CinemaGeneralMollywoodNEWS

ജീവിത സിനിമയിൽ അവനും ഒന്നാം റാങ്ക് നേടി : സംവിധായകന്‍ കെ കെ ഹരിദാസിന്‍റെ ഓര്‍മകളില്‍ രഘുനാഥ് പലേരി

ചേട്ടാ ഒരു സിനിമ കിട്ടിയിട്ടുണ്ട്. കഥയും അതിനൊരു തിരക്കഥയും തന്നാൽ എനിക്ക് ആ സിനിമ ചെയ്യാൻ പറ്റും. സഹായിക്കുമോ

‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സിനിമാ സംവിധായകനായി തുടക്കം കുറിച്ച ഹരിദാസിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26നായിരുന്നു ഒരുപിടി നര്‍മ ചിത്രങ്ങള്‍ പറഞ്ഞ കെകെ ഹരിദാസ്‌ നമ്മോട് വിട പറഞ്ഞത്, ‘വധു ഡോക്ടറാണ്’ എന്ന അദ്ദേഹത്തിന്‍റെ ശ്രദ്ധേയ ചിത്രം സംഭവിച്ച സാഹചര്യത്തെക്കുറിച്ചും കെകെ ഹരിദാസ്‌ എന്ന പച്ചയായ മനുഷ്യനെക്കുറിച്ചും തിരക്കഥാകൃത്ത്  രഘുനാഥ് പലേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്ന്.

രഘുനാഥ് പലേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

സൗഹൃദം വാത്സല്ല്യ രൂപത്തിൽ അവതരിച്ചു പോകുന്ന ചില ബന്ധങ്ങൾ ഉണ്ടാവും ജീവിതത്തിൽ. അങ്ങിനൊരു ചങ്ങാത്തമായിരുന്നു ഹരിദാസുമായിട്ട്. ഹരിദാസ് എന്നു പറഞ്ഞാൽ ധാരാളം നിരുപദ്ര ഹാസ്യ സിനിമകളുടെ സംവിധായകൻ ശ്രീ കെകെ ഹരിദാസ്. ശ്രീ രാജസേനന്റെ ഒരു സിനിമാ ജോലിക്കിടയിലാണ് സഹസംവിധായകനായി വിയർത്ത് ജോലിചെയ്യുന്ന ഹരിദാസിനെ കൂടുതൽ പരിചയപ്പെടുന്നതും നിത്യവും കാണുന്നതും തോളിൽ കയ്യിട്ട് നടക്കുന്നതും എല്ലാം. ശുദ്ധ നർമ്മം മനസ്സിൽ സൂക്ഷിക്കുന്ന ഒരാൾ. പുഞ്ചിരിക്കുന്ന മുഖം. വിഷമങ്ങളെല്ലാം ഉള്ളിലെങ്ങോ ഉപ്പിലിട്ടു സൂക്ഷിക്കുന്നവന്റെ ഇടക്കിടെയുള്ള സങ്കടം പറച്ചിൽ. ഇത്തിരി തത്വചിന്ത. അത് അനുഭവങ്ങൾ കടഞ്ഞാട്ടിയ വെണ്ണപോലെ മനസ്സിൽ ഊറിക്കിടക്കുന്നത് ഇടക്കിടെ വർത്തമാനത്തിനിടയിൽ പുറത്തു വരുന്നതൊഴിച്ചാൽ കണ്ടുമുട്ടിയ അപൂർവ്വ സന്ദർഭങ്ങളിലെല്ലാം ചിരിച്ചും രസിച്ചും എന്തെങ്കിലും പറഞ്ഞ് യാത്ര പറയുന്ന ഒരാൾ. ഉൾവലിഞ്ഞ മുഴക്കമുള്ള ശബ്ദത്തിൽ രഘുവേട്ടാ വിളിയും ഒരു തലോടലായി അനുഭവപ്പെട്ടിരുന്നു. അന്ന് ഞാൻ ചെന്നൈവാസി ആയിരുന്നു. അണ്ണാനഗറിലെ തിരുമംഗലത്ത് മൂന്നു നിലയുള്ള ക്ലാസിക്ക് അപ്പാർട്ട്‌മെന്റിൽ മൂന്നാം നിലയിലെ രണ്ടു വീടുകളിലൊന്നിൽ മുകളിലാകാശവും താഴെ ഭൂമിയുമായി ഞാനും എന്റെ സിനിമയും മോളും മോളുടെ അമ്മയും. സ്വതന്ത്ര സംവിധായകാനാകാൻ ഒരവസരം കിട്ടിയതും കരളുറപ്പോടെ ഹരിദാസ് കയറി വന്നത് അവിടേക്കാണ്. മുഖവുരയില്ലാതെ കാര്യം പറഞ്ഞു.
“ചേട്ടാ ഒരു സിനിമ കിട്ടിയിട്ടുണ്ട്. കഥയും അതിനൊരു തിരക്കഥയും തന്നാൽ എനിക്ക് ആ സിനിമ ചെയ്യാൻ പറ്റും. സഹായിക്കുമോ.”

