Film ArticlesLatest NewsMollywood

പുലിക്കോട്ടില്‍ ഹൈദറിന്റെ തൂലിക തമാശ സിനിമയിലെത്തിയ കഥ പങ്കുവെച്ച് ഷഹബാസ് അമന്‍; കഥ ഇങ്ങനെ

‘പാടി ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലേ’ എന്ന തമാശയിലെ ഗാനം ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇറങ്ങിയതും നിമിഷങ്ങള്‍ കൊണ്ട് തന്നെ ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി. ജനങ്ങള്‍ വളരെപ്പെട്ടന്ന് തന്നെയാണ് ഈ ഗാനം നെഞ്ചേറ്റിയത്. ആദ്യ ദിവസം തന്നെ യൂ ട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്ത് ഇടമുറപ്പിച്ചത് പാട്ടിന്റെ ജനപ്രീതിക്കുള്ള തെളിവാണ്. 1879-1975 കാലത്ത് മലബാറില്‍ ജീവിച്ച മാപ്പിളപ്പാട്ട് രംഗത്തെ അതുല്യപ്രതിഭ പുലിക്കോട്ടില്‍ ഹൈദറിന്റെ തൂലിക തമാശ സിനിമയിലെത്തിയ കഥ രസകരമായാണ് പാട്ട് പാടിയ ഷഹബാസ് അമന്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത്.

ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

”പാടി ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ”

സത്യാന്വേഷികള്‍ക്ക് വേണ്ടി ഒരല്‍പം ചരിത്രം!

പുലിക്കോട്ടില്‍ ഹൈദര്‍ ജീവിതകാലം :1 8 7 9 -1 9 7 5 .
ഏറനാട് താലൂക്ക് .

പാട്ട് വരുന്ന വഴി നോക്കണം .

കാലം:2014
ആമിയുടെ അച്ഛന്റെ (ഇ .പി .ശ്രീനിവാസന്‍ ) മരണത്തോടെ അദ്ദേഹത്തിന്റെ പുസ്തക ശേഖരം തൊട്ടടുത്ത അന്നശ്ശേരിയിലെ ഒരു ലൈബ്രറിക്ക് കൈമാറുന്നതിന്റെ ഭാഗമായി ഓരോരോ പുസ്തകങ്ങളായി അടുക്കിലും ചിട്ടയിലും പൊടി തട്ടി വെച്ചിരിക്കുകയാണ്.വീട്ടില്‍ നിലനിര്‍ത്താനുള്ളത്- ലൈബ്രറിയിലേക്ക് എന്നിങ്ങനെ വേറെ വേറെ . ഇ -വായന വ്യാപകമായ ഈ കാലത്തും കടലാസ് പുസ്തകത്തിന്റെ അട്ടി കാണുന്നത് ഒരാവേശമായത് കൊണ്ട് ഓരോന്നായി എടുക്കാനും വായിക്കാനും തുടങ്ങി ! ബഷീര്‍ പുനര്‍ വായനയായിരുന്നു ഉദ്ഘാടനവും പ്രധാനവും !അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം വയലറ്റ് ചട്ടയുള്ള ഒരു പുസ്തകം കയ്യില്‍ തടഞ്ഞു .പുറം ചട്ടയില്‍ത്തന്നെ എഴുതിവെച്ചിരിക്കുന്നു നെഞ്ചില്‍ത്തറക്കുന്ന ആ വാക്ക് !

”പാടി ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ”

പ്രിന്റല്ല .കൈപ്പട യുടെ സ്‌കാന്‍ . തൊട്ടു താഴെ അടയാളപ്പെടുത്തിയിരിക്കുന്നു , വിവരങ്ങള്‍. പുലിക്കോട്ടില്‍ ഹൈദര്‍ കൃതികള്‍ -പുലിക്കോട്ടില്‍ ഹൈദര്‍ .എഡിറ്റര്‍: ഡോ:എം .എന്‍ .കാരശ്ശേരി .പുസ്തകപ്രസാദനം :കേരള സാഹിത്യ അക്കാദമി(സെക്രട്ടറി ഐ.വി.ദാസ് കാലം – റീ പ്രിന്റഡ് ജനുവരി.കാലം: 2007 ) .

അപ്പോള്‍ പുസ്തകം അവിടെയെത്തിയ വഴി വ്യക്തമായി .ശ്രീനിവാസന്‍ സാറും കാരശ്ശേരിയും അടുത്ത കൂട്ടുകാര്‍ .താന്‍ എഡിറ്റ് ചെയ്ത ഒരു പുസ്തകം കാരശ്ശേരി തന്റെ കൂട്ടുകാരന് കൈ മാറി .സിംപിള്‍ !

