വരരുത്‌. എന്റെ കഥാപാത്രങ്ങൾ സാധാരണക്കാരാണ്‌. അത്‌ രാവണനാവട്ടെ, രാമനാകട്ടെ, അവർ ഒരു സാധാരണക്കാരൻ സംസാരിക്കുന്നതുപോലെയല്ലാതെ സംസാരിക്കരുത്‌ എന്ന വലിയ തത്ത്വം എന്നെ പഠിപ്പിച്ചതും ശ്രീനിവാസന്റെ എഴുത്താണ്‌. എഴുത്ത്‌ പഠിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ ഒരു പ്രചോദനമാണ്‌ ഇപ്പോൾ ശ്രീനിവാസന്റെ ഒരോ സിനിമാരചനകളും. തിരക്കഥ സാഹിത്യമോ എന്ന്‌ ചോദിക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എനിക്കിത്രയേ അവരോട്‌ പറയാനുള്ളൂ. ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചപ്പോൾ ആ തലമുറ അതിനെ സാഹിത്യമായോ കഥയായോ കരുതിയില്ല എന്നോർക്കുക.

സിനിമകണ്ട്‌ രസിക്കുമെങ്കിലും മനസ്സിൽ കൊണ്ടുനടക്കുമെങ്കിലും നാഴികയ്ക്ക്‌ നാൽപ്പതുവട്ടം ശ്രീനിവാസൻ എഴുതിയതെന്തും ആവർത്തിക്കുമെങ്കിലും ഇങ്ങേരെ അംഗീകരിക്കാൻ സ്വതവേയുള്ള മലയാളിജാട നമ്മുടെ സാംസ്കാരിക ഉപരിസഭയെ അനുവദിക്കുന്നില്ല എന്നെനിക്ക്‌ തോന്നിയിട്ടുണ്ട്‌. ഒരുവഴിക്ക്‌ അതും ശരിയാണ്‌. ഈ ജാടയല്ലേ ശ്രീനിവാസൻ പിടിച്ച കണ്ണാടിയിൽ കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നമ്മൾ കാണുന്നുത്‌! കാലം ശ്രീനിവാസൻ എന്ന പ്രതിഭയ്ക്ക്‌ ഒരു കസേര കരുതിവെച്ചിട്ടുണ്ട്‌ എന്ന്‌ ഞാൻ വിശ്വസിക്കുന്നു. എല്ലാ അവാർഡുകൾക്കും മീതെ, വിശ്വസാഹിത്യത്തിലെ മഹാരഥൻമാർക്കൊപ്പം എത്രകാലം കഴിഞ്ഞാലും ശ്രീനിവാസൻ ഒരു പരിഹാസപുഞ്ചിരിയുമായി കാലിൽന്മേൽ കാല്‌ കയറ്റിവെച്ചിരിക്കുന്നുണ്ടാവും. മലയാളിക്ക്‌ ഒരാളെ അംഗീകരിക്കണമെങ്കിൽ അയാൾ ചത്ത്‌ അമ്പത്‌ കൊല്ലമെങ്കിലും ആവണം അല്ലേ എന്നർഥംവെച്ച ഒരു ഊറിച്ചിരിയോടെ.

shortlink

Related Articles

Post Your Comments


Back to top button