GeneralLatest NewsMollywood

തികച്ചും നന്ദികേടായിപ്പോയി; വിമര്‍ശനവുമായി വിനയന്‍

ആറു വർഷം മുമ്പ് ഇതുപോലൊരു ദിവസം നിരവധി മന്ത്രിമാർ പങ്കെടുത്ത ഒരു തറക്കല്ലിടീൽ ചടങ്ങ് ഇതേ കെട്ടിടത്തിനു വേണ്ടി നടന്നതാണ്.

പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫിസ് ഉദ്ഘാടനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. കൊച്ചി പുല്ലേപ്പടിയിലെ അരങ്ങത്ത് ക്രോസ് റോഡിലാണ് മലയാള സിനിമാ നിര്‍മാതാക്കള്‍ ആധുനിക സൗകര്യങ്ങളോടെ സൗകര്യങ്ങളോടെ ആസ്ഥാന മന്ദിരം നിര്‍മിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ആസ്ഥാനം തുറന്നു കൊടുത്തത്. മലയാള സിനിമയിലെ കാരണവര്‍ മധു പുതിയ കെട്ടിടത്തില്‍ നിലവിളക്കു കൊളുത്തുകയും ചെയ്തു. എന്നാല്‍ സംഘടനാംഗങ്ങൾ മുന്‍സെക്രട്ടറി ശശി അയ്യഞ്ചിറയോട് നന്ദികേട് കാണിച്ചെന്ന് വിനയന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ വിമര്‍ശിച്ചു.

”പ്രസിഡന്റ് സുരേഷ്കുമാർ, കെട്ടിടം നിൽക്കുന്ന സ്ഥലം വാങ്ങിയ മുൻ സെക്രട്ടറി ശശി അയ്യഞ്ചിറയ്ക്കു നന്ദിപറഞ്ഞത് എല്ലാവരും കേട്ടു കാണും. പക്ഷേ ശശി വാങ്ങിയ സ്ഥലത്തിന് ആധാരമില്ല, തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനെപ്പോലെ ഒരു ജനറൽ ബോഡിയിൽനിന്ന് ആറു വര്‍ഷം മുൻപ് ഇറക്കിവിട്ടത്, നമ്മുടെ രഞ്ജിത്തും സിയാദ് കോക്കറും ആന്റോ ജോസഫും സുരേഷും ഒക്കെ ചേർന്നായിരുന്നു. ആ ശശി അയ്യഞ്ചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയിൽ ടിവിയുടെ മുന്നിൽ ചടങ്ങു കണ്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആ ചടങ്ങിൽ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി.” – വിനയന്‍ പറഞ്ഞു

വിനയന്റെ കുറിപ്പ് വായിക്കാം

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഇന്നലത്തെ ഉൽഘാടനച്ചടങ്ങ് ഭംഗിയായി നടന്നു. വളരെ സന്തോഷം. ചടങ്ങ് ധന്യമാക്കിയ ആദരണീയനായ മധുസാറിനും പ്രിയങ്കരരായ മമ്മൂട്ടി, മോഹൻ ലാൽ എന്നിവരോടും നമുക്കു നന്ദി പറയാം.. പക്ഷേ ആ ചടങ്ങിൽ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാര്യം ഇവിടെ പറയാതെ പോയാൽ മനസിനു സമാധാനം കിട്ടില്ല.. ഇന്നലത്തെ മീറ്റിംഗിൽ പ്രസിഡന്റ് സുരേഷ്കുമാർ കെട്ടിടം നിൽക്കുന്ന സ്ഥലം വാങ്ങിയ മുൻസെക്രട്ടറി ശശിഅയ്യൻചിറക്കു നന്ദിപറഞ്ഞത് എല്ലാരും കേട്ടു കാണും.

പക്ഷേ ശ്രീ ശശി വാങ്ങിയസ്ഥലത്തിന് ആധാരമില്ല തട്ടിപ്പാണ് എന്നു പറഞ്ഞ് കള്ളനേപ്പോലെ ഒരു ജനറൽ ബോഡിയിൽ നിന്ന് ആറു വര്‍ഷം മുൻപ് ഇറക്കിവിട്ടത്.. നമ്മുടെ രൻജിത്തും, സിയാദ് കോക്കറും, ആന്റോ ജോസഫും, സുരേഷും ഒക്കെ ചേർന്നായിരുന്നു. ആ ശശി അയ്യൻചിറ ഒരു സീറ്റു പോലും കിട്ടാതെ വെളിയിൽ ടിവിയുടെ മുന്നിൽ ചടങ്ങു കണ്ടു കൊണ്ട് നിൽപ്പുണ്ടായിരുന്നു. അദ്ദേഹത്തെക്കൊണ്ട് ഒരു വാക്ക് പോലും ആ ചടങ്ങിൽ പറയിപ്പിക്കാഞ്ഞത് തികച്ചും നന്ദികേടായിപ്പോയി.