കൂടുതല്‍ ചിന്തിക്കാനും ആരോടും അന്വേഷിക്കാനും നില്‍ക്കാതെ വായനയിലേക്ക് പൂളാന്‍ കുത്തി !ഹോ!എന്തൊരെഴുത്താണ് ! കാളപൂട്ട് പാട്ടും മാറിയക്കുട്ടിക്കുള്ള കത്തും ചങ്കില്‍ കുടുങ്ങി !മുപ്പത്തിയാറ് കൃതികളും വായിച്ചു കഴിഞ്ഞിട്ടും ആദ്യം കണ്ണില്‍ പെട്ട ആ രണ്ട് വരികളില്‍ത്തന്നെ മനസ്സ് കിടന്ന് പൊരിഞ്ഞു !”പാടി ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ”

നെഞ്ഞത്ത് ഒട്ടി മൂന്നാം കൊല്ലം ഹാര്‍മോണിയം അതിനെ ഒരു പാട്ടായി പെറ്റിട്ടു ! ആ മാസം തന്നെ (കാലം:2017 ) നടന്ന ഒരു ലൈവ് കണ്‍സര്‍ട്ടില്‍ ആളുകള്‍ക്ക് അത് പാടിക്കൊടുക്കുകയും അവരെക്കൊണ്ടെല്ലാം ഏറ്റു പാടിക്കുകയും ചെയ്തു !രണ്ടേ രണ്ട് വരി അന്ന് മുതല്‍ മനുഷ്യര്‍ ചോദിക്കാന്‍ തുടങ്ങിയതാണ് ആ പാട്ട് എന്ന് മുഴുവന്‍ കേക്കാന്‍ പറ്റും എന്ന് ! സത്യം പറഞ്ഞാല്‍ ആ വരികള്‍ സ്വയം സംപൂര്‍ണ്ണവും അനവധി മാനങ്ങള്‍ ഉള്ളതുമാണ് ! പുലിക്കോട്ടില്‍ അതിനെക്കുറിച്ച് എങ്ങനെയാണ് ചിന്തിച്ചത് ? അത്രക്ക് സന്തോഷമുള്ള എന്ത് സങ്കടത്തെക്കെട്ടിപ്പിടിച്ചായിരിക്കാം അദ്ദേഹം അത് എഴുതിയിട്ടുണ്ടാവുക ?തുടരാന്‍ കഴിയാതെ നിന്നതോ നിര്‍ത്തിയതോ ? ഒന്നുമറിയില്ല !

ഇന്ന് 2019 ല്‍ നമ്മള്‍ ആ വരികള്‍ മൂളി നടക്കുന്നു !തീര്‍ച്ചയായും അതില്‍ ആരും സന്തോഷിക്കാതിരിക്കില്ല !ഉറപ്പ് !പക്ഷെ, അപ്പോള്‍ അറിയേണ്ടത് ഇവിടുന്നങ്ങോട്ട് പിന്നിലേക്ക് നാല്‍പ്പത് കൊല്ലം മുന്‍പ് ആ വാക്കിന്റെ തേന്‍ ശേഖരിക്കാന്‍ പോയ ഒരു യുവാവിനെയും അയാളുടെ കൂട്ടാളികളെയുമാണ് ! എം.എന്‍ .കാരശ്ശേരിയാണ് ആ അന്വേഷണത്തിനു പിന്നീട് ഡോക്ടറേറ്റ് കിട്ടിയ അന്നത്തെ ആ യുവാവ് ! ആസാദ് വണ്ടൂരും നാലകത്ത് കാസിമും സലാം കാരാട്ടിലുമൊക്കെയാണ് അദ്ദേഹത്തെ തേന്‍ ശേഖരണത്തില്‍ സഹാഹിച്ച ഉത്തമ കൂട്ടുകാര്‍ ! നാല്‍പ്പത് വര്‍ഷം മുന്‍പ് ഇതുപോലൊരു മെയ്മാസച്ചൂടിലെ ആദ്യ വാരത്തില്‍ (5 6 ) വണ്ടൂരില്‍ നടന്ന ഒരു ക്യാമ്പില്‍ വെച്ചാണ് ”പാടീ ഞാന്‍ ” ഉള്‍പ്പെടെയുള്ള പുലിക്കോട്ടില്‍ ഇശലുകള്‍ ആദ്യമായി സമാഹരിക്കപ്പെടുന്നതും അത് ഒരു പുസ്തകമാവുന്നതും.നമ്പൂതിരിയാണ് അന്ന് അതിനു കവര്‍ വരച്ചത് .1 9 7 9 ല്‍ . അതായത് പുലിക്കോട്ടില്‍ വിട പറഞ്ഞു പോയതിന്റെ നാലാം കൊല്ലം !അതേ മലപ്പുറത്ത് ജനിച്ചു വളര്‍ന്ന, ‘പാടീ ഞാന്‍’പാട്ടിന്റെ ഈണക്കാരനു അന്ന് പത്ത് വയസ്സ് !

