GeneralNEWS

മഴ നിസ്സഹായയാണ്.മഴക്ക് ജീവജാലങ്ങളോട് കോപമോ ശത്രുതയോ ഇല്ല: വൈകാരികമായ വാക്കുകളുമായി രഘുനാഥ് പലേരി

മഴയെക്കുറിച്ചാണ് ഇത്തവണ രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്

ഫേസ്ബുക്ക് രചനകളിലൂടെ ചിലതൊക്കെ ആഴത്തില്‍ ചിന്തിപ്പിക്കുകയും മാതൃകപരമായ വലിയ ഒരു  പാഠം പകര്‍ന്നു നല്‍കുകയും ചെയ്യുകയാണ് രഘുനാഥ് പലേരി എന്ന മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്, മഴയെക്കുറിച്ചാണ് ഇത്തവണ രഘുനാഥ് പലേരി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്, കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ നിമിഷത്തെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

രഘുനാഥ് പലേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മഴയ്ക്ക് ഒരു നിശ്ശബ്ദ സംഗീതമുണ്ട്. ആകാശ അടരുകളിൽ നിന്നും നൂലുനൂലായി അതിവേഗം താഴേക്ക് ഒഴുകിയിറങ്ങും നേരം അത് മൗനമായി മൂളാറുണ്ട്. ഇലകളിലും ശിഖരങ്ങളിലും മണ്ണിലും പതിക്കുന്നതോടെ ആ മൂളിച്ച കൂട്ടം ചേർന്നൊരു താളമായി മാറുകയായി. പതനക്രമത്തിന്റെ വേഗതക്കും തുള്ളികളുടെ ക്രമാനുഗതമായ വളർച്ചക്കുമൊത്ത് ആ താളത്തിനൊരു ഭ്രമാത്മക ഭാവം വരുകയായി. ആഹ്‌ളാദത്തിമർപ്പോടെ കാറ്റും ഒപ്പം ചേരുകയാണെങ്കിൽ, ആദ്യമൊക്കെ കാവ്യ സുന്ദര രൂപം നൽകുന്ന മഴ, മേലേരിയിൽ ചാടുന്ന വിഷ്ണുമൂർത്തി തെയ്യംപോലെ അലറുകയായി. (മേലേരി എന്നു വെച്ചാൽ തീക്കുണ്ഡം. വടക്കേ മലബാറിലെ വിഷ്ണു മൂർത്തി തെയ്യം ഒരാൾ പൊക്കമുള്ള തീക്കുണ്ഡത്തിൽ ചാടിയാടും. തകിടം മറിഞ്ഞ് കളിക്കും.)

മഴ ഒരു കവിതയാണ്.
മഴ ഒരു പ്രഹരവുമാണ്.
മഴ തരുന്നത് ജീവനാണ്.
മഴയിൽ പെട്ടുപോകുന്നത് മരണവുമാണ്.

സത്യത്തിൽ മഴ ഒന്നും ചെയ്യുന്നില്ല. അതങ്ങിനെ പാട്ടുപാടി പെയ്യുന്നു എന്നേ ഉള്ളൂ. പെയ്യുന്നിടം പെട്ടുപോകുന്ന ജീവനാണ് മൃതിയടയുന്നത്. അതിന് മഴ എന്തു പിഴച്ചു എന്നെന്നോട് ചോദിച്ചത് ശ്രീകുമാറാണ്.

ശ്രീകുമാർ എന്റെ ബാല്ല്യകാല ചങ്ങാതിയാണ്. കോഴിക്കോട് കിഴക്കേ നടക്കാവിലെ ഇടവഴികളിലൂടെ നടന്നാൽ അമ്പതും അമ്പത്തഞ്ചും വർഷങ്ങൾക്കു മുൻപ് ചുമലിൽ കൈവെച്ചു നടന്ന അനേകം ശ്രീകുമാരന്മാരെ കാണാം.
കുട്ടിക്കാലവും തിമർത്തു പെയ്യുന്നൊരു മഴപോലെയാണ്.

മഴക്കാലത്ത് ആ ഇടവഴികളിൽ പലതും വെള്ളംകൊണ്ട് നിറയും. താഴ്ന്നു കിടക്കുന്ന വീട്ടുമുറ്റങ്ങൾ കുളമാവാൻ ഒരു രാത്രിയിലെ നിറഞ്ഞ മഴ മതി. മഴ ശബ്ദം കേട്ടു പുതച്ചുമൂടി മെത്തപ്പായ ത്തണുപ്പിൽ ചുരുണ്ടു കിടക്കുന്ന ഞങ്ങൾ ശ്രീകുമാരന്മാർ നേരം പുലരുന്നതും എഴുന്നേറ്റ് വന്ന് നോക്കുന്നത് പുഴപോൽ ഓളം നിറഞ്ഞ മുറ്റമാണ്. നനഞ്ഞ കോലായയിൽ നിന്നും മുട്ടറ്റം സമുദ്രത്തിൽ ഒന്നിറങ്ങി മഴ ആസ്വദിക്കാതെ തിരികെ കയറാൻ പിന്നെ മനസ്സുവരില്ല.

