CinemaLatest NewsMollywoodMovie Reviews

കാമുകന്റെ പൊസ്സെസ്സീവിനെസ്സ് സ്‌നേഹമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്; അവനിഷ്ടമില്ലാത്തിനാല്‍ സ്വന്തം കഴിവുകള്‍ പുറത്ത് പ്രകടിപ്പിക്കാറുമില്ല; ഉയരെയെക്കുറിച്ച് മാലാ പാര്‍വതി പറയുന്നു

കൊച്ചി: ഉയരെ പാര്‍വതിയ്ക്ക് സമ്മാനിച്ചത് വലിയ വിജയത്തിളക്കമാണ്. ഉയരെ കാണുമ്പോള്‍ പാര്‍വതിയെന്ന മികച്ച നടിയുടെ കരിയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓര്‍ത്ത് പോകുമെന്ന് നടി മാലാ പാര്‍വതി. സമൂഹം കല്‍പിച്ച് നല്‍കിയിരിക്കുന്ന സ്ഥാനങ്ങളില്‍ നില്‍ക്കാതെ സ്വന്തം ഇടങ്ങള്‍ കണ്ടെത്താന്‍ നോക്കിയാല്‍, സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളെ പാര്‍വതി എന്ന നടിക്ക് ഓര്‍മ്മപ്പെടുത്തി കൊടുത്തിരുന്നു കുറച്ച് പേരെന്നും മാല പാര്‍വതി പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

ഉയരേ…ഉയരങ്ങളിലെത്തട്ടെ…

ഇന്നലെയാണ് ‘ ഉയരെ ‘ എന്ന ചിത്രം കണ്ടത്. സുഖമില്ലാതെ ആശുപത്രിയില്‍ ആയിരുന്നത് കൊണ്ടാണ് കാണാന്‍ വൈകിയത്. സിനിമയുടെ പ്രൊഡ്യൂസേഴ്‌സ് ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്ന മൂന്ന് പേരുകള്‍ കണ്ടപ്പോള്‍ മനസ്സ്. നിറഞ്ഞു. മലയാള സിനിമയ്ക്ക് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എത്ര നല്ല സിനിമകളാണ് നല്‍കിയിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ എല്ലാമെല്ലാമായ P.V. ഗംഗാധരന്റെ 3 പെണ്‍മക്കള്‍! അവരാണ് ഉയരേ നമുക്ക് നല്‍കിയിരിക്കുന്നത്. നന്മയുടെ ഒരു തുടര്‍ച്ചയായാണ് എനിക്കത് അനുഭവപ്പെട്ടത്..

സിനിമ നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചവര്‍ തിരഞ്ഞെടുത്തതോ പല്ലവിയുടെ കഥയും. പെണ്‍കുട്ടിയുടെ ജീവിതം ആരുടേതാണ്? ആരാണ് അവളുടെ ജീവിതത്തിനെ കുറിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടത്? പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകേണ്ട പെണ്‍കുട്ടികള്‍ അതൊക്കെ വിട്ട് സ്വന്തം ജീവിതം ഏറ്റെടുക്കുന്നത് ഇപ്പോഴും ഒരു അത്ഭുത കാഴ്ചയാകുന്നു എന്നതാണ് സങ്കടം. കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പാട്ടും ഡാന്‍സും നാടകവും എല്ലാം അവള്‍ക്ക് വഴങ്ങിയിരുന്നത് പോലെ ആര്‍ക്കും വഴങ്ങുമായിരുന്നില്ല. എന്നിട്ടും കാമുകന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് ഒരു മല്‍സരങ്ങളിലും പങ്കെടുക്കുമായിരുന്നില്ല. 48 വയസ്റ്റില്‍ അവള്‍ അതില്‍ ദു:ഖിക്കുന്നുണ്ട്. എവിടെയോ എത്താമായിരുന്നു എന്ന തിരിച്ചറിവ് ഇന്ന് അവള്‍ക്കുണ്ട്.