അത് കഴിഞ്ഞു ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തൊണ്ണൂറുകളുടെ അവസാനത്തില്‍ കോഴിക്കോട്ട് വെച്ച് മാപ്പിളകലകളെ ആസ്പദമാക്കി കേരളചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ പതിനഞ്ച് ദിവസം നീണ്ടുനിന്ന ഒരു പഠന ശിബിരം നടക്കുന്നു .അതിന്റെയും ഡയറക്ടര്‍ എം.എന്‍ കാരശ്ശേരി തന്നെ. 1979 ല്‍ വണ്ടൂര്‍ ക്യാമ്പിന്റെ പ്രധാന കായ് ഫലം പുലിക്കോട്ടില്‍ ഹൈദര്‍ കൃതികള്‍ ആയിരുന്നുവെങ്കില്‍ 1998 ല്‍ കോഴിക്കോട് ക്യാമ്പില്‍ നിന്ന് ഉണ്ടായത് ഇന്നത്തെ പ്രശസ്ത മാപ്പിളപ്പാട്ട് ചരിത്രകാരന്‍ ഫയ്സല്‍ എളേറ്റില്‍ അടക്കം ഇന്നും മാപ്പിളപ്പാട്ടു രംഗത്തെ സജീവ സത്യാന്വേഷികളായ എഴുത്തുകാരും ഗായകരും സംഘാടകരുമായിരുന്നു . ഏകദേശം 15 പേര്‍! ആ ക്യാംപിനു നേതൃത്വം നല്‍കാന്‍ സര്‍ക്കാരിന് വേണ്ടി കാരശ്ശേരിയെ ക്ഷണിക്കുന്നത് അന്നത്തെ കോഴിക്കോട് പി.ആര്‍.ഡി യുടെ ചുമതലയുള്ള ഇ .പി .ശ്രീനിവാസന്‍ സാറാണ്.മുക്കത്തെ ലാന്റ് ലൈനിലേക്ക് പോയ ആ കാള്‍ അന്നെടുക്കുന്നത് എന്‍ .പി ആഷ്ലി എന്ന ഒരു കൗമാരക്കാരന്‍ .കാരശ്ശേരിയുടെ പ്രിയ പുത്രന്‍ ! ആ കുട്ടിക്ക് നന്ദി .അത് കൊണ്ട് അറിയാതിരുന്ന ഈ കഥയുടെ ബാക്കി ഭാഗം പൂരിപ്പിക്കുവാന്‍ ഇന്ന് ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പ്രൊഫസറായ ആ ചെറുപ്പക്കാരനെയാണ് കാലം ഏല്‍പ്പിച്ചത് !”പാടീ ഞാന്‍ ” എന്ന പാട്ട് കേട്ട് അഭിനന്ദിക്കാന്‍ അയാള്‍ വിളിച്ചപ്പോള്‍ വിടര്‍ന്നത് കഥയുടെ ചെമ്പനീര്‍പ്പൂവ് !ഈ പൂവ് ബഷീറിന്റെ ഒരു കഥയിലുണ്ട് ! !

അപ്പോള്‍ 79 നും 98 നും ശേഷം 2007 ല്‍ ഉണ്ടായ പുലിക്കോട്ടില്‍ പുസ്തകത്തിന്റെ പുനര്‍ജ്ജന്മ കോപ്പി കാരശ്ശേരി വഴി ശ്രീനിവാസന്‍ സാറിന്റെ വീട്ടില്‍ എത്തിയതിന്റെയും അത് ഇന്നൊരു പാട്ടായതിന്റെയുമൊക്കെ കണക്ഷന്‍സ് സങ്കല്‍പ്പിച്ച പോലെ അത്ര സാങ്കേതികമോ ലളിതമോ (‘സിംപിള്‍’) അല്ല ! കാലത്തിന്റെ ചെറിയൊരു ഇടപെടല്‍ അതിലടങ്ങിയിരിക്കുന്നു !
വെറുമൊരു ‘തമാശ’ !? ഉറപ്പായിട്ടും അല്ല.

