Latest NewsMollywoodNostalgia

അയാള്‍ കൊലക്കേസിലെ ഒന്നാം പ്രതി; വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണമെന്നു മോഹന്‍ലാല്‍

സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം

ഗ്രാമീണമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകള്‍ ഇടം നേടിയ ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാടും താര രാജാവ് മോഹന്‍ലാലും തമ്മില്‍ നീണ്ട വര്‍ഷങ്ങളുടെ സൌഹൃദമുണ്ട്. ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ ഒരാളെ കുറച്ചു ദിവസം തന്റെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിക്കാന്‍ എന്നാ ആവശ്യവുമായി മോഹന്‍ലാല്‍ എത്തിയതിനെക്കുറിച്ച് പങ്കുവയ്ക്കുന്നു.

മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ ആ സംഭവം താരം പറയുന്നതിങ്ങനെ.. നാടോടിക്കാറ്റ് തിയേറ്ററുകളില്‍ തകര്‍ത്ത് ഓടികൊണ്ടിരിക്കുന്ന സമയം. മോഹന്‍ലാലും സെഞ്ച്വറി ഫിലിംസിലെ കൊച്ചുമോനും അന്തിക്കാട്ടെ തന്റെ വീട്ടിലേയ്ക്ക് എത്തി. അത്യാവശ്യമായി ഇപ്പോള്‍ വീട്ടില്‍ വന്നത് ‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിര് പറയരുത്.” എന്ന് സ്വകാര്യമായി മോഹന്‍ലാല്‍ പറഞ്ഞു.

അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയുടെ നിര്‍മാതാവായിരുന്നു. എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളില്‍കാണാം – പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചുപെറുക്കുന്നു,ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടില്‍ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാല്‍ എത്തിയിരിക്കുന്നത്.

‘നടക്കില്ല’ ഞാന്‍ തറപ്പിച്ചു പറഞ്ഞു. ‘അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.”

”ലാലേ, ഒരു കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുക എന്ന് പറയുന്നതും വലിയ കുറ്റം തന്നെയാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെടാവുന്ന കുറ്റം. വെറുതെ എന്റെ സമാധാനം കളയരുത്.”

ലാല്‍ എന്റെ രണ്ടുകൈയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.

”ഞാനദ്ദേഹത്തിന് വാക്കുകൊടുത്തു. അതുകൊണ്ടാണ്. രണ്ടേ രണ്ടുദിവസം.”

മറുപടിക്ക് വാക്കുകള്‍ കിട്ടാതെ ഞാന്‍ പതറി. എങ്കിലും പെട്ടെന്ന് കിട്ടിയ ന്യായം പറഞ്ഞു.

”ഇതെന്റെ തറവാടാണ്. ഇവിടെയെന്റെ ചേട്ടനും കുടുംബവുമൊക്കെയുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകും. ഞാനൊരു വീട് പണിതുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായിട്ടാണെങ്കില്‍ എനിക്കുമാത്രം തീരുമാനമെടുക്കാമായിരുന്നു. ഇവിടെ എന്തായാലും പറ്റില്ല. ചേട്ടനും അമ്മയുമൊന്നും സമ്മതിക്കില്ല.”

അപ്പൊ ലാലിന്റെ അടുത്ത നിര്‍ദേശം-

”വീട്ടുപണിക്കാരുടെകൂടെ നിര്‍ത്തിയാല്‍ മതി. ഒരു കൈലിമുണ്ടും ബനിയനും കൊടുത്താല്‍ പുള്ളി അവിടെ പണിക്കാരനായി നിന്നോളും. മണ്ണ് ചുമക്കുകയോ സിമന്റ് കൂട്ടുകയോ എന്തുവേണമെങ്കിലും ചെയ്യും. രണ്ടുദിവസം ഒന്ന് കടന്നു കിട്ടിയാല്‍ മതി.” സൗമ്യത വെടിയാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. ഇനിയിപ്പൊ ഈ കാരണംകൊണ്ട് മോഹന്‍ലാല്‍ പിണങ്ങിയാലും വിരോധമില്ല.

”പറ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്‌നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.”

”അയ്യോ.. ഇവിടെവരെ എത്തിയിട്ട് ഒരു ചായപോലും തരാതെ പറഞ്ഞുവിടുകയാണോ?”

അപ്പോള്‍ ലാലിന്റെ കണ്ണുകളില്‍ ഒരു കള്ളച്ചിരി ഞാന്‍ കണ്ടു. കള്ളച്ചിരി പൊട്ടിച്ചിരിയായി മാറി. കൊച്ചുമോനും ആര്‍ത്തലച്ച് ചിരിക്കാന്‍ തുടങ്ങി.

കാറില്‍ പ്രതി പോയിട്ട് ഒരു സാക്ഷിപോലുമില്ലെന്ന് അപ്പോഴാണ് തനിക്ക് മനസ്സിലാവുന്നത്. അഭിനയം മോഹന്‍ലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പിന്നീട് ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഈ കഥ പറഞ്ഞ് ലാല്‍ തന്നെ കളിയാക്കാറുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button