ഒരു നല്ല ചടങ്ങിൽ കല്ലുകടി ഉണ്ടാക്കേണ്ട എന്നു ശ്രീ ശശി കൂടി പറഞ്ഞതു കോണ്ടാണ് ആശംസപറയാൻ എന്നെ വിളിച്ചപ്പോൾ അതിനേപ്പറ്റി ഒരു വാക്കും പരാമർശിക്കാതിരുന്നത്. എന്നെ വിളിച്ചില്ലെങ്കിലും കുഴപ്പമില്ല വിനയേട്ടാ ഞാൻ വാങ്ങിയ സ്ഥലത്താണല്ലോ കെട്ടിടം പണിതത് അതുമതി എന്ന് ശശി പറഞ്ഞപ്പോൾ അയാടെ ശബ്ദം ഇടറിയത് ഞാൻ ശ്രദ്ധിച്ചു. ഇത്ര നെറി കേടു കാട്ടിയിട്ടു വേണോ സുഹൃത്തുക്കളേ ഇതു പോലുള്ള ചടങ്ങ് നടത്തേണ്ടത്. ഇന്ന് ആ ചടങ്ങിൽ പങ്കെടുത്ത അതിഥികളും നിഷ്പക്ഷമതികളും ഒന്നോർക്കണം.

ആറു വർഷം മുമ്പ് ഇതുപോലൊരു ദിവസം നിരവധി മന്ത്രിമാർ പങ്കെടുത്ത ഒരു തറക്കല്ലിടീൽ ചടങ്ങ് ഇതേ കെട്ടിടത്തിനു വേണ്ടി നടന്നതാണ്. ഇന്നലെ വല്യവായിൽ നേട്ടം പറഞ്ഞ നേതാക്കളെല്ലാം അന്ന് ആ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. എന്താണതിന്റെ കാരണം.. ? ശശി അയ്യൻചിറ രണ്ടു കോടിക്കു തീർക്കാൻ വേണ്ടി കോൺട്രാക്ട് കൊടുക്കാൻ തുടങ്ങിയ വർക്ക് ഇപ്പോൾ ഏഴര കോടി വരെ ആയെങ്കിൽ, ശശിയെ പുറത്താക്കി ആ ജോലിയൊക്കെ ഞങ്ങളു ചെയ്യിച്ചോളാം എന്നു പറഞ്ഞ ഇന്നലെ വേദിയിലിരുന്ന സുഹൃത്തുക്കളേപ്പറ്റി.. അഴിമതിയടെ സംശയം ആരെങ്കിലും പറഞ്ഞാൽ, അവരെ തെറ്റു പറയാൻ പറ്റുമോ? അതിനൊക്കെ വിശദീകരണം വരും കാലങ്ങളിൽ തരേണ്ടി വരും സംശയമില്ല.

അതൊക്കെ പൊതുപ്രവർത്തനത്തിന്റെ ഭാഗമാണ്. അതിനാരോടും പരിഭവിച്ചിട്ടു കാര്യമില്ല. ഇത്തരം കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയം തന്നെ ആയിരിക്കും. സാധാരണ അംഗത്തിന്റെ സാറ്റ്‍ലൈറ്റ് പിച്ചക്കാശിനു പോലും പോകാതെ ഇരിക്കുമ്പോൾ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും തല്ലിപ്പൊളി പടങ്ങൾ ലക്ഷങ്ങൾക്കും കോടികൾക്കും വിൽക്കുന്നത് സംഘടനയുടെ പേരിൽ നടത്തുന്ന അഴിമതി അല്ലേ..? അതിനുത്തരം പറയാതെ ഈ ഇലക്ഷനിൽ നിങ്ങളെ നമ്മുടെ അംഗങ്ങൾ വെറുതേ വിടുമെന്നു തോന്നുന്നുണ്ടോ? നിരന്തരം ഗീബൽസിയൻ നുണ പറഞ്ഞ് ആറുവർഷം തെരഞ്ഞെടുപ്പു നടത്താതെ സ്വന്തം കാര്യം കണ്ടതിനു മറുപടി പറയേണ്ടി വരില്ലേ?

എല്ലാ അംഗങ്ങളുടേയും വിയർപ്പിന്റെ വിലയായ നമ്മുടെ ഓഫീസിന്റെ ഉത്ഘാടനം ഒരു വിഭാഗത്തിന്റെ മാത്രം വിജയമാക്കി മാറ്റി വോട്ടു തട്ടാമെന്നു ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കിൽ നിർമ്മാതാക്കളെ അത്ര അണ്ടർ എസ്റ്റ്മേറ്റു ചെയ്യരുത് എന്നേ പറയാനുള്ളു. ഈ തെരഞ്ഞെടുപ്പ് ഒരു മാറ്റത്തിനു വേണ്ടിയുള്ളതാണ്. എല്ലാവർക്കും നീതിയും തുല്യതയും കിട്ടുന്നതിനു വേണ്ടി. ഇതിനു മുൻപു ചെയ്തിട്ടുള്ളതു പോലെ പൊള്ള വാഗ്ദാനങ്ങളും തട്ടിപ്പും നടത്തി കുറച്ചു പേരുടെ കുടികെടപ്പായി അസോസിയേഷനെ മാറ്റാൻ അഭിമാനബോധമുള്ളവർ സമ്മതിക്കില്ല. അതിനായി 27 ാം തീയതി വരെ കാത്തിരിക്കാം… നന്ദി….’–വിനയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button