കാരശ്ശേരിക്ക് മുന്‍പ് ഏതെങ്കിലും ഒരു പുലിക്കോട്ടില്‍ അന്വേഷിയോ അല്ലെങ്കില്‍ പുലിക്കോട്ടില്‍ തന്നെയോ തന്റെ കുറിമാനങ്ങള്‍ കൂട്ടിക്കെട്ടിയതിനു തെളിവുകള്‍ ഇല്ല .ഉണ്ടെങ്കില്‍ അത് കാരശ്ശേരിയോ കൂട്ടരോ തന്നെ കണ്ടെത്തുമായിരുന്നു എന്ന് നമുക്കുറപ്പുണ്ട് ! നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഏറനാട് താലൂക്കില്‍ നിന്നുമുള്ള,അതും കവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ അതേ വഴികളില്‍ നിന്നുമുള്ള(എടവണ്ണ ) ഒരു കുട്ടിയെകൊണ്ടാണ് (മുഹ്സിന്‍ പരാരി )കാലം ആ ഇശലിന്റെ ചുവടൊപ്പിച്ച് ബാക്കി എഴുതിച്ചിരിക്കുന്നത് എന്നതില്‍ നിന്നും കുരുത്തവും പൊരുത്തവും ഉള്ള ഒരു പിന്തുടര്‍ച്ച തന്നെയാണ് പുലിക്കോട്ടില്‍ പാട്ടിനു സംഭവിച്ചിരിക്കുന്നത് എന്ന് നമുക്കുറപ്പിക്കാം!

‘തമാശ’ സിനിമയുടെ സംവിധായകനായ അഷ്റഫ് ഹംസ തന്റെ സിനിമയുടെ ഭാഗമായി ഈ പാട്ട് ആഗ്രഹിക്കുന്നതിന്റെ മുന്‍പ് തന്നെ തന്റെ കൂട്ടുകാരിയായ ഡോക്ടര്‍ ഷംഷാദ് ഹുസൈന്റെ മാപ്പിളകലാ പഠന ത്തിന്റെ ഭാഗമായി സാക്ഷാല്‍ പുലിക്കോട്ടില്‍ ഹൈദറിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു എന്നോര്‍ക്കണം !പിന്നീടാണ് ഇതിന്റെ പേരില്‍ ഞങ്ങള്‍ ഇരിക്കുന്നത് തന്നെ! ഒന്നുകില്‍ ഇതൊക്കെ അറിഞ്ഞോ അല്ലെങ്കില്‍ ഇതൊന്നും അറിയാതെയോ ആണ് മുഹ്സിന്‍ ഇതിലേക്ക് പൊടുന്നനവെ അവതരിക്കുന്നതും മനോഹരമായി തന്റെ ധര്‍മ്മം പൂര്‍ത്തിയാക്കുന്നതും !”എവിടെയുണ്ട് ?ഒന്ന് ഇരിക്കണല്ലോ ഭായ്” എന്ന് സമീര്‍ താഹിര്‍ വിളിക്കുന്നതാണ് സൈറണ്‍ ! സുഡാനിക്കും അങ്ങനെയാണ് ! സംവിധായകരല്ല ,ഹാപ്പി ഹവേഴ്‌സ് നേരിട്ടാണ് പാട്ടിന്റെ എല്ലാ ചുമതലകളും ഏല്‍ക്കുക !ഭംഗിയായി അത് പര്യവസാനിക്കും വരെ! നന്ദി.

വ്യക്തിപരമായിപ്പറഞ്ഞാല്‍ KEF1126 നുശേഷം മലയാളം സൂഫി റൂട്ട് സെക്കന്‍ഡ് ട്രിപ്പ് -എന്ന പേരില്‍ സ്വന്തം വേരിലേക്കുള്ള ഒരു ഓട്ടം പോകലിനു (ജീപ്പ് ) തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മലപ്പുറത്തും സമീപ പ്രദേശത്തുമുണ്ടായ അത്ഭുത കവികളെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സംഭവിക്കുന്ന ചില മാജിക്കുകളില്‍ ഒന്ന് മാത്രമായിട്ടാണ് ഇതിനെ കാണുന്നത് ! ഇനിയുമുണ്ട് ! ഒന്നും രണ്ടുമല്ല ! ഇതിനൊക്കെ 1979 ലേക്കെന്നല്ല എവിടേക്കൊക്കെയാണ് എന്തിലേക്കൊക്കെയാണ് എങ്ങനെയൊക്കെയാണ് കണക്ഷന്‍ വരുന്നതെന്ന് പറയാനാകില്ല !

പണ്ടും ഇന്നുമുള്ള സത്യാന്വേഷികളും തേന്‍തേടികളുമായ എല്ലാവര്‍ക്കും ഹൃദയം നിറച്ചും നന്ദി ….

എല്ലാവരോടും സ്‌നേഹം …

”പാടി ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലേ ‘
കാലം:2019
ചിത്രം:തമാശ

https://www.facebook.com/ShahabazAmanOfficial/posts/1112327128961491

shortlink

Related Articles

Post Your Comments


Back to top button