CinemaGeneralLatest NewsMollywoodNEWS

‘നല്ല മനുഷ്യർ മാത്രമുള്ള ഒരു ലോകമല്ലല്ലോ നമ്മുടേത്’, പാ‍ര്‍വതി തിരുവോത്തിൻ്റെ വിവാദ പ്രസ്താവനയിൽ വിയോജിപ്പ് രേഖപ്പെടുത്തി നടി അനുമോൾ

ഒരു നടിയുടെയോ നടൻ്റെയോ ഉത്തരവാദിത്തം എന്നത് ലഭിക്കുന്ന വേഷം വൃത്തിയായി ചെയ്യുക എന്നതാണ്

അടുത്തിടെ ഏറെ ചര്‍ച്ചയായ ഒരു വിഷയമായിരുന്നു നടന്മാര്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിക്കേണ്ടതുണ്ട് എന്ന നടി പാര്‍വതി തിരുവോത്തിൻ്റെ പ്രസ്താവന. ഉദാഹരണമായി നടി ചൂണ്ടിക്കാട്ടിയത് നടൻ വിജയ് ദേവരക്കൊണ്ടയുടെ അര്‍ജ്ജുൻ റെഡ്ഡി എന്ന ചിത്രമായിരുന്നു. ഇതിന് മറുപടിയുമായി വിജയ്‍‍യും രംഗത്തെത്തിയിരുന്നു.

ആരാധനാ പാത്രങ്ങളായുള്ള താരങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ആരാധകരുടെ സ്വഭാവത്തെ പോലും സ്വാധീനിക്കുമെന്നത് അടക്കമുള്ള ആരോപണങ്ങൾ പാര്‍വതി ഉന്നയിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ് എന്ന് പാര്‍വതി തുറന്നടിച്ചിരുന്നു. ഒരാളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് സിനിമ മാത്രമല്ല നിരവധി ഘടകങ്ങളുണ്ടെന്നാണ് നടൻ ഈ പ്രസ്താവനയ്ക്ക് മറുപടിയായി പറഞ്ഞത്. എന്നാൽ ഇതേകാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് നടി അനുമോൾ

ഒരു നടിയുടെയോ നടൻ്റെയോ ഉത്തരവാദിത്തം എന്നത് ലഭിക്കുന്ന വേഷം വൃത്തിയായി ചെയ്യുക എന്നതാണ് എന്നാണ് അനുമോൾ പറയുന്നത്. അതിനൊപ്പം തന്നെ സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുന്ന അത്രത്തോളം സമൂഹത്തോട് ഇഴചേര്‍ന്നു നിൽക്കുന്ന പൊതുപ്രശ്നങ്ങളുന്നയിക്കുന്ന സിനിമകളും ചെയ്യണമെന്നതാണ് തൻ്റെ ആഗ്രഹം. താൻ വെടിവഴിപാട് എന്ന ചിത്രം ചെയ്തപ്പോൾ ഒരുപാടാളുകൾ പല രീതിയിൽ പലഭാഗത്തു നിന്ന് അത് ചെയ്യരുത് എന്നാവശ്യപ്പെട്ടിരുന്നു. മലയാളത്തിലെ പതിമൂന്നോളം നടിമാര്‍ അവഗണിച്ച കഥാപാത്രമായിരുന്നു അത്. പക്ഷേ ഇന്നും ഈ സിനിമയിലെ രംഗങ്ങൾ ഉയര്‍ത്തിക്കാട്ടി അസഭ്യം പറയാറുണ്ട്. എന്നാൽ ഒരു നടി എന്ന നിലയിൽ ഒരു അഭിസാരികയുടെ വേഷം ചെയ്യില്ല എന്ന് പറയാൻ സാധിക്കില്ല, കാരണം അത്തരത്തിലുള്ളവര്‍ കൂടി ജീവിക്കുന്നതാണ് നമ്മുടെ സമൂഹം. അല്ലാതെ നല്ലവര്‍ മാത്രം ജീവിക്കുന്നതല്ല ഈ സമൂഹം. ഇങ്ങനെ ജീവിക്കുന്നവരെയും സിനിമകളിൽ രേഖപ്പെടുത്തണം.

കസബയുടെ കാര്യം എടുക്കുകയാണെങ്കിൽ അങ്ങനെയുള്ള പോലീസ് ഓഫീസര്‍മാരുണ്ടാകും നമ്മുടെ ഈ സമൂഹത്തിൽ. മമ്മൂട്ടി എന്ന് പറയുന്ന ഒരു നടന് അത് ചെയ്യില്ല എന്ന് പറയാൻ പറ്റില്ല. ഇക്കാര്യത്തിൽ സത്യത്തിൽ കുറ്റം ആരോപിക്കപ്പെടേണ്ടത് എഴുത്തുകാരനെയും സംവിധായകനെയുമാണ് എന്നാണ് തനിക്ക് തോന്നുന്നതെന്ന് അനുമോൾ ചൂണ്ടിക്കാട്ടുന്നു. ഇത്ര മോശമായിട്ടുള്ള ഒരു കഥാപാത്രം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അനുമോൾ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തോട് പ്രതിബദ്ധതയുള്ള കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ ഒരു പരിധി വരെ മാത്രമേ നടന്മാര്‍ക്കും നടിമാര്‍ക്കും സാധിക്കുകയുള്ളൂ എന്നും അനുമോൾ കൂട്ടിച്ചേര്‍ത്തു. എപ്പോഴും നല്ല മനുഷ്യർ മാത്രമുള്ള ഒരു ലോകമല്ലല്ലോ നമ്മുടേതെന്നും അനുമോൾ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button