സഹായിക്കാംന്ന് വാക്കു കൊടുത്തു.
വെറുതെ ചോദിച്ചു.
”ആരാണ് നായകൻ.”
ഉത്തരം കിട്ടി.
”ജയറാം.”
”നിർമ്മാതാവ്..”
”രണ്ടുമൂന്നു പേർ ഒന്നിച്ചു ചേർന്നുള്ളൊരു സംരംഭമാണ്.”
”നടക്കുംന്ന് ഉറപ്പാണോ.”
”ഉറപ്പാണ്.”

ആ ഉറപ്പിൽ ഒരു തിളങ്ങുന്ന ദൈന്യത കണ്ടു. ഒരു സിനിമ ഉണ്ടാവുക ഹിമാലയം ഉള്ളം കയ്യിൽ വാരിയെടുക്കുംപോലെയാണ്. ആദ്യ സംവിധാനം, ആദ്യ മരണത്തിനും ആദ്യ ജനനത്തിനും തുല്ല്യമാണ്. സൃഷ്ടിയെക്കുറിച്ച് വീമ്പടിക്കുക എളുപ്പമാണ്. സൃഷ്ടിക്കുക അതികഠിനമാണ്.
ഹരിദാസ് കുറെ നേരം മിണ്ടാതിരുന്നു. മനസ്സിൽ പരശ്ശതം സ്റ്റാർട്ടും കട്ടും പറയുകയാവും.
മനസ്സ് അങ്ങിനെയാണ്. തീയില്ലെങ്കിലും അത് തിളക്കും. വെയിലില്ലെങ്കിലും വറ്റും. മഴയില്ലെങ്കിലും നിറയും.
ഒരു കഥ മനസ്സിലുണ്ടായിരുന്നു. അതിനൊരു തിരക്കഥയും. ഹരിദാസിന്നു മുന്നിൽ ഇരുന്നു തന്നെ ജയറാമിനെ വിളിച്ചു. അപൂർവ്വമായി കിട്ടുന്ന ആ ശബ്ദവും ഭാഗ്യത്തിന് കാതിൽ വീണു. കാര്യങ്ങൾ കയ്യോടെ തീർത്തേക്കാം എന്ന ഉദ്ദേശത്തോടെ ഹരിദാസ് കേൾക്കേ അവന്റെ സന്ദർശന കാര്യം പറഞ്ഞു. ആ സന്ദർശന ഉദ്ദേശം ജയറാം നേരത്തെ അറിഞ്ഞിരുന്നു. അദ്ദേഹത്തിനും സന്തോഷമേയുള്ളു.
മനസ്സിലുള്ള കഥയുടെ ആശയം പറഞ്ഞു. “ഡോക്ടറാവാൻ ആഗ്രഹിച്ച് എഞ്ചിനീയറാവേണ്ടി വന്ന നായകന്റെ ജീവിതാഭിലാഷമായിരുന്നു ഒരു ഡോക്ടറെ തന്നെ ഭാര്യയായി കിട്ടണമെന്ന്. ആ ചിന്തയുടെ മൂർദ്ധന്യത്തിൽ ഒരു ഡോക്ടറെ എഞ്ചിനീയർ തന്നെ കണ്ടെത്തി. മനസ്സ് തുടിച്ചു. വീട്ടുകാരും നാട്ടുകാരും ആഹ്‌ളാദിച്ചു. വിവാഹം ആലോചിച്ചു ചെന്നപ്പോൾ ഡോക്ടറുടെ വീട്ടുകാർക്കും ആനന്ദം. പിന്നെ താമസിച്ചില്ല. ഡോക്ടറെ കെട്ടുന്ന കാര്യം സകലരോടും കൊട്ടിഘോഷിച്ചു. ആവേശം കാരണം ചികിത്സക്കായി പരിചയക്കാരെ ക്ഷണിച്ചു. എന്നാൽ കെട്ട് കഴിഞ്ഞിറങ്ങും വേളയിൽ പെട്ടെന്ന് മനസ്സിലാകുന്നു, വധു ഒരു മൃഗഡോക്ടറെയാണെന്ന്.”
അത്രയേ പറഞ്ഞുള്ളു.
ജയറാമും ഹരിദാസും പൊട്ടിച്ചിരിച്ചു.
ഹരിദാസെന്ന നവവരൻ നവസംവിധായകനായി.
എഞ്ചിനീയറുടെ വധു, ഡോക്ടറായി.