ആ മഴ നനവും കുളിരും മഹാ ലഹരിയാണ്. അതിന്റെ ചാരുത ഒന്നു വേറെയാണ്. മുറ്റത്തേക്ക് ഒഴുകിയെത്തി ഒഴുകിയിറങ്ങുന്ന വെള്ളച്ചാലുകളുടെ ശബ്ദത്തിന് ചിലനേരം കൂട്ടിമുട്ടുന്ന കുപ്പിവളകളുടെയോ, പരസ്പരം രാകുന്ന കത്തികളുടെയോ, കഠിന മുഴക്കത്തോടെ വീഴുന്ന പാറകളുടെ അടക്കമില്ലാത്ത സംസാരത്തിന്റെയോ രുചിയാണ്. മഴ തരുന്ന ശബ്ദങ്ങളിൽ പലതും ശ്രവ്യ സുഖമുള്ള താണെങ്കിലും ചിലവ ഭയപ്പെടുത്താറുമുണ്ട്.

മഴ നിസ്സഹായയാണ്. മഴക്ക് ജീവജാലങ്ങളോട് കോപമോ ശത്രുതയോ അശേഷം ഇല്ല, സ്‌നേഹവും പരിലാളനാ ഭാവവും മാത്രമേ ഉള്ളൂ. ചില അമ്മമാർ വിശക്കുന്ന കുഞ്ഞിന്റെ മുന്നിൽ അധികം വിളമ്പുന്നതുപോലെ മഴയും ജീവനു മുന്നിൽ ആദരവോടെ ഒത്തിരി അധികം വിളമ്പും. ആവശ്യത്തിന് നേദിച്ച് ശേഷിക്കുന്നതത്രയും പിന്നീട് വരുന്നവർക്കു വേണ്ടിയുള്ള കരുതലായി കണ്ട് അത് ഭാവിയിലേക്ക് ശേഖരിച്ചു വെക്കാനോ ഉപയോഗപ്പെടുത്താനോ ഉള്ള വിവേകം മനുഷ്യനുണ്ടെന്നുള്ള ഒരു ആത്മവിശ്വാസം മഴക്ക് ഉണ്ട്. പക്ഷെ എന്തോ മനുഷ്യന് അതില്ല. മഴക്കാണെങ്കിൽ അത് ഇതുവരെ മനസ്സിലായിട്ടും ഇല്ല.

മഴ തൂപ്പുകാരനോ തൂപ്പുകാരിയോ ആണ്.
മഴ സർവ്വതും തുടച്ചു മാറ്റും. ശേഷിപ്പായി അടിഞ്ഞു കൂടുന്നതും അലിയിച്ചു കളയും. എല്ലാം അടിച്ചു കൂട്ടി ഒരിടത്ത് കൊണ്ടു നിർത്തി പാറപോലാക്കി മുന്നിൽ നിർത്തി സ്വന്തം സഞ്ചാരഗതിയങ്ങ് മാറ്റും.
എന്നിട്ടവൻ ബോധമില്ലാതെ വഴിയിൽ
കെട്ടിപ്പൊക്കിയ സൗധ സമ്പത്തുക്കളെല്ലാം ഇടിച്ചു നിരത്തി ചുറ്റിലുമുള്ള ജീവനും എടുത്തങ്ങ് പോവും.

മനുഷ്യൻ പറിച്ചെടുത്ത വൃക്ഷ വേരുകൾ അടർന്നിടത്തെ കുഴൽ ചാലുകളിലൂടെ രൗദ്രത്തോടെ ഓടിയിറങ്ങി കൂറ്റൻ മലകളെ അവന്റെ നെഞ്ചത്തേക്ക് തന്നെ അടർത്തിയടർത്തിയങ്ങ് തള്ളിയിടും. കിടക്കട്ടെ സർവ്വതും അടിയിൽ. ഒടുക്കം ചീയുമല്ലൊ അവനും അവൻ മാത്രം സൃഷ്ടിച്ച അഹങ്കാരവും. മഴയുടെ മനോഗതി അങ്ങിനെയാണ്.

മഴ നിരാശയാണ്. എന്നാലും മഴക്ക് ഒരു ജീവനെയും ഇല്ലായ്മ ചെയ്യാനുള്ള മനസ്സില്ല.

