Latest NewsMollywood

പങ്കായം കൊണ്ട് ഫഹദിനെ തല്ലാനോങ്ങുന്ന നസ്രിയ; വീഡിയോ വൈറല്‍

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കാന്‍ കുമ്പളങ്ങിക്കാര്‍ക്ക് സാധിച്ചിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു കുമ്പളങ്ങിക്കാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു നൂറ് ദിവസം പിന്നിട്ടത്. സിനിമയുടെ നൂറാം ദിനം അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം ചേര്‍ന്ന് ആഘോഷിച്ചിരുന്നു. വിജയാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമയില്‍ അഭിനയിച്ച താരങ്ങളെല്ലാം തന്നെ എത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യു തോമസ്,അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു കുമ്പളങ്ങിയില്‍ മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. ഇവരുടെ പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമായതോടെയായിരുന്നു ചിത്രം വലിയ വിജയമായി മാറിയിരുന്നത്. സൗബിനും ഷെയ്നും ഫഹദുമെല്ലാം മല്‍സരിച്ചുളള അഭിനയം തന്നെയായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയാണ് കുമ്പളങ്ങിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

ചടങ്ങില്‍ സംവിധായകന്‍ ഫാസില്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിഖ് അബു, ഉണ്ണിമായ, നസ്രിയ നസീം, സുഷിന്‍ ശ്യാം, ദിലീഷ് പോത്തന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. കുമ്പളങ്ങിയില്‍ സൈക്കോ ഷമ്മിയായി എത്തിയ ഫഹദിന് മൊമന്റോ സമ്മാനിച്ചത് ഭാര്യ നസ്രിയയായിരുന്നു. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നസ്രിയ മൊമന്റോ കൈയ്യില്‍ കിട്ടിയതും ആദ്യം ഫഹദിനെ തല്ലാനാണ് ചെന്നത്. പിന്നീട് സ്നേഹപൂര്‍വ്വം മൊമന്റോ ഫഹദിന് നല്‍കുകയായിരുന്നു. തനിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ ഉണ്ടായത് കുമ്പളങ്ങിയിലെ സെറ്റില്‍ വെച്ചായിരുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ തുറന്നുപറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button