ഹരിദാസിനെ അവസാനം കാണുന്നത് ഇടപ്പള്ളി ശ്മാശനത്തിൽ വെച്ചാണ്.അവിടെ അവനും ഞാനും തനിച്ചായിരുന്നു.

ജീവിത സിനിമയിൽ അവനും ഒന്നാം റാങ്ക് നേടി.
ഇനി ഞാൻ തനിച്ചാവുമ്പോൾ അവന് വരാൻ പറ്റില്ലെന്നതാണ് ആ റാങ്കിന്റെ സൗന്ദര്യവും.

……………………….
ചിത്രത്തിൽ, സിനിമയിലെ എഞ്ചിനീയർ സിദ്ധാർത്ഥനും കുഞ്ഞമ്മാവനും. താൻ സ്വപ്നം കണ്ട ഡോക്ടറല്ല വധു എന്നറിഞ്ഞ നിരാശയിൽ കിടപ്പുമുറിയിൽ നിന്നും തിണ്ണയിലേക്ക് താമസം മാറ്റിയ എഞ്ചിനീയറോട് കുഞ്ഞമ്മാവൻ കയർത്തു.
”അകത്ത് ഭാര്യ മണിയറേം ഒരുക്കി മുല്ലപ്പൂം ചൂടി കാത്തിരിക്കുമ്പഴാ ഇവിടെ ഓരോരുത്തര് പീടിക വരാന്തേല് വിരിപ്പ് വിരിക്കുന്നത്. അകത്തുപോയി കിടക്കൂ സിദ്ധാർത്ഥാ..”
”അകത്ത് കിടക്കണോ പുറത്ത് കിടക്കണോന്ന് ഞാൻ തീരുമാനിച്ചോളാം. വെറുതെ എന്റെ കുടുംബ കാര്യത്തല് ഇടപെടരുത്.”
കുഞ്ഞമ്മാവൻ ചൂടായി,
”പറയണത് കേൾക്കൂ..”
കേൾക്കാതെ സിദ്ധാർത്ഥൻ അതിലും ചൂടായി.
”കുഞ്ഞമ്മാവനും ഉണ്ടല്ലൊ ഒരു ഭാര്യ. അവർക്കും ഉണ്ടായിരുന്നല്ലൊ ഒരു മണിയറ. അവരെ പിടിച്ച് പുറത്താക്കി മണിയറേടെ വാതിലും ചവിട്ടിപ്പൊളിച്ച് കുഞ്ഞമ്മാവൻ ഇപ്പോ എവിടെയാ കിടക്കുന്നത്..”
സത്യം തിരിച്ചറിയുന്ന കുഞ്ഞമ്മാവന് സങ്കടം വന്നു. സത്യം പറഞ്ഞു.
”അതൊരബദ്ധായിപ്പോയീന്ന് ചില നിലാവുള്ള രാത്രികളിൽ എനിക്കും തോന്നാറുണ്ട്.”
സിദ്ധാർത്ഥൻ കാര്യമായി ചോദിച്ചു.
”ഇപ്പഴും നല്ല നിലാവുണ്ട്. ഇറങ്ങിച്ചെന്നൂടേ..”

ഇന്നലെ വീണ്ടും ആ സിനിമ കണ്ടു. മനസ്സിൽ അവനെയും.

shortlink

Related Articles

Post Your Comments


Back to top button