ഒഴുകിയിറങ്ങാനല്ലാതെ ഒഴുകിക്കയറാൻ പ്രപഞ്ചാനുവാദം ഇല്ലാത്ത മഴക്ക് തന്നിലേക്ക് വന്നടിയുന്നതെന്തും എടുത്തോടാനല്ലാതെ മറ്റൊരു നിർവ്വാഹവുമില്ല. നിരന്തരമായി പെയ്ത ഓർമ്മയിലെ മഴകളെല്ലാം വീട്ടുമുറ്റത്തും സഞ്ചാരവഴികളിലും പുഴകൾ വിരിച്ചു തന്നിട്ടുണ്ട്. ഞങ്ങൾ ശ്രീകുമാരന്മാരുടെ വീടുകൾ ചോർന്നൊലിക്കാറുണ്ട്. ഓടിൻ വിള്ളലുകളിൽ അരവിയേട്ടന്മാർ ഓലനാടകൾ തിരുകി ചോർച്ചകൾ അടക്കാറുണ്ട്. നനവുള്ള നിലത്ത് ചോർച്ച വെള്ളം ശേഖരിക്കാനായി അമ്മമാർ വെക്കുന്ന അടുക്കള പാത്രങ്ങളിൽ പെട്ടെന്ന് ജലം നിറയാറുണ്ട്. ആ ജലത്തിന് അസാധാരണ മഴമണം ഉണ്ടാവാറുണ്ട്.

മഴ വാസന മുറ്റത്തെ ചമ്പക വാസനയേയും വെല്ലും. മുല്ല വാസനക്കും അതിനടുത്തെത്താൻ സാധിക്കില്ല. മഴ വാസന തെല്ലിട നേരത്തേക്കേ തെളിയൂ. ഇറമ്പത്ത് വച്ച ചെമ്പിലെ നിറഞ്ഞു തുളുമ്പുന്ന മഴവെള്ളമെടുത്ത് ഞാൻ കുളിച്ചിട്ടുണ്ട്. കുളി കഴിഞ്ഞ ദേഹത്തിന് മഴയേക്കാൾ ഉണർവ്വാണ്. അസാധാരണ തണുപ്പും. മഴ പെയ്തു നിറഞ്ഞ വീട്ടിലെ കിണറും ദേശത്തെ കുളവും മനോഹര കാഴ്ച്ചകളാണ്. ആകാശമെടുത്ത് മൂടിവെച്ച അവയുടെ ഉപരിതലവും നോക്കി എത്രയോ നേരം അങ്ങിനെ നിന്നിട്ടുണ്ട്. ജീവൻ ഉണർന്നതും നില നിന്നതും മഴ തന്ന ജലത്തിലാണ്. മഴ ഉള്ളിൽ നിന്നും വന്നതല്ല. ശൂന്യമായി കാണുന്ന മുകളിൽ നിന്നാണ്. മഴ എങ്ങിനെ പിറക്കുന്നുവെന്നത് ശാസ്ത്ര രീതിയിൽ ചിന്തിച്ചാൽ അതൊരു അത്ഭുതമാണ്. കാവ്യരീതിയിൽ കണ്ടാൽ അതൊരു നക്ഷത്ര ലോക സഞ്ചാരംപോലെ ആനന്ദമയമാണ്.

മഴ പല കാരണങ്ങളാലും മിഴികളിലും പിറക്കും.
അമ്മ മിഴികളിൽ ഞാനവ പലതവണ ദർശിച്ചിട്ടുണ്ട്. പെയ്തു പെയ്ത് തോർന്നു തോർന്ന് ഒടുക്കം മഴ സമുദ്രമായി അവസാനിക്കുന്നത് മിഴികളിൽ തന്നെയാണ്. മിഴി സമുദ്രം ഒഴുകിയിറങ്ങി നിറയുന്നത് മനസ്സിലേക്കാണ്. നെഞ്ചിൽ തിരമാലകളുടെ ഭാരം താങ്ങാൻ കഴിയാതെ വിലപിക്കുന്നവരുടെ വിലാപ ശബ്ദം മഴക്കുപോലും താങ്ങാൻ കഴിയില്ലെന്നതും സത്യം.

വറ്റിയ പ്രളയം ഏത് നേരവും തിരിച്ചു വീണ്ടും മഴയാവാം. മഴ കാൽക്കീഴിലെ സമുദ്രമാവാൻ അധിക നേരവും വേണ്ട.
…………………

ചിത്രത്തിൽ കോടമുക്ക്.
പോയ വർഷത്തെ പ്രളയത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴയും ജലവും ഉയർന്നത് എവിടം വരെയെന്ന് അടയാളപ്പെടുത്തിയ മഞ്ഞ ഫലകം ഇലക്ട്രിക്ക് പോസ്റ്റിൽ കാണാം. പുറകിൽ കാണുന്ന പുഴ ഈ ഉയരത്തോളം വളർന്ന് ആ ഭൂതലം മുഴുവൻ വ്യാപിച്ചു. പിന്നീടെപ്പോഴോ ഇറങ്ങിയകന്ന് പുഴയെ പുഴക്ക് തന്നെ തിരിച്ചു നൽകി.

ഇപ്പോൾ പുറത്ത് നല്ല മഴ പെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button