BollywoodCinemaGeneralLatest NewsNEWS

സിനിമ മേഖലയില്‍ നിന്ന് വളരെ വലിയ അവഗണന അനുഭവിച്ചിട്ടുണ്ട് ; മനസ്സ് തുറന്ന് പ്രിയങ്ക ചോപ്ര

അന്ന് ആ സങ്കടം മുഴുവന്‍ അച്ഛന്റെ തോളില്‍ വീണ് കരഞ്ഞു തീര്‍ക്കുകയായിരുന്നു

ബോളിവുഡിന്റെ പ്രിയതാരമാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള വിവാഹ ശേഷവും പ്രിയങ്ക സിനിമ മേഖലയില്‍ സജീവമാണ്. എന്നാൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ മേഖലയില്‍ താന്‍ വളരെ വലിയ രീതിയിലുള്ള അവഗണന അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയങ്ക.

സംവിധായകന്റെയോ നായകന്റെയോ പെണ്‍സുഹൃത്തുക്കള്‍ക്കും കാമുകിമാര്‍ക്കും വേണ്ടി തന്റെ വേഷങ്ങള്‍ പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഈ കാര്യങ്ങളെ കുറിച്ച് പറയുന്നത്.

‘നീ ഒരു അഭിനേത്രിയാണ്. അഭിനേത്രികളേയേ മാറ്റാന്‍ പറ്റൂ’. കരിയറിന്റെ തുടക്കത്തില്‍ ഒരു നിര്‍മാതാവില്‍ നിന്നു കേട്ട വാക്കുകളിങ്ങനെയാണ്. അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് എനിക്കായി പറഞ്ഞുവച്ച വേഷങ്ങള്‍ മറ്റു പലര്‍ക്കുമായി നല്‍കിയിട്ടുണ്ട്. രണ്ടു പ്രാവശ്യം മാറ്റിയത് കൃത്യമായി ഞാനോര്‍ക്കുന്നുണ്ട്. ഒരിക്കല്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞാണ് എന്റെ വേഷം മറ്റൊരാള്‍ക്ക് കൊടുത്തത് ഞാനറിഞ്ഞത്. മറ്റൊരിക്കല്‍ മാധ്യമ വാര്‍ത്തയിലൂടെയാണ് ഞാനതറിഞ്ഞത്. അന്ന് ആ സങ്കടം മുഴുവന്‍ അച്ഛന്റെ തോളില്‍ വീണ് കരഞ്ഞു തീര്‍ക്കുകയായിരുന്നു. എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യത്തോടെ കരഞ്ഞു തളര്‍ന്ന എന്നോട് ഇക്കാര്യത്തില്‍ നീ എന്താണ് ചെയ്യാന്‍ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അടുത്ത ചിത്രം മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഞാൻ എനിക്ക് തന്നെ ഉറപ്പു നല്‍കി.

ഈ മേഖലയെക്കുറിച്ച് നന്നായി പഠിക്കുമെന്നും. ചിലപ്പോള്‍ ചിത്രങ്ങള്‍ നന്നായില്ലെങ്കില്‍പ്പോലും ആ ചിത്രത്തിലെ എന്റെ പ്രകടനം മാക്സിമം നന്നാക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാഹചര്യങ്ങളുടെ ഇരയാവരുതെന്ന് ഞാനപ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. എന്താണ് മനസ്സില്‍ തോന്നുന്നതെന്ന് മനസ്സിലാക്കാനായി കുറച്ചു ദിവസങ്ങള്‍ ചിലവഴിച്ചു. ഞാന്‍ ശക്തയാണ്, ധീരയാണ്. കരുത്തുള്ള ഒരു പെണ്‍കുട്ടിയായാണ് എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയിരിക്കുന്നത്. പക്ഷേ അതിന്റെയര്‍ഥം എന്റെ വികാരങ്ങള്‍ ഒരിക്കലും മുറിപ്പെട്ടിട്ടില്ല എന്നല്ല, സമ്മര്‍ദ്ദം, അരക്ഷിതാവസ്ഥ എന്നീ വികാരങ്ങളുള്ള മോശം ദിവസങ്ങളിലൂടെ കടന്നുപോയിട്ടില്ലെന്നുമല്ല. അത്തരം വികാരങ്ങളെ പൊതുവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തയാറായില്ല എന്നുമാത്രം. എപ്പോഴും എനിക്കു ചുറ്റും എന്നെ പിന്തുണയ്ക്കുന്ന ആളുകളുണ്ടായിരുന്നു.

ചിലര്‍ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ പേരില്‍ കരാറായ ചിത്രങ്ങളില്‍ നിന്നുവരെ തുടക്കകാലത്ത് ഞാന്‍ പുറത്തായിട്ടുണ്ട്. ചിലരുടെയൊക്കെ പെണ്‍സുഹൃത്തുക്കള്‍ക്കുവേണ്ടിയുള്ള ശുപാര്‍ശകളുടെ പേരിലായിരുന്നു അതൊക്കെയും. എനിക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ശക്തനായ ഒരു പുരുഷന്റെ പ്രതിശ്രുതവധുവോ അടുപ്പക്കാരിയോ ആകാത്തതു കൊണ്ട് പലപ്പോഴും പല ചിത്രങ്ങളില്‍ നിന്നും അവസാന നിമിഷം ഞാന്‍ പുറത്തായിട്ടുണ്ട്.പ്രിയങ്ക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button