കാമുകന്റെയോ കാമുകിയുടെയോ പൊസ്സെസ്സിവ്നെസ്സ് സ്നേഹമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നവര്‍ ധാരാളമാണ്. പ്രണയത്തിലാകുന്ന നിമിഷം മുതല്‍ ചിലരിലെ മാനസിക പ്രശ്നവും പുറത്ത് വരാറുണ്ട്. തന്നിലെ പാരനോയിയ അഥവാ സംശയരോഗം സ്നേഹത്തിന്റെ തീവ്രതയായി തെറ്റിദ്ധരിച്ച്, തന്റെ എല്ലാ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കെടുത്തി കളഞ്ഞിട്ടുള്ളവര്‍ ധാരാളമാണ്. സ്വപ്നങ്ങളെ കൊന്ന് അവര്‍ സ്വയം പ്രണയത്തിന് മുന്നില്‍ ബലി അര്‍പ്പിക്കും.എന്നാല്‍ സ്വപ്നത്തെ കൊല്ലുന്നവരുടെ ചിരി എന്നെന്നേക്കുമായി അവരില്‍ നിന്ന് നഷ്ടപ്പെടും എന്ന് അവര്‍ അല്പം വൈകിയേ തിരിച്ചറിയൂ. അപ്പോഴേക്കും എല്ലാം വൈകി പോയിരിക്കും. പിന്നീട് ബന്ധങ്ങളില്‍ ഉണ്ടാകുന്ന ഒരു വെറുപ്പുണ്ട്. ആ വെറുപ്പ് പരസ്പരം കണ്ടില്ല എന്ന് നടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നവര്‍ നമുക്കിടയില്‍ ധാരാളമാണ്.

ഉയരേ സ്വപ്നത്തിന്റെ കഥയാണ്. പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ സ്വപ്നത്തിന്റെ കഥ. ആ സ്വപ്നത്തിന്റെ ചിറക് അരിഞ്ഞിട്ടും, ഭൂമിയില്‍ തളയ്ക്കപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പറന്നുയരാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ കഥ. ഇത് പല്ലവിയുടെ മാത്രം കഥയല്ല സ്നേഹത്തിന് വേണ്ടി സ്വപ്നവും കഴിവുകളും ഹോമിച്ച് പറന്നുയരാന്‍ കഴിയാത്ത ആയിരക്കണക്കിന് പെണ്‍മനസ്സുകള്‍ക്കും കൂടി വേണ്ടിയാണ് ഈ ചിത്രം. ഇനി തളയ്ക്കപ്പെടാന്‍ തയ്യാറല്ല എന്ന് ഉറക്കെ പറയുന്ന പെണ്‍കുട്ടികളുടെയുമാണ്. മാത്രമല്ല സ്വന്തം നിലപാടുറപ്പിച്ച് പറന്നുയരുന്നവരെ നിലയ്ക്ക് നിര്‍ത്തുന്ന ഒരു വലിയ ആള്‍ക്കൂട്ടത്തോട് തന്റെ നിലപാട് ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറക്കെ പ്രഖ്യാപിക്കകൂടിയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകള്‍. പറന്നുയരാന്‍ ശ്രമിക്കുന്നവര്‍ക്ക് കൈത്താങ്ങായി ഒരു ചെറിയ ലോകമുണ്ട് എന്ന് ഉറക്കെ പറയാന്‍ ശ്രമിക്കുന്ന ചിത്രം.

ഈ ചിത്രം കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ സമകാലികമായി നടന്ന പല വിഷയങ്ങളും മനസ്സിലേക്ക് വരും. സമൂഹം കല്പിച്ച് നല്‍കിയിരിക്കുന്ന സ്ഥാനങ്ങളില്‍ നില്‍ക്കാതെ സ്വന്തം ഇടങ്ങള്‍ കണ്ടെത്താന്‍ നോക്കിയാല്‍, സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ നേരിടേണ്ടി വരുന്ന കാര്യങ്ങളെ പാര്‍വ്വതി എന്ന നടിക്ക് ഓര്‍മ്മപ്പെടുത്തി കൊടുത്തിരുന്നു കുറച്ച് പേര്‍.

പാര്‍വ്വതിയെന്ന മികച്ച നടിയുടെ വിജയത്തിളക്കങ്ങള്‍ക്കിടയിലും അവരുടെ കരീയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓര്‍ത്ത് പോകും. ഈ ചിത്രത്തിന്റെ വിജയം പലതിനും ഒരു പരിഹാരമായാണ് എനിക്ക് തോന്നിയത്. നിറഞ്ഞ സദസ്സുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍, ആ അറ്റാക്കിലെ മുറിവുകളില്‍ നിന്ന് കൂടിയാണ് ഉയരേ എന്ന ചിത്രം അവരെ മോചിപ്പിക്കുന്നത്. അതിന് കാരണമായ ബോബി സഞ്ജയ്ക്കും ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മനു അശോകനും നന്ദി. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ നടന്‍ സിദ്ദിഖ്, ടൊവീനോ, ആസിഫ് അലി എന്നിവര്‍ അവരവരുടെ വേഷം ഗംഭീരമാക്കി. ഈ ചിത്രം കൂടുതല്‍ ഹൃദയങ്ങള്‍ ഏറ്റെടുക്കട്ടെ. എല്ലാ ആശംസകളും.

shortlink

Related Articles

Post Your Comments


Back to top button